മുത്തൂറ്റിന് മുന്നില്‍ അടിയറവ് പറയില്ലെന്ന് തൊഴിലാളികള്‍; അഹങ്കാരത്തിന് കുറവില്ലാതെ മുത്തൂറ്റ് മാനേജ്‌മെന്റ്; അഞ്ചാം ദിവസവും മുത്തൂറ്റ് ശാഖകള്‍ മുഴുവന്‍ അടഞ്ഞുതന്നെ

തിരുവനന്തപുരം: സംഘടനാ സ്വാതന്ത്ര്യത്തിനും തൊഴിലാളി വിരുദ്ദ നയങ്ങള്‍ക്കുമെതിരെ മുത്തൂറ്റ് തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലും ശക്തമായി തന്നെ തുടരുന്നു. കള്ളപ്രചരണങ്ങള്‍ നടത്തി പത്രപരസ്യവും പോലീസ് സംരക്ഷണവും പ്രലോഭനങ്ങളും നടത്തിയട്ടും സമരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ മുത്തൂറ്റിനായിട്ടില്ല. സമരം അഞ്ചാംദിവസത്തിലേയ്ക്ക് കടക്കുമ്പോഴും ആവേശം ചോരാതെയാണ് കേരളത്തിലെമ്പാടും മുത്തൂറ്റ് തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മുത്തൂറ്റ് ശാഖകള്‍ മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണ്. മൂത്തൂറ്റ് സമരം നീണ്ടതോടെ മൂത്തൂറ്റില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ച ഇടപാടുകാരും ആശങ്കയിലായിരിക്കുകയാണ്.

കേരളത്തിലാകെ വ്യാപിച്ച സമരം തിരുവനന്തപുരം ജില്ലയിലും ശക്തമാണ്. ഇന്നും സമരത്തിന്റെ വീര്യം ചോരാതെ മുദ്രാവാക്യങ്ങള്‍ വിളിച്ച സമരക്കാര്‍ എത്തി. ജോലിക്ക് സന്നദ്ധരാകുന്നവര്‍ക്ക് പൊലീസ് സുരക്ഷയൊരുക്കാന്‍ ഉണ്ടെങ്കിലും ആരും കരിങ്കാലികളാകാന്‍ തയ്യാറായില്ല. പിരിച്ച് വിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, യൂണിയന്‍ രൂപീകരിച്ചതിന്റെ പേരില്‍ പ്രതികാര നടപടിയെന്നോണം അനധികൃതമായി വിദൂര സ്ഥലങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത നടപടികള്‍ പുനപരിശോധിക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ജീവനക്കാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സ്ഥാപനത്തിലെ കേരളത്തിലെ ഇടപാടുകളെല്ലാം സ്തംഭിച്ചിരിക്കയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനിശ്ചിതകാല സമരം ആരംഭിച്ചത് ഈ മാസം മൂന്ന് മുതലാണ്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ മുത്തൂറ്റ് ഫിനാന്‍സ് ശാഖകളില്‍ സമരം നടക്കുന്നത്. നാട്ടിന്‍പുറം മുതല്‍ നഗരമേഖലകളില്‍ വരെ സമരം ശക്തമാണ്. മുത്തൂറ്റ് ശാഖകള്‍ സംസ്ഥാന വ്യാപകമായി ഇന്നും അടഞ്ഞ് തന്നെ കിടന്നു. രാവിലെ മുതല്‍ തന്നെ സമരക്കാര്‍ അതത് ബ്രാഞ്ചുകള്‍ക്ക് മുമ്പിലെത്തിയിരുന്നു. സ്ഥാപനം തുറക്കാനെന്ന പേരില്‍ മാനേജര്‍മാര്‍ മാത്രമാണ് വന്നത്. ജീവനക്കാരില്ലാത്തതിനാല്‍ ഒന്നും കാര്യമായ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ പതിയെ സ്ഥലം വിടുകയാണ് ചെയ്യുന്നത്.

സിഐടിയുവിന്റെ നേതൃത്വത്തില്‍ രാവിലെ 8 മണിയോടെ തന്നെ സമരക്കാര്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകള്‍ക്ക് മുന്നിലേക്ക് ജാഥയായി തന്നെ എത്തുന്നുണ്ട്. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് സമരക്കാര്‍ വിവിധ ബ്രാഞ്ചുകള്‍ക്ക് മുന്നില്‍ എത്തുന്നത്. പിരിച്ച് വിട്ട 51 ജീവനക്കാരെയും തിരിച്ചടുക്കും വരെ സമരം തുടരുമെന്ന് തന്നെയാണ് മുദ്രാവാക്യം വിളികളില്‍ നിന്നും മനസ്സിലാക്കാനാകുന്നത്. മാനേജ്മെന്റിന്റെ പ്രവണതകള്‍ക്ക് എതിരെ പ്രാദേശിക സിഐടിയു നേതാക്കള്‍ക്കും മുത്തൂറ്റ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍ എന്നിവരും ചേര്‍ന്നാണ് ഇപ്പോള്‍ വിവിധ ബ്രാഞ്ചുകളില്‍ സമരം നടത്തുന്നത്. ഒന്‍പത് മണിയോടെയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകള്‍ തുറക്കുവാന്‍ ജീവനക്കാരെത്തുന്നത്.മുപ്പത്തിമൂന്ന് വര്‍ഷം മൂത്തൂറ്റിനെ സേവിക്കുന്ന ജീവനക്കാരന് ശമ്പളം വെറും പതിനൊന്നായിരം രൂപമാത്രം; കള്ളക്കണക്കുകളുമായി മുത്തൂറ്റിന്റെ പത്രപരസ്യം; സമരം ശക്തമായതോടെ മാനേജ്‌മെന്റ് ആശങ്കയില്‍

ഓഫീസ് തുറക്കുവാനെത്തുന്നവരോട് കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിച്ച ശേഷം ഓഫീസ് തുറക്കരുതെന്ന ആവശ്യമാണ് സമരക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. തങ്ങളുടെ ഒപ്പം ജോലി ചെയ്തവരെ പറഞ്ഞ് വിട്ടതിലും പ്രതികാരനടപടിയെന്നോണം നല്‍കിയ ട്രാന്‍സ്ഫറിനോടും സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ജീവനക്കാര്‍ക്ക് പോലും മാനേജ്മെന്റിന്റെ നയത്തോട് യോജിപ്പില്ല. സമരത്തിന് പരസ്യ പിന്തുണ നല്‍കാത്തവര്‍ പോലും മാനേജ്മെന്റിന്റേത് കടുംപിടുത്തമാണ് വിഷയത്തെ വഷളാക്കിയതെന്ന നിലപാടിലാണ്.

പ്രധാന ജംങ്ങ്ഷനുകള്‍ കേന്ദ്രീകരിച്ചുള്ള മുത്തൂറ്റ് ബ്രാഞ്ചുകള്‍ക്ക് മുന്നില്‍ സമരക്കാര്‍ കുത്തിയിരുപ്പ് തുടരുകയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ മുത്തൂറ്റ് ജീവനക്കാരും സമരക്കാരും തമ്മില്‍ ചെറിയ തോതില്‍ തര്‍ക്കമുണ്ടായി. കഴിഞ്ഞ ദിവസം സമരക്കാരെത്തുന്നതിന് മുന്‍പ് തന്നെ അതിരാവിലെയെത്തിയ ജീവനക്കാര്‍ പഞ്ച് ചെയ്ത ശേഷം പുറത്ത് നിന്നു. ഇത് മനസ്സിലാക്കിയ സമരക്കാര്‍ ഓഫീസില്‍ പ്രവേശിക്കരുതെന്ന ആവശ്യം മുന്നോട്ട് വച്ചു. സമരം നടക്കുന്നതിനിടയില്‍ സമരക്കാരെ തോല്‍പ്പിക്കാനായി മിടുക്ക് കാണിക്കുന്നവര്‍ അവസാനം എന്തെങ്കിലും സംഭവിച്ചിട്ട് സമരക്കാരെ പഴിക്കരുതെന്ന മുന്നറിയിപ്പാണ് നല്‍കിയത്. പ്രധാനമായും സ്വര്‍ണ്ണപ്പണയമാണ് മുത്തൂറ്റിലുള്ളത്. ഇത് പൂര്‍ണ്ണസ്തംഭവമാണ്.

ഇതിനിടയില്‍ ശാഖയിലെത്തിയ ചില ഇടപാടുകാര്‍ മുത്തൂറ്റില്‍ ഇടപാട് നടത്താന്‍ തോന്നിയത് ഏത് കഷ്ടകാലത്തിനാണോ എന്ന് സ്വയം പഴിച്ചുകൊണ്ട് മടങ്ങിപോകുന്നതും കാണാമായിരുന്നു. ഇതിനിടയില്‍ സ്ഥലത്ത് പൊലീസും എത്തിയെങ്കിലും സമരക്കാര്‍ക്കെതിരെ പരാതിയില്ലെന്നും തങ്ങളുടെ കൂടെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് സമരമെന്ന ബോധ്യമുണ്ടെന്നുമാണ് ജീവനക്കാര്‍ പൊലീസിനോടും പറഞ്ഞത്. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും പൊലീസിന് പരാതി നല്‍കിയെങ്കിലും ജീവനക്കാര്‍ സമരക്കാരുമായി സഹകരിക്കുന്നതിനാല്‍ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കേണ്ട സാഹചര്യമില്ലെന്ന് പൊലീസും പറയുന്നു.

മുത്തൂറ്റ് ഫിനാന്‍സ് പൊഴിയൂര്‍ ബ്രാഞ്ച് മാനേജറായിരുന്ന അഭിലാഷ് പറയുന്നത് ഇങ്ങനെ: ബ്രാഞ്ച് മാനേജറായി ജോലി ചെയ്യുന്ന സമയത്ത് തന്നെയാണ് യൂണിയന്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയത്. അപ്പോഴാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി മേഖലയിലേക്ക് സ്ഥലം മാറ്റിയത്. 22,000 രൂപയാണ് അഭിലാഷിന് മാസശമ്പളമായി നല്‍കിയിരുന്നത്. ആന്ധ്രയിലേക്ക് സ്ഥലം മാറ്റം നല്‍കിയപ്പോള്‍ താമസത്തിനോ ഭക്ഷണത്തിനോ പ്രത്യേക അലവന്‍സ് ഇല്ലായിരുന്നുവെന്നും മാസ ശമ്പളത്തില്‍ നിന്നും അതിനുള്ള മാര്‍ഗം കാണുക എന്നതുമായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് സ്ഥലം മാറ്റം സ്വീകരിക്കാത്തതിന് സസ്പെന്‍ഷനും നല്‍കുകയായിരുന്നു.

സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരോട് ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത് എന്ന ചോദ്യത്തിന് ഓഫീസ് തുറക്കണം പഞ്ച് ചെയ്യണം എന്നാണ് എന്നായിരുന്നു മറുപടി. ജോലി ചെയ്യാന്‍ പറ്റാത്തതില്‍ എതിര്‍പ്പുണ്ടോ എന്ന ചോദ്യത്തിന്റെ മറുപടി ഒപ്പമുള്ളവരുടെ വിഷമം കാണാതിരിക്കാനാകില്ല എന്നായിരുന്നു. അതോടൊപ്പം തന്നെ സമരത്തില്‍ പങ്കെടുത്തില്ലെങ്കിലും ഓഫീസ് തുറക്കാത്തതിനാല്‍ അടുത്ത മാസത്തെ ശമ്പളം എന്നത് സ്വപ്നം മാത്രമാകുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്.
പിരിച്ചുവിട്ടവരെയും പുറത്താക്കിയവരെയും തിരിച്ചെടുക്കും വരെ സമരം ശക്തമായി തുടരുമെന്ന് സമരം നേതാക്കള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം പത്ര പരസ്യത്തിന്റെ പേരില്‍ നടത്തിയ കള്ളക്കഥ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് തെളിവ്‌സഹിതം വാര്‍ത്ത നല്‍കിയിരുന്നു.

Top