ഇരുനൂറ് രൂപ നോട്ട് കാണും മുന്‍പേ വ്യാജ നോട്ടുകള്‍ സുലഭമായി  

ആര്‍ബിഐ ഓഗസ്തില്‍ പുറത്തിറക്കിയ 200 രൂപയുടെ പുതിയ കറന്‍സി നോട്ടുകള്‍ പലരും നേരിട്ട് കാണും മുന്‍പേ വ്യാജനോട്ടുകള്‍ വ്യാപകമാകുന്നു. കഴിഞ്ഞദിവസം കാശ്മീരില്‍ പിടിച്ചെടുത്തത് 6.36 ലക്ഷം രൂപയുടെ കളളനോട്ടുകളാണ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 200 രൂപയുടെ 270 നോട്ടുകളും, 500 രൂപയുടെ 1150 നോട്ടുകളും 50 രൂപയുടെ 19 നോട്ടുകളുമാണ് പിടികൂടിയത്. അറസ്റ്റിലായ ഷൗക്കത്ത് അഹമ്മദ് വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ സ്വയം പ്രിന്റ് ചെയ്‌തെടുത്തവയാണ് നോട്ടുകളെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒറിജിനലിനെ വെല്ലുന്നവയായിരുന്നു നോട്ടകളെന്നതിനാല്‍ ഇവ തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. പ്രധാന പ്രതി ഷൗക്കത്തിനെ ചോദ്യം ചെയ്തുവരികയാണ്. വലിയ കള്ളനോട്ട് വിതരണശൃംഖലയുടെ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2016 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ 1,000, 500 രൂപ നോട്ടുകള്‍ നിരോധിച്ചിരുന്നു. ഇതിനുശേഷമുണ്ടായ ചില്ലറക്ഷാമം പരിഹരിക്കുന്നതിനായാണ് അടുത്തിടെ 200 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. കള്ളനോട്ടുകള്‍ തടയുവാന്‍ കൂടിയാണ് സര്‍ക്കാര്‍ നോട്ടുകള്‍ നിരോധിച്ചതെങ്കിലും പുതിയ നോട്ടുകള്‍ വന്നതിന് പിന്നാലെ കള്ളനോട്ടുകളും വ്യാപകമായിട്ടുണ്ട്.

Top