ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കും എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ കാരണമായി മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് രണ്ടും പാടെ പാളിയ അവസ്ഥയാണ് ഉള്ളത്. കോടികളുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേയ്ക്ക് ഒഴുകുന്നു. 2000 രൂപയുടെ നോട്ടുകളാണ് വന്‍തോതില്‍ എത്തുന്നത്. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാളിലെ മാര്‍ഡ സ്വദേശിയായ കാഷിദ് ആണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ വച്ച് അറസ്റ്റിലായത്.
ഒരു രണ്ടായിരം രൂപ നോട്ടിന് വില 900 രൂപയാണ്. പാകിസ്ഥാനില്‍ നിന്നും രാജ്യത്തേക്ക് എത്തുന്നത് കോടികള്‍ വിലമതിക്കുന്ന 2000 രൂപയുടെ കള്ളനോട്ടുകളുടെ വിലയാണ് ഇത്. അന്താരാഷ്ട്ര കള്ള നോട്ടു സംഘത്തിലെ മുഖ്യ വിതരണക്കാരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്ന കാഷിദ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാളിലൂടെ പുറത്തായിരിക്കുന്നത്. രണ്ടായിരത്തിന്റെ നോട്ടിറക്കിയത് കള്ളനോട്ടിക്കാര്‍ക്ക് അനുഗ്രഹമായി മാറി. ഡിസൈനിംഗിലും പേപ്പറിന്റെ ക്വാളിറ്റിയിലും നിലവാരം കുറഞ്ഞതായതിനാല്‍ 2000ന്റെ വ്യാജന്‍ വളരെപ്പെട്ടെന്ന് അടിച്ചിറക്കാനാകും.
അതിര്‍ത്തിവഴി രാജ്യത്തേക്ക് കോടികള്‍ വിലമതിക്കുന്ന കള്ളനോട്ടുകള്‍ എത്തുന്നതിനിടെയാണ് മുഖ്യവിതരണക്കാരന്‍ അറസ്റ്റിലായത്. 6.6 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകളാണ് ഇയാളില്‍ നിന്നും പിടികൂടിയത്. 2000 രൂപയുടെ 330 നോട്ടുകള്‍ ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലായി വ്യാജ കറന്‍സികള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പോലീസിനോട് വ്യക്തമാക്കി.
നൂറു രൂപ നോട്ടുകള്‍ക്ക് മുപ്പതു രൂപയും രണ്ടായിരം രൂപയ്ക്ക് 900 രൂപയുമാണ് മൂല്യം. പിടിച്ചെടുത്ത നോട്ടുകളുടെ സുരക്ഷാ അടയാളങ്ങള്‍ വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. 250 എണ്ണം ഒരേ സീരിയല്‍ നമ്പറുകളാണുള്ളത്. ഇതില്‍ 80 എണ്ണം പൊതുവായ സീരിയല്‍ നമ്പറുകളാണുള്ളത്.