കീര്‍ത്തി ആസാദ് രാജിവയ്ക്കുന്നു! മമതയ്‌ക്കൊപ്പം ചേരും !ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ് !! വരുണ്‍ ഗാന്ധിയും കീർത്തിയും തൃണമൂലില്‍ ചേരുന്നു !ആരാണ് കീര്‍ത്തി ആസാദ് ?

ന്യൂഡല്‍ഹി: തകർന്നു തീരാറായ കോൺഗ്രസിന് അടുത്ത പ്രഹരം .മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് രാജിവയ്ക്കുമെന്നും മാമതെയുടെ പാർട്ടിയിൽ ചേരുമെന്നും റിപ്പോര്‍ട്ട്. കീർത്തി മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ, മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തുന്നുണ്ട്. ഈ വേളയില്‍ കീര്‍ത്തി ആസാദ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി എംപി വരുണ്‍ ഗാന്ധിയും തൃണമൂലില്‍ ചേരുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ട് എന്നാണ് തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചിരുന്നത്. കീര്‍ത്തി ആസാദാണോ വരുണ്‍ ഗാന്ധിയാണോ ആ സര്‍പ്രൈസ് എന്നാണ് ഇനി അറിയാനുള്ളത്.

കീര്‍ത്തി വര്‍ധന്‍ ഭഗവദ് ഝാ ആസാദ് എന്നാണ് കീര്‍ത്തി ആസാദിന്റെ മുഴുവന്‍ പേര്. മുന്‍ ക്രിക്കറ്റ് താരമായിരുന്ന ഇദ്ദേഹം 1980കളില്‍ തിളങ്ങി നിന്ന താരമായിരുന്നു. ബിഹാറുകാരനായ കീര്‍ത്തി ആസാദ് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ഭഗവദ് ഝാ ആസാദിന്റെ മകനാണ്. 1983ല്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു കീര്‍ത്തി ആസാദ്. 2014ല്‍ ബിജെപി ടിക്കറ്റില്‍ ബിഹാറിലെ ദര്‍ഭംഗ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു.
2017ല്‍ ബിജെപി വിട്ടു. 2019ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിഹാറില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമാകും കീര്‍ത്തി ആസാദിന്റെ സാന്നിധ്യം എന്ന് വിലയിരുത്തിയിരുന്നുവെങ്കിലും പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടായില്ല എന്ന് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ മാത്രമാണ് ബിഹാറില്‍ കോണ്‍ഗ്രസ് ജയിച്ചത്.
നേരത്തെ ഡല്‍ഹിയിലെ ഗോലി മാര്‍ക്കറ്റ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു കീര്‍ത്തി ആസാദ്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കീര്‍ത്തി ആസാദ് പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് 2015 ഡിസംബറില്‍ ബിജെപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടു. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ധന്‍ബാദ് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചിരുന്നെങ്കിലും തോറ്റു. ഈ മണ്ഡലത്തില്‍ ബിജെപിയുടെ പശുപതി നാഥ് സിങ് ആണ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ഇപ്പോള്‍ കീര്‍ത്തി ആസാദ് കോണ്‍ഗ്രസ് വിടുമെന്നാണ് വാര്‍ത്തകള്‍. മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തുന്നുണ്ട്. ഈ വേളയില്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. കീര്‍ത്തി ആസാദ് തൃണമൂലില്‍ ചേരുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ആസാദ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് മമത ഡല്‍ഹിയിലെത്തുന്നത്. പ്രതിപക്ഷ ഐക്യം പാര്‍ലെന്റില്‍ വേണമെന്നാണ് മമതയുടെ നിലപാട്.

മമത ബാനര്‍ജി വിശാലമായ ലക്ഷ്യത്തോടെയുള്ള നീക്കമാണ് നടത്തുന്നത്. ബംഗാളില്‍ ബിജെപിയുമായി നേരിട്ട് ഏറ്റമുട്ടി മൂന്നാം തവണയും മുഖ്യമന്ത്രിയായ മമത കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടിയെ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. കോണ്‍ഗ്രസിന്റെ പ്രാധാന്യം നഷ്ടമായെന്നും കോണ്‍ഗ്രസിന് പകരം ഇനി തൃണമൂല്‍ കോണ്‍ഗ്രസാണുള്ളത് എന്നാണ് പാര്‍ട്ടിയുടെ പ്രചാരണം. ത്രിപുര, ഗോവ, അസം എന്നീ സംസ്ഥാനങ്ങളിലേക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപിക്കാന്‍ ശ്രമം നടത്തുന്നത്. മൂന്നിടത്തും ബിജെപിയാണ് ഭരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസിന് ശക്തി ക്ഷയിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ ബിജെപി എംപി വരുണ്‍ ഗാന്ധി തൃണമൂലില്‍ ചേരുമെന്നു വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ വരുണ്‍ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹം ബിജെപി നേതാക്കളെ പരസ്യമായി വിമര്‍ശിച്ചത് അടുത്തിടെ ചര്‍ച്ചയായിരുന്നു.

Top