എവിടെ ധര്‍മ്മം എവിടെ നീതി?: ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിവാദം സൃഷ്ടിച്ച ഫോണ്‍ കെണി കേസില്‍ അകപ്പെട്ട് രാജി വച്ച് പോകേണ്ടി വന്ന എകെ ശശീന്ദ്രന്‍ തിരികെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒരേ മന്ത്രിസഭയില്‍ രണ്ടാമതും മന്ത്രിയാകുന്ന അപൂര്‍വ്വ സംഭവമായിരുന്നു ഇന്ന് നടന്നത്.

എന്നാല്‍ ഇപ്പോഴത്തെ മന്ത്രിസ്ഥാനം അത്ര ഉറപ്പുള്ളതല്ല. ശശീന്ദ്രന് എതിരായി മാധ്യമ പ്രവര്‍ത്തക നല്‍കിയ കേസ് പിന്‍വലിച്ച നടപടി ഹക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ രാജിവയ്ക്കാന്‍ കാരണമായ ഫോണ്‍ സംഭാഷണം താന്‍തന്നെ നടത്തിയതാണെന്ന് സമ്മതിക്കുന്ന തരത്തില്‍ മന്ത്രി മറുപടിപറയുന്ന ഓഡിയോ ക്ലിപ് പുറത്തു വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മംഗളം ചാനലിലെ തന്നെ സീനിയര്‍ മാധ്യമ പ്രവര്‍ത്തകനായ പ്രദീപാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയോട് ധാര്‍മ്മിക ബാധ്യത ഉണര്‍ത്തുന്ന ചോദ്യങ്ങളും അദ്ദേഹം ചോദിക്കുന്നുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം
പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മുഖ്യമന്ത്രീ അങ്ങേയ്ക്ക് നാണമില്ലേ ഈ വിഴുപ്പ് ചുമക്കാന്‍

ശ്രീ പിണണറായി വിജയനും അദ്ദേഹത്തിന്റെ രാഷ്ട്രീയ – നിയമ ഉപദേശകര്‍ക്കുമായി ഈ ഓഡിയോ സമര്‍പ്പിക്കുന്നു.. കൂടെ പ്രബുദ്ധരായ ജനാധിപത്യ വിശ്വാസികളും നന്നായി കേള്‍ക്കൂ

മുഖ്യമന്ത്രീ അങ്ങ് മറുപടി പറയുമോ താഴത്തെ ചോദ്യങ്ങള്‍ക്ക്? പറയണം മുഖ്യമന്ത്രീ അങ്ങ് ഇരട്ട ചങ്കനാണെല്ലോ?

** ഈ ഓഡിയോ ഒരു കുറ്റകൃത്യത്തിന് തെളിവാണ്.

ക്രൈംബ്രാഞ്ച് കേസില്‍ തന്റെ ശബ്ദ പരിശോധനക്ക് ഏറെ പ്രാധാന്യം ഉണ്ടെന്നും അത് തനിക്ക് ദോഷമാകുമെന്നും അതിനാല്‍ അത് പരിശോധിക്കപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം ആഗ്രഹിക്കുന്നു സൂചിപ്പിക്കുന്നു. നാളെ അത് സ്വാധീനമായി വരും. അപ്പോള്‍ തെളിവ് നശിപ്പിക്കാനുള്ള പ്രേരണാക്കുറ്റം. അങ്ങ് എന്ത് നടപടി സ്വീകരിക്കും?

**എ കെ ശശീന്ദ്രന് എതിരായി ഗുരുതര കുറ്റകൃത്യങ്ങള്‍ ആരോപിക്കുന്ന 554 A, 354 D, 509 IPC പ്രകാരമുള്ള കേസ് ഒത്തുതീര്‍ത്തതിനെതിരായ ഹൈക്കോടതിയിലെ അപ്പീലില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്

ശശീന്ദ്രന്‍ അംഗമായ ക്യാബിനറ്റ് എടുക്കുന്ന തീരുമാനത്തില്‍ എവിടെ ധര്‍മ്മം? എവിടെ നീതി?

**:ആന്റണി കമ്മീഷന്‍ ശുപാര്‍ശകള്‍ പഠിക്കാന്‍ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ റീപ്പോര്‍ട്ട് എ കെ ശശീന്ദ്രന്‍ അംഗമായ ക്യാബിനറ്റ് പരിഗണിക്കുമ്പോള്‍ ആ തീരുമാനത്തില്‍ എവിടെ ധര്‍മ്മം? എവിടെ നീതി?

**ക്രൈം ബ്രാഞ്ചിന് മുന്നില്‍ എ കെ ശശീന്ദ്രനും മാധ്യമ പ്രവര്‍ത്തകരും കക്ഷികളായി 51 & 52/CR/OCW1 /17/TVPM എന്ന നമ്പരില്‍ 120 B IPC, 67 A IT ACT വകുപ്പുകളില്‍ FIR നിലവില്‍ ഉണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

ക്യാബിനറ്റ് അംഗമായി എ കെ ശശീന്ദ്രന്‍ ഉള്ളപ്പോള്‍ അന്വേഷണ വഴികളില്‍ എവിടെ ധര്‍മ്മം? എവിടെ നീതി?

അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വാധീനങ്ങള്‍ക്കപ്പുറത്ത് പ്രവര്‍ത്തിക്കുമെന്ന് എന്ത് ഉറപ്പ്?

ഈ ഓഡിയോ തന്നെ സാക്ഷി

** സി ജെ എമ്മിലെ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി. അപ്പോ സാക്ഷികളെ സ്വാധീനിക്കല്‍, പ്രലോഭിപ്പിക്കല്‍ തെളിവ് നശിപ്പിക്കല്‍ കുറ്റകൃത്യം.

എ കെ ശശീന്ദ്രന്റെ വിവാദ ശബ്ദം ഉള്‍പ്പെട്ട വാര്‍ത്ത അവതരിപ്പിച്ചു എന്ന മാധ്യമ ജോലി ചെയ്തതിന് എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നീതിമാനായ മുഖ്യമന്ത്രി ആണ് അങ്ങ്.

അങ്ങ് മേല്‍ സൂചിപ്പിച്ചവ കുറ്റകൃത്യം എന്ന് കരുതുന്നുണ്ടോ? എന്ത് നടപടി സ്വീകരിക്കക്കും?

കേരളം അങ്ങയെ ഓര്‍ത്ത് ലജ്ജിച്ച് തല താഴ്ത്താതിരിക്കട്ടേ..ലാല്‍ സലാം.

Top