ദുബായ്: വിമാനം ആകാശഗര്‍ത്തത്തില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്ക്. വിമാനത്തിലെ സാധനങ്ങള്‍ വീണുടയുന്നതിന്റെ വീഡിയോയും പുറത്ത്. ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡില്‍ നിന്നും ദുബായിലേക്കുള്ള യാത്രാ മധ്യേ എമിറേറ്റ്‌സ് വിമാനമായ ഫ്‌ലൈറ്റ് ഇകെ449യാണ് ആകാശഗര്‍ത്തില്‍ വീണത്. വിമാനം കൂപ്പുകുത്തിയത് യാത്രക്കാര്‍ക്ക് ആശങ്കയും ഭയവും സൃഷ്ടടിച്ചു.
പറക്കുന്നതിനിടെ വിമാനം ശക്തമായി കുലുങ്ങിയതിനെ തുടര്‍ന്ന് ഭക്ഷണസാധനങ്ങള്‍ തെറിച്ച് വീഴുകയും സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍ നിലംപതിക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായ സംഭവത്തെ തുടര്‍ന്ന് വിമാനത്തിലെങ്ങും കൂട്ടനിലവിളിയും കരച്ചിലും ഉയരുകയും ചെയ്തിരുന്നു. ജൂലൈ പത്തിനാണ് സംഭവം നടന്നിരിക്കുന്നത്. എല്ലാം അവസാനിക്കാന്‍ പോവുകയാണെന്ന പേടിയിലായിരുന്നു തങ്ങളെന്നാണ് യാത്രക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി അഥവാ ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ്. നേര്‍രേഖയില്‍ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്ന ഈ അവസ്ഥയില്‍ വിമാനങ്ങളുടെ ഗതിയും നിയന്ത്രണവും നഷ്ടമാകാന്‍ സാധ്യതയുണ്ട്. ഇവ മിക്ക യാത്രക്കാര്‍ക്കും പേടിസ്വപ്നമാണ്. ടര്‍ബുലന്‍സ് എന്നാണിത് അറിയപ്പെടുന്നത്.
വിമാനം കുലുങ്ങിയതിനെ തുടര്‍ന്ന് ഫുഡ്‌ട്രോളികള്‍ മറിഞ്ഞ് വീഴുന്നതിന്റെയും ഷാംപയിന്‍ ബോട്ടിലുകള്‍ എടുത്തെറിയപ്പെടുന്നതിന്റെയും എക്‌സിറ്റ് സൈന്‍ തെറിച്ച് പോകുന്നതിന്റെയും മറ്റ് ചിലസാധനങ്ങള്‍ പൊട്ടിത്തകര്‍ന്നതിന്റെയും ദൃശ്യങ്ങള്‍ ട്വിറ്ററില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ കാണാം.
സീറ്റില്‍ നിന്നും തെറിച്ച് പോയ ബെവെര്‍ലി ഗ്ലോവര്‍ എന്ന യാത്രക്കാരിക്ക് കാലിന് പരുക്കേറ്റിരുന്നു.ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന താന്‍ വിമാനം കുലുങ്ങിയതിനെ തുടര്‍ന്ന് സീറ്റില്‍ നിന്നും എടുത്തെറിയപ്പെട്ടിരുന്നുവെന്നാണ് ബെവെര്‍ലി സ്ഥിരീകരിച്ചിരിക്കുന്നത്. ടര്‍ബുലന്‍സ് വിമാനത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ വെളിപ്പെടുത്തുന്ന വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് യാത്രക്കാരനായ സെറെഫ് സെസ്ഗിനാണ്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഓസ്‌ട്രേലിയയിലേക്കുള്ള എയര്‍കാനഡ വിമാനം ഇത്തരത്തില്‍ കുലുങ്ങി നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നത്. ഇതിനെ തുടര്‍ന്ന് 35 യാത്രക്കാര്‍ക്കായിരുന്നു പരുക്കേറ്റത്. വിമാനം 36,000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു കുലുക്കമുണ്ടായത്. തുടര്‍ന്ന് വിമാനം ഹവായില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിന് നിര്‍ബന്ധിക്കപ്പെട്ടിരുന്നു.