എം ശിവശങ്കറെ തുടർച്ചയായി രണ്ടാം ദിവസവും കസ്റ്റംസ് ചോദ്യം ചെയ്യുന്നു.

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ടും സ്വർണക്കടത്ത് കേസിലുമാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ഡിജിറ്റൽ തെളിവുകളുടെ വിശദാംശങ്ങളും കസ്റ്റംസ് തേടും.വെള്ളിയാഴ്ച 11 മണിക്കൂറോളം ചോദ്യംചെയ്ത ശേഷം രാത്രി പത്തോടെ അദ്ദേഹത്തെ വിട്ടയച്ചിരുന്നു.

യുഎഇ കോൺസുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ശിവശങ്കറിനെ ഇന്നലെ പതിനൊന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പ്രോട്ടോക്കോൾ ലംഘിച്ച് യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തത് സംബന്ധിച്ചായിരുന്നു ഇന്നലെ ശിവശങ്കറിനോട് പ്രധാനമായും ചോദിച്ചറിഞ്ഞതെന്നാണ് വിവരം. ഇതിന്റെ തുടർച്ചയായായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യൽ.

2017ൽ യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് വിവിധ ഏജൻസികളുടെ അന്വേഷണം നടക്കുന്നത്. എം ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് യുഎഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.

Top