തിരുവനന്തപുരം: മലയാളത്തിലെ ചില ചലച്ചിത്രപ്രവർത്തകരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു മൂന്നു വർഷം മുൻപു കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല. പിന്നീട് നോട്ട് നിരോധനകാലയളവിൽ, സിനിമാക്കാർക്കിടയിൽനിന്നു തന്നെ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ ഗൾഫ് രാജ്യങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. ഗൾഫിൽ സിനിമാപ്രവർത്തകരുമായി ബന്ധമുള്ള ചില ആളുകൾ വാങ്ങിയ ഫ്ലാറ്റുകൾ, ഉല്ലാസ നൗകകൾ, നിക്ഷേപങ്ങൾ എന്നിവയാണ് അന്വേഷിച്ചത്. ഗൾഫിലെ ചില കേന്ദ്രങ്ങൾ സിനിമാപ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടുന്നതിനു പിന്നിലെ കാരണങ്ങളും ഏജൻസികൾ അന്വേഷിച്ചു.
ഇതിന്റെ തുടർച്ചയായാണു കൊച്ചി കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസികൾ തീരുമാനിച്ചിരിക്കുന്നത്.കൊച്ചി കേന്ദ്രമായി നടക്കുന്ന ഹവാല ഇടപാടുകളെ സംബന്ധിച്ചു പല പരാതികളും നേരത്തെ ലഭിച്ചിരുന്നെങ്കിലും അന്വേഷണം ഫലപ്രദമായിരുന്നില്ല. പഴയ ഹവാല ഇടപാടുകളെ സംബന്ധിച്ച കേസുകളുടെ ഫയലുകൾ ഏജൻസികൾ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്.പൾസർ സുനി സാമ്പത്തിക ഇടപാടുകളിലെ ഒരു ചെറിയ കണ്ണി മാത്രമാണെന്നാണ് ഏജൻസികളുടെ നി ഗമനം. എന്നാൽ, മറുവശത്ത് പ്രതീക്ഷിക്കാത്ത ചിലരുണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഗൾഫിലേതടക്കം സുനിയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് തീരുമാനം.സുനിയെ മനുഷ്യക്കടത്തുമായി ബന്ധിപ്പിക്കുന്ന കാര്യങ്ങളുണ്ടോയെന്നു പരിശോധിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
മലയാള സിനിമയിലെ അനധികൃത സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച അന്വേഷണം കൂടുതൽ പേരിലേക്ക്. ഇവരുടെ സ്വത്തു വിവരങ്ങളും വിദേശത്തെ സാമ്പത്തിക ഇടപാടുകളും കേന്ദ്ര അന്വേഷണ ഏജൻസികൾ പരിശോധിച്ചു തുടങ്ങി. നടൻ ദീലീപിന്റെ സ്വത്തിടപാടുകൾ സംബന്ധിച്ച അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.സിനിമാ രംഗത്തു പ്രവർത്തിക്കുന്ന ചിലരുടെ സ്വത്തു വിവരങ്ങൾ സംബന്ധിച്ച രേഖകൾ ശേഖരിച്ച്, പുതുതായി ലഭിച്ച വിവരങ്ങളുമായി ഒത്തുനോക്കുന്ന നടപടികളാണു പുരോഗമിക്കുന്നത്.</p