തിരുവനന്തപുരം: താല്‍ക്കാലിക കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ കനത്ത പ്രതിസന്ധി. ആയിരത്തിലേറെ സര്‍വ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. യാത്രക്കാരുടെ ദുരിതത്തിന് പുറമെ കെ എസ് ആര്‍ ടി സിയുടെ വരുമാനത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ തകര്‍ച്ചയിലേക്ക് തന്നെ പോകുന്ന ഉത്തരവാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
ഹൈക്കോടതിവിധിപ്രകാരം താത്കാലിക കണ്ടക്ടര്‍മാരെ (എംപാനല്‍ഡ്) പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് 763 സര്‍വീസുകള്‍ ചൊവ്വാഴ്ച മുടങ്ങി. പിരിച്ചുവിട്ട താത്കാലികക്കാര്‍ക്ക് പിന്തുണയുമായി സ്ഥിരംജീവനക്കാര്‍ നിസ്സഹകരണംകൂടി തുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമായി.
പി എസ് സി നിയമന ഉത്തരവ് നല്‍കിയ 4,051 ഉദ്യോഗാര്‍ത്ഥികളോട് നാളെ കെ എസ് ആര്‍ ടി സി ആസ്ഥാനത്തെത്താന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇവരെ നിയമിക്കണമെന്ന ഹൈക്കോടതി അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടി. 3,091 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം, ജോലി നഷ്ടപ്പെട്ട താല്‍ക്കാലിക കണ്ടക്ടമാര്‍മാര്‍ ഇന്ന് വൈകീട്ട് ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തും. തിങ്കളാഴ്ച മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കാനാണ് ജീവനക്കാരുടെ തീരുമാനം. ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആര്‍ ടി സിയിലെ 3,862 താല്‍ക്കാലിക കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്.