ന്യുഡൽഹി: ഭീമാ കൊറേഗാവ് – എൽഗർ പരിഷദ് കേസിൽ മാവോവാദി ബന്ധം ആരോപിച്ച് എന്‍ ഐഎ അറസ്റ്റ് ചെയ്ത ആദിവാസി അവകാശ പ്രവര്‍ത്തകനും വയോധികനായ ജെസ്യൂട്ട് വൈദികൻ ഫാദർ സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. മുംബൈ ഹോളിഫാമിലി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻനിലനിർത്തുന്നതെന്നാണ് റിപ്പോർട്ട്. 84 കാരനായ ഫാ.സ്റ്റാൻ സ്വാമി ഗുരുതരാവസ്ഥയിലാണെന്ന് സഹപ്രവർത്തകനായ ഫാ. ജോസഫ് സേവ്യർ സ്ഥിരീകരിച്ചു.
ഫാ.സ്റ്റാൻ സ്വാമി സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ആരോഗ്യനില മോശമാണെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായ 2020 ഒക്ടോബർ മുതൽ മുംബൈയിലെ തലോജ ജയിലിൽ കഴിയുകയായിരുന്ന വൈദികനെ ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം നേരത്തേ സബർബൻ ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
പാർക്കിൻസൺ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി ഫാ. സ്റ്റാൻ സ്വാമി നൽകിയ ഹർജിയെത്തുടർന്നാണിത്. സ്വകാര്യാ ശുപത്രിയിൽ പരിശോധനയ്ക്കിടെ ഫാ.സ്റ്റാൻ സ്വാമിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.ആരോഗ്യസ്ഥിതി ഉൾപ്പെടെ പരിഗണിച്ച് ജാമ്യം നൽകണമെന്ന ഹർജി സമയക്കുറവ് മൂലം വൈള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഹർജി പരിഗണിക്കുന്നതുവരെ ഫാ.സ്റ്റാൻ സ്വാമി ആശുപത്രിയിൽ തുടരട്ടെയെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
അദ്ദേഹം ഐ.സി.യുവിൽ തുടരുകയാണെന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്ന ബോംബെ ഹൈക്കോടതിയെ അദ്ദേഹത്തിന്റെ അഭിഭാഷകൻ മിഹിർ ദേശായ് ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ അർധരാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ” അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും അദ്ദേഹത്തിന്റെ ഓക്സിജൻ നില ഏറിയും കുറഞ്ഞും നിൽക്കുന്നതിനാൽ ശ്വസിക്കുന്നതിന് തടസം നേരിടുന്നുണ്ട്” ദേശായി പറഞ്ഞു. ദീർഘ കാലമായുള്ള കോവിഡാനന്തര പ്രയാസങ്ങളുടെ ഭാഗമാകാം ഇതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാൻ സ്വാമിക്ക് ജാമ്യം നിഷേധിച്ച് കൊണ്ടുള്ള പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഹരജി ബോംബെ ഹൈക്കോടതിയുടെ ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, എൻ. ജെ ജമാദർ അടങ്ങുന്ന ബെഞ്ച് ശനിയാഴ്ച ജൂലൈ ആറിലേക്ക് മാറ്റിയിരുന്നു. 2017 ഡിസംബര്‍ 31ന് പൂനെയിലെ ശനിവാര്‍വാഡ എല്‍ഗാര്‍ പരിഷദില്‍ നടന്ന സി.പി.ഐ മാവോയിസ്റ്റ് യോഗത്തിലാണ് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ കബീര്‍ കാല മഞ്ച് നടത്തിയ വിദ്വേഷ പ്രസംഗമാണ് വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തിയതെന്നും ഇത് 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് സംഘര്‍ഷത്തിന് ഇടയാക്കിയെന്നുമാണ് എന്‍.ഐ.എയുടെ ആരോപണം.