നൈനിറ്റാള്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വികാസ്‌നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവ്. യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് യന്ത്രങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഉത്തരവായത്. തുടര്‍ന്ന് ദേശീയ-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍, വികാസ്‌നഗര്‍ എം.എല്‍,എ മുന്നാ സിങ് ചൗഹാന്‍ എന്നിവര്‍ക്ക് ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതി നോട്ടിസയച്ചു.പരിശോധനാ ഫലം പുറത്തുവരുന്നതുവരെ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
ഫെബ്രുവരി 15 നു നടന്ന തെരഞ്ഞെടുപ്പില്‍ 6000 വോട്ടുകള്‍ക്കാണ് നവ് പ്രഭാത് ബി.ജെ.പി സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടത്. ഉത്തരാഖണ്ഡിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 11,000 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. 139 വോട്ടിങ് യന്ത്രങ്ങളാണ് വികാസ് നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ചത്.
ബി.ജെ.പി വന്‍ വിജയം നേടിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നെന്ന ആക്ഷേപം വിവിധ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നതിനിടെയാണ് കോടതി വിധി.നേരത്തേ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് വന്‍ വിജയം സമ്മാനിച്ചത് വോട്ടിങ് യന്ത്രങ്ങളിലെ തിരിമറിയാണെന്ന ആക്ഷേപം ശക്തമായിരുന്നു. ബി.എസ്.പി എ.എ.പി പാര്‍ട്ടികള്‍ വിഷയത്തില്‍ ശക്തമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു.