വൈറലായി മാധ്യമപ്രവര്‍ത്തകയുടെ കണ്ണുരുട്ടല്‍

ബെയ്ജിങ്: ഇന്ത്യയിലെന്നല്ല ലോകമെമ്പാടും വൈറലായിരുന്നു പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍. കേവലം ഒരു സിനിമാ പാട്ടിലെ രംഗത്തിലൂടെ കണ്ണിറുക്കി കാണിച്ച് പ്രിയ പ്രേക്ഷകരെ കീഴടക്കി. എന്നാല്‍ അങ്ങ് ചൈനയില്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ കണ്ണുരുട്ടലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്. ലിയാങ് ഷിയാങി എന്ന മാധ്യമപ്രവര്‍ത്തകയാണ് കണ്ണുരുട്ടി വൈറലായത്. പ്രിയയുടെ പോലെ കുസൃതി നിറഞ്ഞതൊന്നുമല്ലെങ്കിലും ലിയാങിന്റെ കണ്ണുരുട്ടല്‍ ചിരി പടര്‍ത്തുന്നതാണ്. സര്‍ക്കാര്‍ പ്രതിനിധിയോട് ഒട്ടും ഗൗരവമില്ലാത്ത ചോദ്യം ചോദിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകയോടുള്ള അതൃപ്തിയാണ് ലിയാങ് കണ്ണുചുറ്റിച്ചു പ്രകടിപ്പിച്ചത്. ലിയാങിന്റെ കണ്ണുരുട്ടല്‍ മറ്റ് ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തതോടെയാണ് ഇത് വൈറലായത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ രണ്ടാഴ്ച നീണ്ടുനിന്ന പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. ഷാങ്ഹായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യികായി എന്ന ടിവി ചാനലിലെ മാധ്യമപ്രവര്‍ത്തകയാണ് ലിയാങ്. തൊട്ടടുത്ത് നിന്ന് ചോദ്യം ചോദിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകയോടുള്ള അമര്‍ഷമായിരുന്നു ആ കണ്ണുരുട്ടലിന് പിന്നില്‍. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകയെ ലിയാങ് തിരിഞ്ഞു നോക്കുന്നതും കാണാം. ദൃശ്യങ്ങള്‍ വൈറലായതോടെ ഇതിന്റെ അടിസ്ഥാനത്തില്‍ ലിയാങിനെ വെച്ച് നിരവധി ജിഫുകളും വരുന്നുണ്ട്. വാട്ട്‌സാപ്പിന് പകരം ചൈനയില്‍ പ്രചാരത്തിലുള്ള മെസേജിങ് സര്‍വീസ് വി ചാറ്റിലും ലിയാങ് തരംഗമായിക്കഴിഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചൈനീസ് സര്‍ക്കാരിന് ലിയാങിന്റെ കണ്ണുരുട്ടല്‍ അത്ര സുഖിച്ചിട്ടില്ലെന്നാണ് സൂചനകള്‍. ചൈനയിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ വെയ്‌ബോയില്‍ ലിയാങിന്റെ പേര് തെരച്ചിലില്‍ വരുന്നതില്‍നിന്ന് ബ്‌ളോക്ക് ചെയ്തിട്ടുണ്ട്.

Top