ന്യൂയോർക്ക്: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായിയുമായ ഇലോൺ മസ്ക്, ഐക്യരാഷ്ട്രസഭയിലെ ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി.ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായിട്ടുള്ള നീക്കമായി ഇതിനെ കരുതുന്നു. ഐക്യരാഷ്ട്ര സഭയിലെ ഇറാൻ അംബാസഡർ ആമിർ സഈദ് ഇറവാനിയുമായിട്ടായിരുന്നു മസ്കിന്റെ കൂടിക്കാഴ്ച്ചയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. രഹസ്യ സ്ഥലത്ത് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുവെന്നും ചർച്ച ഫലപ്രദമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിൻ്റെ ഭാഗമായാണ് യുക്രെയ്ൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലൻസ്കിയുമായി, ആദ്യഘഘട്ട സംഭാഷണം നടന്നിരിക്കുന്നത്. ഈ ചർച്ചയിൽ ട്രംപിന് പുറമെ മസ്‌കും പങ്കെടുത്തിട്ടുണ്ട്. താൻ അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ, റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്നതാണ്, ട്രംപിൻ്റെ പ്രഖ്യാപനം. യുക്രെയ്ന് ആയുധങ്ങളും പണവും നൽകുന്നത് നിർത്തണമെന്ന് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ആവശ്യപ്പെട്ട ട്രംപിൻ്റെ പുതിയ നീക്കം, വലിയ തിരിച്ചടിയാണ് യുക്രെയ്ന് ഉണ്ടാക്കിയിരിക്കുന്നത്.
ട്രംപ് അധികാരമേറ്റാൽ ഈ സഹായം നിർത്തലാക്കുമെന്നതും ഉറപ്പാണ്. അങ്ങനെ സംഭവിച്ചാൽ അതോടെ യുക്രെയ്ന് ഒരു നിമിഷം പോലും പിടിച്ചു നിൽക്കാൻ കഴിയില്ലന്നു മാത്രമല്ല, അമേരിക്ക എതിരായാൽ, ജൂതനായ സെലൻസ്കിക്ക്, ഇസ്രയേലിന് പോലും അഭയം നൽകാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകും. ഇപ്പോൾ തന്നെ, യുക്രെയ്‌ൻ്റെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ, റഷ്യ പിടിച്ചെടുത്ത അവസ്ഥയിലാണുള്ളത്. റഷ്യ, പുതിയ ആണവ മിസൈൽ പുറത്തെടുത്ത് പരീക്ഷണം കൂടി നടത്തിയതോടെ, യുക്രെയ്‌നിലേക്ക് ആയുധങ്ങൾ അയച്ചിരുന്ന മറ്റ് നാറ്റോ രാജ്യങ്ങളും വലിയ ആശങ്കയിലാണ് ഉള്ളത്. അമേരിക്ക, യുക്രെയ്‌നുള്ള സഹായം നിർത്തിയാൽ അതേ നിമിഷം, മറ്റ് സഖ്യ രാജ്യങ്ങളും, യുക്രെയ്‌നെ കൈവിടും.
കലിതുള്ളി നിൽക്കുന്ന റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ കൈ പിടിക്കാൻ ട്രംപ് ശ്രമിക്കുമ്പോൾ, പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ, ട്രംപിൻ്റെ വലംകൈ ആയ ഇലോൺ മസ്കും ഇപ്പോൾ രംഗത്തിറങ്ങി കഴിഞ്ഞിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി. ഇറാന്റെ യുഎൻ അംബാസഡർ സയീദ് ഇരവാനിയുമായി, ഇലോൺ മസ്ക് ന്യൂയോർക്കിൽ വച്ച് കൂടിക്കാഴ്ച നടത്തിയതായാണ്, പ്രമുഖ അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചയുടെ വിശദാംശങ്ങളെകുറിച്ച് മസ്കോ, ഇറാൻ പ്രതിനിധിയോ ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല.
ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, നവംബർ 10 നാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ”സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള” ശ്രമമായാണ് ഈ കൂടിക്കാഴ്ചയെന്നാണ്, മസ്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ചർച്ചയെ ‘പോസിറ്റീവായ നീക്കമെന്നാണ്, ഇറാനിയൻ വൃത്തങ്ങൾ പ്രതികരിച്ചതെന്നും, ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“നടന്നതോ നടക്കാത്തതോ ആയ സ്വകാര്യ മീറ്റിംഗുകളുടെ റിപ്പോർട്ടുകളെക്കുറിച്ച്’ നിയുക്ത പ്രസിഡന്റ് അഭിപ്രായം പറയില്ല എന്നാണ്, ട്രംപിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് ഇതേ കുറിച്ച് പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്. ഐക്യരാഷ്ട്ര സഭയിലെ ഇറാൻ പ്രതിനിധിയും ഇതുസംബന്ധമായ ഒരു പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ട്രംപ് ഭരണകൂടത്തിൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി പുതുതായി ഒരു വകുപ്പ് തന്നെ സൃഷ്ടിച്ചാണ്, അതിൻ്റെ തലപ്പത്ത് ഇലോൺ മസ്‌കിനെ ട്രംപ് നിയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ, മസ്കിൻ്റെ എല്ലാ നീക്കങ്ങൾക്കും ഔദ്യോഗിക സ്വഭാവമുണ്ടെന്നതും വ്യക്തമാണ്.
സമാധാനം ശക്തിയിലൂടെ’ എന്ന തന്റെ സിദ്ധാന്തത്തിന്റെ ഭാഗമായാണ് , ട്രംപ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇസ്രയേൽ അനുകൂലികൾ മാത്രമല്ല, ഇറാൻ അനുകൂലികളും അദ്ദേഹത്തിൻ്റെ ടീമിൻ്റെ ഭാഗമായി നിലവിലുണ്ട്.തന്റെ ആദ്യ ഭരണകാലത്താണ്, ട്രംപ് 2015 ലെ ഇറാൻ ആണവ കരാർ വലിച്ചുകീറുകയും, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ സാമ്പത്തിക ഉപരോധം അഴിച്ചുവിടുകയും ചെയ്തിരുന്നത്. 2020 ജനുവരിയിൽ, ഇറാഖിൽ ഒരു ഡ്രോൺ ആക്രമണത്തിനും അദ്ദേഹം ഉത്തരവിടുകയുണ്ടായി. ഈ ആക്രമണത്തിലൂടെയാണ് , ഇറാന്റെ മുതിർന്ന സൈനിക കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനിയെ വധിച്ചിരുന്നത്. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് നേരെ, ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഈ പ്രതികാരം.
ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതോടെ ഇറാൻ- അമേരിക്ക ബന്ധമാണ് കൂടുതൽ വഷളായിരുന്നത്. ട്രംപ് ഉൾപ്പെടെ, ഖാസിം സുലൈമാനിയെ വധിക്കാൻ പ്രതൃക്ഷമായും പരോക്ഷമായും ഇടപെട്ട എല്ലാ ഉദ്യോഗസ്ഥരെയും, വധിക്കുവാൻ ഇറാൻ ചാവേറുകളെ ഇറക്കിയതായി സി.ഐ.എ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ്, ട്രംപിന് നേരെ , നിരവധി വധശ്രമങ്ങൾ ഉണ്ടായിരുന്നത്.
ട്രംപിൻ്റെ ആദ്യ ഭരണകാലത്തെ ഇറാനല്ല ഇപ്പോൾ ഉള്ളതെന്ന നല്ല ബോധ്യം, ട്രംപിനും മസ്കിനും ഉണ്ട്. റഷ്യ – ഉത്തര കൊറിയ – ഇറാൻ സഖ്യം, സാമ്പത്തിക മേഖലയിൽ മാത്രമല്ല, സൈനിക മേഖലയിലും വളരെ ശക്തമായി രൂപപ്പെട്ടത് അടുത്തയിടെയാണ്. ചൈനയും, ഇറാനുമായി ഏറ്റവും ശക്തമായ ബന്ധമാണ് നിലനിർത്തി പോരുന്നത്. ഇതിനു പുറമെ, 57 – അറബ് – ഇസ്ലാമിക് രാജ്യങ്ങളും, ഇറാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനും സൗദിയും എന്നും പരസ്പരം പോരടിക്കണമെന്ന, അമേരിക്കൻ അജണ്ട പൊളിച്ച് കൊടുത്തത് ചൈനയാണ്. സൗദി സൈനിക മേധാവി ഇറാനിൽ എത്തി കൂടിക്കാഴ്ച നടത്തിയതും, അമേരിക്കയെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്.
അറബ് രാജ്യങ്ങളിൽ ഉൾപ്പെടെ, സൈനിക താവളങ്ങളുള്ള അമേരിക്ക, ഇത്തരമൊരു നീക്കം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ്, യാഥാർത്ഥ്യം. നാറ്റോ സഖ്യകക്ഷിയായ തുർക്കിയും, ശക്തമായ പിന്തുണയാണ് ഇറാന് നൽകിയിരിക്കുന്നത്. ഇതെല്ലാംകൂടി ചേരുമ്പോൾ, അമേരിക്കൻ ചേരിയുടെ സൈനിക ശക്തിയ്ക്കും മീതെ മാത്രമല്ല, സാമ്പത്തിക അടിത്തറയ്ക്കും മീതെയാണ്, പുതിയ ശാക്തിക ചേരി രൂപപ്പെട്ടിരിക്കുന്നത്. അമേരിക്കയെയും അമേരിക്കൻ സഖ്യകക്ഷികളെയും ഒറ്റപ്പെടുത്തുന്ന, ഇത്തരമൊരു ലോക ക്രമം , ഒരിക്കലും ഉണ്ടാകരുത് എന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതോടൊപ്പം തന്നെ, ട്രംപിൻ്റെയും ഇലോൺ മസ്കിൻ്റെയും ബിസിനസ്സ് താൽപ്പര്യങ്ങൾകൂടി അമേരിക്കൻ തീരുമാനത്തെ സ്വാധീനിക്കുമ്പോൾ, അത് യുക്രെയ്നെ മാത്രമല്ല, ഇസ്രയേലിനെയും പ്രതിസന്ധിയിലാക്കുന്നതാണ്. അമേരിക്ക ഒരു നിലപാട് എടുത്താൽ, ആ ക്ഷണം, ഇസ്രയേലിനും യുദ്ധം അവസാനിപ്പിക്കേണ്ടി വരും.
ഗാസയിലെയും ലെബനനിലേയും സിറിയയിലെയും മാത്രമല്ല, യെമനിലെയും ആക്രമണങ്ങൾ, അവസാനിപ്പിക്കണമെന്നതാണ്, ഇറാൻ്റെ ആവശ്യം. ഈ കാര്യം നടപ്പാകുന്നതുവരെ, ഒരു സമാധാനശ്രമവും നടക്കില്ലന്നതും, ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീനകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ, ഏതറ്റംവരെയും പോകുമെന്നതാണ് ഇറാൻ്റെ പ്രഖ്യാപിത നിലപാട്. ഇറാൻ പറയാതെ, ഹിസ്ബുള്ളയും ഹമാസും ഹൂതികളും ഒരു വെടി നിർത്തലിനും തയ്യാറാവുകയുമില്ല. ഇസ്രയേലിനെ സഹായിക്കാൻ എത്തിയ അമേരിക്കൻ പടക്കപ്പലുകളെ ഹൂതികൾ ആക്രമിച്ചതും, ഇസ്രയേലിൻ്റെ സൈനിക ആസ്ഥാനത്തിനു നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയതും, ഏതറ്റംവരെയും പോകാൻ അവർ തയ്യാറാണെന്നതിൻ്റെ വ്യക്തമായ സൂചനയാണ്.
ചെങ്കടലിലൂടെയും അറബിക്കടലിലൂടെയും പോകുന്ന, ഇസ്രയേൽ അനുകൂല രാജ്യങ്ങളുടെ വാണിജ്യ കപ്പലുകൾ ആക്രമിക്കുന്ന ഹൂതികൾ, അമേരിക്കയുടെ വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണ് നേരെ മിസൈൽ തൊടുത്ത് വിട്ടത് , ലോക രാജ്യങ്ങളെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാല, ഇസ്രയേലിനെ ആക്രമിക്കുമെന്ന്, വീണ്ടും ഇറാൻ സൈനിക നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ട്രംപ് അധികാരം ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ, ഇത്തരമൊരു ആക്രമണം ഇസ്രയേലിനു നേരെയുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെ സംഭവിച്ചാൽ, പിന്നെ കാര്യങ്ങൾ കൈവിട്ട് പോകും. ഇതെല്ലാം മുൻകൂട്ടി കണ്ടാണ്, ഇലോൺ മസ്കിനെ മുൻ നിർത്തി, സമവായത്തിന് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ശ്രമിക്കുന്നത്. അതാകട്ടെ, വ്യക്തവുമാണ്.
ഇറാനും അമേരിക്കയും തമ്മിലെ സംഘർഷം ഒഴിവാക്കുന്നതും ബന്ധം മെച്ചപ്പെടുത്തുന്നതും സംബന്ധിച്ചായിരുന്നു ചർച്ച. യുഎസ് ഉപരോധത്തിൽ ഇളവുകൾ നൽകാനും ടെഹ്‌റാനിൽ ബിസിനസ് നടത്താനും ഇറാൻ അംബാസഡർ മസ്‌കിനോട് യോഗത്തിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ മസ്ക് തയാറായിട്ടില്ല. ട്രംപിന്‍റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും പ്രതികരണത്തിന് തയ്യാറായില്ല. ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായതു മുതൽ മസ്ക് പരസ്യ പിന്തുണ നൽകിയിരുന്നു.
100 മില്യൺ ഡോളർ ട്രംപിന്റെ പ്രചാരണത്തിനായി മസ്ക് ചെലവാക്കി. വിജയത്തിന് ശേഷം മസ്കിനെ സവിശേഷ വ്യക്തിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പിന്നാലെ മസ്കിനെ സർക്കാറിന്‍റെ എഫിഷ്യൻസി ഡിപാർട്മെന്റ് വകുപ്പ് തലവനായി നിയമിക്കുകയും ചെയ്തു. മസ്കിന് വീണ്ടും നിർണായകമായ ചുമതലകൾ നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.