ചണ്ഡിഗഢ്: ഗുരുതരരോഗവുമായി എത്തിയ 11കാരിയെ ഡോക്ടര്‍ പരിശോധിച്ചില്ല. ആശുപത്രിയില്‍ ഡോക്ടറിനായി കാത്തുനിന്നത് 45മിനിട്ട്. ഒടുവില്‍ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു. വൃക്ക രോഗവുമായി ആശുപത്രിയില്‍ എത്തി ചികിത്സ കിട്ടാതെ കുട്ടി മരിക്കുകയായിരുന്നു.
അമ്മയ്ക്കൊപ്പം 45 മിനിട്ടാണ് പെണ്‍കുട്ടി ക്യൂവില്‍ കാത്തു നിന്നത്. ഹരിയാനയിലെ ഗുഡാഗാവിലുള്ള ഒരു സിവില്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
തിങ്കളാഴ്ചയാണ് സംഭവം. ആശുപത്രിയിലെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ നില ഗുരുതരമായിരുന്നു. ഈ സമയം ഡ്യൂട്ടിയില്‍ മതിയായ ജീവനക്കാരുണ്ടായിരുന്നില്ല. പെണ്‍കുട്ടിയും അമ്മയും അഡ്മിഷന് വേണ്ടി ക്യൂവില്‍ കാത്തുനിന്നു. 45 മിനിട്ടിന് ശേഷമായിരുന്നു അഡ്മിഷന്‍ സ്ലിപ്പ് ലഭിച്ചത്. ഈ സമയം പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചിരുന്നു.
സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഹരിയാന ആരോഗ്യവകുപ്പ് മന്ത്രി അനില്‍ വിജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ രമേഷ് ധന്‍കര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ചികിത്സ വൈകുന്നതിന് കാരണക്കാരിയായ അറ്റന്റര്‍ അനിതയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായും അദ്ദേഹം പറഞ്ഞു. അതേസമയം, ചികിത്സ വേഗത്തിലാക്കാന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ലെന്നും ധന്‍കര്‍ പറഞ്ഞു. കുഴഞ്ഞുവീണയുടന്‍ പെണ്‍കുട്ടിയെ അത്യാഹിക വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.