വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കും

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത നല്‍കിയാല്‍ മാധ്യമ പ്രാവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ സ്ഥിരമായി നഷ്ടമാകുമെന്ന് സര്‍ക്കാര്‍. വലിയ ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കം അടങ്ങിയ വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷനാണ് എന്നത്തേക്കുമായി റദ്ദാക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് തെളിഞ്ഞാല്‍ ആദ്യമായാണെങ്കില്‍ ആറുമാസത്തേക്ക് അക്രഡിറ്റേഷന്‍ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയാണെങ്കില്‍ സ്ഥിരമായും അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാജ്യവാര്‍ത്തകളെ കുറിച്ചുള്ള പരാതി പത്രങ്ങളെ സംബന്ധിച്ചാണെങ്കില്‍ പ്രസ് കൗണ്‍സില്‍ ഒാഫ് ഇന്ത്യയും ഇലക്ട്രോണിക് മാധ്യമങ്ങളെ സംബന്ധിച്ചാണ് പരാതിയെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും പരിശോധിക്കും. 15 ദിവസത്തിനുള്ളില്‍ പരാതി പരിശാധിച്ച്‌ വാര്‍ത്തകള്‍ വ്യാജമാണോ അല്ലയോ എന്ന് ഇൗ ഏജന്‍സികള്‍ തീരുമാനമെടുക്കണം. പരാതി രജിസ്റ്റര്‍ ചെയ്യുന്ന നിമിഷം മുതല്‍ വ്യാജ വാര്‍ത്താ പ്രചരിപ്പിച്ചുവെന്ന ആരോപണവിധേയന്റെ അക്രഡിറ്റേഷന്‍, വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ സസ്പെന്റ് ചെയ്യുമെന്നും നിയമത്തില്‍ പറയുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അക്രഡിറ്റേഷന്‍ കമ്മിറ്റിയില്‍ പ്രസ് കൗണ്‍സില്‍ ഒാഫ് ഇന്ത്യയുടെയും ന്യുസ് ബ്രോഡ്കാസ്റ്റിങ്ങ് അസോസിയേഷന്റെയും പ്രതിനിധികളും ഉണ്ടാകും. അക്രഡിറ്റേഷന്‍ അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ ധര്‍മം പാലിക്കുന്നവരാണോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രമേ അക്രഡിറ്റേഷന്‍ അനുവദിക്കുകയുള്ളൂവെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.

Top