കണ്ണൂരില്‍ സിപിഎം നേതാവും എംഎല്‍എയുമായ ഇ.പി. ജയരാജന്റെ മകന്റെ ഉടമസ്ഥതയിലുള്ള കമ്പനി റിസോര്‍ട്ട് നിര്‍മിക്കുന്നത് കുന്നിടിച്ചു നിരത്തിയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും. ഭരണത്തിന്റെ തണലിലുള്ള സിപിഎം നേതാവിന്റെ മകന്റെ അനധികൃത നിര്‍മാണത്തിനെതിരേ പാര്‍ട്ടിക്കകത്തും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
നേതാക്കളും കുടുംബങ്ങളും ലളിതജീവിതം നയിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അഹ്വാനം ഉണ്ടായതിനു പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. മാതൃഭൂമി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൊറാഴ ഉടുപ്പ് കുന്നിടിച്ചാണ് ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്സണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വകാര്യ കമ്പനി റിസോര്‍ട്ട് പണിയുന്നത് ആയുര്‍വേദ ആശുപത്രിയും ഇതിനൊപ്പം പണിയുന്നുണ്ട്. വന്‍പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് പരാതി നല്‍കിയിട്ടുണ്ട്.
ജയരാജന്റെ മകനൊപ്പം വന്‍ വ്യവസായികളും ചേര്‍ന്നാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ആന്തൂര്‍ നഗരസഭയില്‍ മൊറാഴക്ക് സമീപം പത്തേക്കറോളം വരുന്ന കുന്നിടിച്ചാണ് വന്‍ ആയുര്‍വേദ റിസോര്‍ട്ടും ആശുപത്രി സമുച്ചയവും വരുന്നത്. മൂന്നു കോടി രൂപ മുതല്‍മുടക്കില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോര്‍ട്ട് നിര്‍മാണം.
ഈ കമ്പനിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്സന്റെ പങ്ക് വ്യക്തമാകുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് രണ്ട് വന്‍ കിണറുകളും രണ്ട് കുഴല്‍ക്കിണറുകളും റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ടെന്നും പരിഷത്ത് കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ തളിപ്പറമ്പ് തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതികാഘാതം പഠിക്കാന്‍ ജിയോളജി വകുപ്പിനെ ഏല്‍പ്പിച്ചിട്ടുമുണ്ട്. എതായാലും പരിസ്ഥിതിയുടെ പേരില്‍ കീഴാറ്റൂരിന് പുറമെ സിപിഎമ്മിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുകയാണ് റിസോര്‍ട്ട് നിര്‍മാണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.