വീട്ടില്‍ കള്ളനോട്ടടി: മൂന്നുപേര്‍ പിടിയില്‍; അച്ചടിച്ചിരുന്നത് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍

കോഴിക്കോട്: വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി മൂന്നുപേര്‍ പിടിയില്‍. ബാലുശ്ശേരിയിലാണ് വീട്ടില്‍ അച്ചടിയന്ത്രം സ്ഥാപിച്ച് കള്ളനോട്ട് അടിച്ചിരുന്നത്. വീട്ടുടമ ബാലുശ്ശേരി മീത്തലെ മണിഞ്ചേരി മുത്തു എന്ന രാജേഷ് കുമാര്‍, എറണാകുളം വൈറ്റില തെങ്ങുമ്മല്‍ വില്‍വര്‍ട്ട്, കോഴിക്കോട് നല്ലളം താനിലശ്ശേരി വൈശാഖ് എന്നിവരെയാണ് ബാലുശ്ശേരി സി ഐ കെ സുഷീറും സംഘവും അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൊലീസ് സംഘം വീട്ടിലെത്തിയത്. വീടിന് മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ നിന്നാണ് കള്ളനോട്ടും യന്ത്രസാമഗ്രികളും കണ്ടെത്തിയത്. കട്ടിലിനടിയില്‍ നിന്നുമാണ് നോട്ടടിക്കുന്ന പേപ്പറിന്റെ ഇരുന്നൂറ് എണ്ണം വീതമുള്ള 74 കെട്ട് കണ്ടെത്തിയത്. രണ്ടായിരം, അഞ്ഞൂറ് നോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്. ഇവിടെ നിന്ന് കണ്ടെത്തിയ തുക, പുറത്ത് വിതരണം നടത്തിയ തുക എന്നിവയെപറ്റി വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. അത്യാധുനിക യന്ത്രമാണ് നോട്ടടിക്കാന്‍ ഉപയോഗിച്ചത്. അറസ്റ്റിലായ മൂന്നു പേരും വിവിധ കേസുകളില്‍ ജയില്‍ വാസം അനുഭവിച്ചവരാണ്. രാജേഷ് കുമാര്‍ മാസങ്ങള്‍ക്ക് മുമ്പ് മാന്‍ വേട്ടയില്‍ കുടുങ്ങിയും വില്‍വര്‍ട്ട് നോട്ടടി കേസിലും വൈശാഖ് കുറ്റ്യാടി ബോബ് കേസിലുമാണ് ജയിലിലായത്. ജയിലില്‍ വച്ചാണ് ഇവര്‍ പരിചയപ്പെട്ടത്. ഈ പരിചയമാണ് ഇരുവരെയും ബാലുശ്ശേരിയിലെ രാജേഷിന്റെ വീട്ടിലേക്കെത്തിച്ചത്.

ഏറെ നാളുകളായി ഇരുവരും രാജേഷിന്റെ വീട്ടില്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. ക്രൈം ബ്രാഞ്ച് ബ്യൂറോ സയന്റിഫിക് ഓഫീസര്‍ വി വിനീത്, ഫോറന്‍സ് എ എസ് ഐ ഷനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷമാണ് യന്ത്രസാമഗ്രികളും മറ്റും മാറ്റി പൊലീസ് വീട് സീല്‍ ചെയ്തത്.

Top