
തിരുവനന്തപുരം: ധനമന്ത്രിക്ക് പിന്നാലെ വ്യവസായ മന്ത്രി ഇ.പി. ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇ.പി. ജയരാജനും ഭാര്യ ഇന്ദിരക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻ.
ധനമന്ത്രി തോമസ് ഐസക്കിന് കഴിഞ്ഞ ഞായറാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ഐസക് പങ്കെടുത്തിരുന്നു. ഇതേതുടർന്നാണ് മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹം സ്വയം നിരീക്ഷണത്തിൽ തുടർന്നേക്കും. രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാകുന്നത്. നേരത്തെ കരിപ്പൂര്‍ വിമാനാപകട സ്ഥലം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കൊവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തിരുന്നു. വിമാനത്താവള സന്ദര്‍ശന സമയത്ത് സമ്പര്‍ക്കത്തിലൂണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.