ന്യുഡൽഹി : ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയുടെ പണം പ്രിയങ്ക ഗാന്ധിക്കും കിട്ടിയെന്ന് ഇഡി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേരും വന്നിരിക്കുന്നത് . എന്‍ആര്‍ഐ ബിസ്സിനസ്സുകാരനായ സിസി തമ്പിയുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ് കേസിലെ കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ റോബര്‍ട്ട് വാദ്രയുടെ പേരും ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ ഇഡി ചോദ്യംചെയ്തേക്കും.
റോബർട്ട് വദ്രയ്ക്കു പിന്നാലെ പ്രിയങ്ക ഗാന്ധിയെ കൂടി കള്ളപ്പണം വെളുപ്പിക്കൽ കേസിൻറെ പരിധിയിലേക്ക് കൊണ്ടുവരികയാണ് ഇഡി. വദ്രയുമായി ബന്ധമുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി ഇന്ത്യയിലും വിദേശത്തും കോടികളുടെ സ്വത്തുണ്ടാക്കിയ കേസിൽ അനുബന്ധ കുറ്റപത്രമാണ് ഇഡി കഴിഞ്ഞ ദിവസം കോടതിയിൽ നല്കിയത്. മലയാളിയായ പ്രവാസി വ്യവസായി സി സി തമ്പി, സുനിൽ ഛദ്ദ എന്നീ പ്രതികൾക്കെതിരെയായിരുന്നു കുറ്റപത്രം.
ഭണ്ഡാരിയുടെ പണം റോബര്‍ട്ട് വദ്രയും പ്രിയങ്കയും ഉപയോഗിച്ചു എന്ന് കുറ്റപത്രം പറയുന്നു. ലണ്ടനിൽ ഭണ്ഡാരി വാങ്ങിയ ഫ്ളാറ്റ് നവീകരിച്ച് ഉപയോഗിക്കുന്നത് വദ്രയാണ്. ഭണ്ഡാരി ആയുധ ഇടപാട് വഴി നേടിയ കമ്മീഷൻ സി സി തമ്പി വഴി വദ്രയ്ക്കും പ്രിയങ്കയ്ക്കും കിട്ടിയെന്നാണ് ഇഡിയുടെ ആരോപണം. ഹരിയാനയിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിയ ശേഷം ഇത് വൻ തുകയ്ക്ക് തമ്പിക്ക് മറിച്ചു വിറ്റു. റോബർട്ട് വദ്രയും പ്രിയങ്കയും ഭൂമി ഇടപാടിലൂടെ പണം കൈപ്പറ്റിയെന്നും ഇഡി പറയുന്നു.
പ്രിയങ്ക പ്രതിയല്ലെന്നും അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയ വിവരങ്ങൾ കോടതിയെ അറിയിച്ചതാണെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കി. കേസിൽ റോബർട്ട് വദ്രയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. പ്രിയങ്കയെയും ചോദ്യംചെയ്യാനാണ് സാധ്യത. ഇതെല്ലാം തെരഞ്ഞെടുപ്പിന് മുമ്പുള്ള നീക്കങ്ങളെന്ന് കോൺഗ്രസ് പ്രതികരിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പ്രതി ചേർത്തിരുന്നു. പ്രിയങ്കയെ കള്ളപ്പണം വെളുപ്പിക്കലിൽ പ്രതിയാക്കാനാണ് നിലവിൽ ഈ കേസ് ഇഡി സജീവമാക്കുന്നതെന്ന് കോൺഗ്രസ് സംശയിക്കുന്നു.
പ്രിയങ്ക ഗാന്ധിയെ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഹരിയാനയിലെ ഫരീദാബാദില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കുറ്റപത്രത്തിലെ പരാമര്‍ശം. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയും മരുമകന്‍ റോബര്‍ട്ട് വാദ്രയും ഡല്‍ഹിക്കാരനായ ഒരു റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് വഴി ഹരിയാനയില്‍ ഭൂമി വാങ്ങിയിട്ടുണ്ട്, ഇതേ ഏജന്റ് എന്‍ആര്‍ഐ ബിസിനസ്സുകാരന്‍ സിസി തമ്പിക്കും ഭൂമി വില്‍പന നടത്തിയിട്ടുണ്ട് എന്നാണ് ഇഡിയുടെ പരാമര്‍ശം.