സോഷ്യല്‍ മീഡിയായ ഫേയ്സ്ബുക്ക് വഴി ഏറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത് വൃദ്ധജനങ്ങളാണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ന്യൂയോര്‍ക്ക് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റികള്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വിദ്യാഭ്യാസം, സെക്‌സ്, വംശീയത, ധനം എന്നീ മേഖലകളിലെ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന വ്യാജ ലിങ്കുകള്‍ ഏറ്റവും കൂടുതല്‍ യുവാക്കളെ അപേക്ഷിച്ച് ഷെയര്‍ ചെയ്യുന്നത് വൃദ്ധരാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍ തന്നെ 65 വയസിന് മുകളിലുള്ളവരാണ് കൂടുതലും എന്നും കണ്ടെത്തിയിട്ടുണ്ട്. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ വോട്ടര്‍മാരുടെ മനസ് തിരുത്തിയെന്ന വാദങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
സയന്‍സ് അഡ്വാന്‍സിലാണ് ഇത് സംബന്ധിച്ച പഠനം നല്‍കിയിരിക്കുന്നത്. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ശേഷം 3,500 പേരിലാണ് ഈ പഠനം നടത്തിയത്. ഇതില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളും, അത് ഉപയോഗിക്കാത്തവരും ഉണ്ടായിരുന്നു. പഠനത്തില്‍ ഉള്‍പ്പെട്ട ഫേയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ആപ്പ് ഗവേഷകര്‍ നല്‍കി.
ഇത് ഇവരുടെ ഫോണില്‍ ഇന്‍സ്റ്റള്‍ ചെയ്ത്, ആപ്ലിക്കേഷന്‍ വഴി പഠനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ മത കാഴ്ചപ്പാടുകള്‍, ടൈം ലൈനിലെ പോസ്റ്റുകള്‍, പിന്തുടരുന്ന പേജുകള്‍ എന്നിവയുടെ വിവരം ശേഖരിച്ചു. എന്നാല്‍ ഈ ആപ്പ് ഉപയോഗിച്ച് പഠനത്തില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ അല്ലാതെ മറ്റൊരാളുടെയും വിവരം ശേഖരിക്കാന്‍ ആകില്ലെന്നും ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ പങ്കെടുത്ത 46 ശതമാനം പേര്‍ ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറിയതില്‍ നിന്നും. അക്കാലത്ത് പ്രചരിച്ച പ്രധാന വ്യാജവാര്‍ത്തകളും ന്യൂസ് ഫീഡ് ലിങ്കുകളും താരതമ്യം ചെയ്തപ്പോള്‍ 8.6 ശതമാനം പേരാണ് ഒന്നോ അതില്‍ അധികമോ വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്തത്.
ഇതില്‍ തന്നെ 11 ശതമാനവും 65 വയസിന് മുകളിലുള്ളവരാണ്.ഇതില്‍ 3 ശതമാനം 18നും 29നും ഇടയിലുള്ളവരാണ്. പ്രധാനമായും രണ്ട് കാരണങ്ങളാണ് പ്രായം കൂടിയവര്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന അവസ്ഥയെ വിവരിക്കാന്‍ പഠനം പറയുന്നത്. ഒന്നാമതായി പ്രായം കൂടിയവര്‍ വൈകിയാണ് സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയത്. അതിനാല്‍ തന്നെ അവരുടെ ഡിജിറ്റല്‍ നിരക്ഷരത ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിലേക്ക് നയിച്ചേക്കാം. രണ്ടാമത് പ്രായം ഏറുന്നതോടെ തനിക്ക് എല്ലാം വ്യക്തമാണ് എന്ന ബോധവും, ഒരു കാര്യത്തില്‍ വരുന്ന അമിത ആത്മവിശ്വാസമായിരിക്കാം ഇതിനു കരണമാകുന്നതെന്നും പഠനം പറയുന്നു.