ബസ് യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തില്‍ അതിവേഗം നടപടി സ്വീകരിച്ച പൊലീസിന് നന്ദി പറഞ്ഞ് യുവതിയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഗവേഷക വിദ്യാര്‍ഥിയായ എ.ടി ലിജിഷയ്ക്കാണ് തിരൂരില്‍ നിന്നും മഞ്ചേരിയിലേയ്ക്കുളള ബസ് യാത്രയ്ക്കിടെ ചില പുരുഷയാത്രക്കാരില്‍ നിന്ന് ദുരനുഭവമുണ്ടായത്. ബസിലെ ജനറല്‍ സീറ്റില്‍ യാത്ര ചെയ്ത തന്നോട് അമ്മയും കുഞ്ഞും സീറ്റിലേയ്ക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ചിലര്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും ലിജിഷ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ബസിലെ കണ്ടക്ടറും അവര്‍ക്ക് പിന്തുണ നല്‍കി. ശല്യം അതിരു വിട്ടപ്പോള്‍ മലപ്പുറത്തു വച്ച് യാത്ര അവസാനിപ്പിച്ച് പൊലീസില്‍ പരാതിപ്പെട്ടു. ഉടനടി നടപടിയുണ്ടായെന്നും യുവതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ലിജിഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നന്ദി കേരള പോലീസ്
Thank you so much
Kerala Police
ഗവേഷണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച (4/9/2018) രാവിലെ കരുളായി പോകേണ്ടതിനാൽ തിങ്കളാഴ്ച്ച വൈകീട്ട് ക്ലാസ് കഴിഞ്ഞയുടൻ തന്നെ സർവകലാശാലയിൽ നിന്നും വീട്ടിലേക്കു പോവാൻ തീരുമാനിച്ചു.
വൈകുന്നേരം 5.45ന് തിരൂര് നിന്ന് MRL എന്ന ബസിൽ മഞ്ചേരിയിലേക്ക് യാത്ര തിരിച്ചു.
ലേഡീസ് സീറ്റിന് തൊട്ടു പിറകിലെ ജനറൽ സീറ്റിൽ , മലപ്പുറത്തേക്ക് ടിക്കറ്റെടുത്ത മറ്റൊരു യാത്രക്കാരിയുടെ അടുത്തായി ഞാനിരുന്നു. ബസിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. കോട്ടയ്ക്കലെത്തിയപ്പോൾ തൊട്ടു മുന്നിലെ ലേഡീസ് സീറ്റിൽ ഒരൊഴിവുവന്നു.
ഉടനെ തൊട്ടടുത്ത് നിന്നിരുന്ന യാത്രക്കാരൻ – (1) അങ്ങോട്ടു മാറിയിരിക്ക് എന്നു പറഞ്ഞു. ഞങ്ങളത് ശ്രദ്ധിച്ചില്ല. അപ്പോൾ മറ്റൊരാൾ ( 2)പറഞ്ഞു : ” ഒരാള് മാറീട്ട് കാര്യല്ലല്ലോ. ”
അപ്പോഴേക്ക് ഒഴിഞ്ഞ സീറ്റിൽ മറ്റൊരു പെൺകുട്ടി വന്നിരിക്കുകയും ചെയ്തു.
യാത്രക്കാരൻ 1: എന്തൊരു ഗമയാ ണ് ഇവറ്റകൾക്ക് ! ആണുങ്ങൾ ടെ സീറ്റിലിലങ്ങ് കേറിയിരുന്നോളും.”
ഞാനും സഹസീറ്റുകാരിയും ഒന്നും മിണ്ടിയില്ല.
മാണൂരോ, പൊൻമളയോ എത്തിയപ്പോൾ സഹസീറ്റുകാരി ബസിൽ നിന്നിറങ്ങിപ്പോയി. ആ സീറ്റിൽ ഞാനൊറ്റയ്ക്കായി . ഉടനെ യാത്രക്കാരൻ (1) “അങ്ങോട്ടു മാറിയിരിക്ക് എന്നു പറഞ്ഞ് വീണ്ടും ശല്യം ചെയ്യാൻ തുടങ്ങി. ഞാൻ നോക്കുമ്പോൾ എന്റെ സീറ്റിന്റെ എതിർ വശത്തുണ്ടായിരുന്നത് ‘അമ്മയും കുഞ്ഞും ‘ സീറ്റാണ്. ആ സീറ്റിൽ ഒരു ചേച്ചി ഇരിക്കുന്നുണ്ടായിരുന്നു. മറ്റൊരു സീറ്റും നിലവിൽ ഒഴിവുണ്ടായിരുന്നില്ല.
‘അമ്മയും കുഞ്ഞും സീറ്റ് ‘സംവരണ സീറ്റാണെന്നും അമ്മയും കുഞ്ഞും വരികയാണെങ്കിൽ ഞാൻ എഴുന്നേറ്റു കൊടുക്കേണ്ടി വരുമെന്നും എനിക്ക് മഞ്ചേരി വരെ യാത്ര ചെയ്യാനുള്ളതാണെന്നും ഞാനാ യാത്രക്കാരനോടു പറഞ്ഞു.
ഉടനെ യാത്രക്കാരൻ 1: “ഇപ്പൊ അമ്മയും കുഞ്ഞുമൊന്നും കേറീട്ടില്ലല്ലോ. മാറിയിരിക്കങ്ങോട്ട്. ”
യാത്രക്കാരൻ 3: “എന്താണ് ഈ കുട്ടീടെ വാശി ! അല്ലേലും ഈ പ്രായത്തിലെ കുട്ടികൾ ആർക്കും എഴുന്നേറ്റു കൊടുക്കൂല….” എന്ന് തുടങ്ങി കുറേ കുറ്റങ്ങൾ പറയാൻ തുടങ്ങി.
സീറ്റിൽ നിന്നു മാറിയിരിക്കില്ലെന്ന് ഞാൻ ശക്തമായി തന്നെ പറഞ്ഞു. ഉടനെ യാത്രക്കാരൻ 3: “ആ ബാഗെടുക്ക് ഞാനവിടെയിരിക്കും. ”
ലാപ് ടോപ്പടങ്ങിയ ബാഗ് ശരീരത്തോടു ചേർത്തു കുത്തനെ സീറ്റിൽ വെച്ചിട്ടുണ്ടായിരുന്നു ഞാൻ.
ബാഗെടുക്കാൻ പറ്റില്ലെന്ന് ഞാനറിയിച്ചു. അയാളവിടെ കേറിയിരുന്നു കൊണ്ട് ബാഗെടുക്കാൻ വീണ്ടും ആവശ്യപ്പെട്ടു. ഉടനെ ഞാൻ കണ്ടക്ടറെ വിളിച്ചെങ്കിലും കണ്ടക്ടർ വന്നില്ല. അയാളവിടെ ഇരിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ടെന്നും എഴുന്നേൽക്കണമെന്നും ഞാനയാളോടു ആവശ്യപ്പെട്ടു. കാരണം അത്ര നേരം വഴക്കടിച്ച അയാൾ തൊട്ടടുത്തിരുന്ന് എന്തെങ്കിലും ചെയ്താൽപ്പോലും ആരും എന്നെ സഹായിക്കാനുണ്ടാവില്ലെന്ന് എനിക്കുറപ്പായിരുന്നു. അത്ര നേരം നടന്ന ബഹളങ്ങൾക്കിടയിലും ആരും പ്രതികരിക്കാതിരുന്നതിനാലാണ് അങ്ങനെയൊരു തോന്നലുണ്ടായത്. മറ്റാരെങ്കിലുമിരുന്നാൽ പ്രശ്നമില്ലെന്നും പറഞ്ഞിരുന്നു.
ബസ് മലപ്പുറം കുന്നുമ്മലെത്താനായപ്പോൾ കണ്ടക്ടർ വന്ന് എന്നോട് സീറ്റ് മാറിയിരിക്കാൻ പറഞ്ഞു. മാറിയിരിക്കില്ലെന്നും – യാത്രക്കാർ ആവശ്യപ്പെടുന്നതിനനുസരിച്ച് സീറ്റ് മാറിയിരിക്കാൻ പറ്റില്ലെന്നും ഞാൻ പറഞ്ഞപ്പോൾ കണ്ടക്ടർ ബാഗെടുക്കാൻ ആവശ്യപ്പെട്ട്, അത്ര നേരം ശല്യം ചെയ്ത യാത്രക്കാരെ സഹായിക്കും വിധമാണ് സംസാരിച്ചത്.
ഈയൊരവസ്ഥയിൽ ബസിൽ യാത്ര തുടരാനാവില്ലെന്നും – മലപ്പുറത്തു നിന്ന് മഞ്ചേരിയിലേക്കുള്ള ടിക്കറ്റ് കാശ് മടക്കിത്തരണമെന്നും കണ്ടക്ടറോട് ഞാനവശ്യപ്പെട്ടു. അദ്ദേഹം അതവഗണിച്ചു കൊണ്ട് പിന്നിലേക്കു പോവുകയാണുണ്ടായത്.
ഞാൻ മലപ്പുറത്തിറങ്ങി ഉടനെ സുഹൃത്ത് അനൂപേട്ടനേയും ( Anoop Mannazhi )ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ പ്രമോദ് വി.ആർ നേയും ( Pramod Vr ) വിളിച്ചു. ഉടൻ തന്നെ അവർ മലപ്പുറത്തെത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. രാത്രി സമയം യാത്ര ചെയ്യുന്ന ഒരു പെൺകുട്ടി എന്ന നിലയിൽ വേണ്ട സുരക്ഷിതത്വം നൽകാതെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ച ബസ് കണ്ടക്ടർക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. യാത്രക്കാർ ആരാണെന്നു വ്യക്തമല്ലാത്തതിനാൽ അവർക്കെതിരെ ഒന്നും ചെയ്യാനാവില്ലായിരുന്നു.
രണ്ടു പെൺകുട്ടികൾ ജനറൽ സീറ്റിലിരുന്നതാണ് ആ യാത്രക്കാരെ പ്രകോപിപ്പിച്ചത്. അവരുടെ ധാരണ General Seet ആണുങ്ങൾക്കുള്ളതാണ് എന്നാണ്. ഞാനെന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചതും നിയമം പറഞ്ഞതും അവരുടെ ആണഹന്തയെ പൊള്ളിച്ചു. ഒരു പെൺകുട്ടിയുടെ അഹങ്കാരം കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് അവർ എന്നെ നിരന്തരം ശല്യം ചെയ്യാൻ തുടങ്ങിയത്. രാത്രി സമയത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെൺകുട്ടികൾക്ക് സുരക്ഷിതത്വമൊരുക്കേണ്ടത് ബസ് ജീവനക്കാരുടെ ഉത്തരവാദിത്വമാണ്. ഇത് ലംഘിച്ചതിനാണ് ബസ് കണ്ടക്ടർക്കെതിരെ പരാതി നൽകിയത്.
ചൊവ്വാഴ്ച്ച തന്നെ പൊലീസ് കണ്ടക്ടറെ സ്റ്റേഷനിൽ വരുത്തി, എന്നെ ഫോണിൽ വിളിച്ച് ,എപ്പോഴാണ് പോലീസ് സ്റ്റേഷനിൽ എത്താനാവുക എന്നു തിരക്കി. ബുധനാഴ്ച്ച 10.30 ന് എന്ന് ഞാൻ മറുപടി നൽകി.
ഇന്ന് രാവിലെ 10.40 ന് ഞാൻ പ്രമോദേട്ടനോടൊപ്പം സ്റ്റേഷനിലെത്തി. സബ് ഇൻസ്പെക്ടറുമായി സംസാരിച്ചു. കണ്ടക്ടർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. കണ്ടക്ടറെ മനുഷ്യാവകാശത്തെക്കുറിച്ച് ബോധ്യപ്പെടുത്തി തടവിൽ വെച്ചിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അദ്ദേഹത്തിന്റെ തൊഴിൽ നഷ്ടപ്പെടുന്ന രീതിയിൽ കടുത്ത നടപടിയൊന്നും ആഗ്രഹിക്കുന്നില്ല എന്ന് അറിയിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദിയറിയിച്ച് മടങ്ങി.
യാത്രക്കാർ ശല്യം ചെയ്തപ്പോൾ ഇടപെടാത്തതു കാരണം കണ്ടക്ടർക്ക് 2 ദിവസം പോലീസ് സ്റ്റേഷനിൽ വരേണ്ടി വന്നു. വലിയ തുക പിഴയൊടുക്കേണ്ടി വരും. പൊലീസ് നടപടികൾ സ്വീകരിക്കേണ്ടി വരും.
സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത്, സബ് ഇൻസ്പെക്ടർ റഫീഖ് മുഹമ്മദ് Rafeeq Mohamed , സിവിൽ പൊലീസ് ഓഫീസർ അജയ് കുമാർ ടി – തുടങ്ങി എല്ലാ പൊലീസ് ഉദ്യോഗസ്ഥരും വളരെ സൗഹൃദപരമായാണ് പെരുമാറിയത്. എന്തു പ്രശ്നമുണ്ടായാലും ഭയപ്പെടാതെ പൊലീസ് സഹായം തേടാമെന്നും കൂടെയുണ്ടാവുമെന്നും അറിയിച്ചു.
കേരള പൊലീസ് ഡിപ്പാർട്ട്മെന്റിനോടും
മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥരോടും മനസു നിറഞ്ഞ നന്ദി അറിയിക്കുന്നു.
പിന്തുണ നൽകിയ ശാസ്ത്രസാഹിത്യപരിഷത്തിനും ജില്ലാ സെക്രട്ടറി പ്രമോദേട്ടനും Pramod vr സുഹൃത്തുക്കളായ അനൂപേട്ടൻമാർ, അനൂപ് മണ്ണഴി, Anoop Parakkat, പ്രജീഷ് ഖദിരഎന്നിവർക്കും
സ്നേഹവും നന്ദിയും അറിയിക്കുന്നു.
(NB: ലേഡീസ് സീറ്റ് ഒഴിവുണ്ടെങ്കിൽ പുരുഷൻമാർ ഇരിക്കണം എന്നു തന്നെ യാണ് അഭിപ്രായം. പക്ഷേ അർഹതപ്പെട്ടവർ വരുമ്പോൾ മാറിക്കൊടുക്കണം. എത് സീറ്റായാലും ഒഴിച്ചിട്ട് യാത്ര ചെയ്യണമെന്നില്ല.)