തൃശൂര്‍: തൃശൂരില്‍ കൊക്കാലെയ്ക്ക് സമീപം ഒരു ഹോട്ടലിന്റെ പാര്‍ക്കിംഗ് പ്രദേശത്ത് കഴിഞ്ഞ ദിവസം രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്തു. ഹോണ്ട സിറ്റിയും ഹ്യൂണ്ടായ് ഐ10നും. കാറുകള്‍ കണ്ടാല്‍ പ്രത്യേകിച്ച് അസ്വാഭാവികതയൊന്നും തോന്നില്ല. എന്നാല്‍ ഇതിനിടെ സുരക്ഷാ ജീവനക്കാരന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചു. രണ്ട് കാറുകളുടെയും നമ്പര്‍ ഒന്ന് തന്നെ. കെഎല്‍ 63 ബി 9900 എന്ന നമ്പറിലാണു കാറുകള്‍ കണ്ടെത്തിയത്. ഇതിലൊരു കാറിന്റെ നമ്പര്‍ യഥാര്‍ഥവും മറ്റേതു വ്യാജവുമാണെന്നാണ് പ്രാഥമിക നിഗമനം. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാറിലുണ്ടായിരുന്ന വനിതയെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു കാറുകളും സ്റ്റേഷനിലേക്കു മാറ്റി.
ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് കാറുകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ഹോണ്ട സിറ്റി കാറിന്റേതാണ് യഥാര്‍ഥ നമ്പറെന്നു കണ്ടെത്തി. 2014 ഓഗസ്റ്റ് 18ന് അങ്കമാലി ജോയിന്റ് ആര്‍ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത കാറാണിത്. എന്നാല്‍, തൊട്ടടുത്തു പാര്‍ക്ക് ചെയ്തിരുന്ന ഐ10 കാറിനും ഇതേ നമ്പര്‍ പ്ലേറ്റ് തന്നെ ഘടിപ്പിച്ചതാണ് ദുരൂഹതയ്ക്കിടയാക്കിയത്.
കാറിന് വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിരുന്നതിന് പിന്നില്‍ എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണോ എന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. രണ്ടു വാഹനങ്ങളും പരിശോധിച്ചെങ്കിലും നിയമവിരുദ്ധമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഈസ്റ്റ് സിഐ അറിയിച്ചു. നികുതി വെട്ടിക്കാനും, കുറ്റകൃത്യങ്ങള്‍ക്കുമാണ് ഇത്തരത്തില്‍ ഒരേ നമ്പറിലുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നതെന്ന് പൊലീസ് പറയുന്നു.നിരീക്ഷണ ക്യാമറകളില്‍ കാറിന്റെ ചിത്രം പതിഞ്ഞാലും കുറ്റവാളികള്‍ക്ക് ഈ പഴുതിലൂടെ രക്ഷപ്പെടാന്‍ കഴിയും.
തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം സമാനരീതിയിലൊരു സംഭവം നടന്നിരുന്നു. ഇതുപോലെ ഒരേ നമ്പറിലുള്ള കാറുകള്‍ കണ്ടെത്തിയിരുന്നു.തന്റെ അച്ഛന്റെ മരണത്തിന് കാരണമായ കാര്‍ അന്വേഷിച്ചു പോയ പ്രജു പ്രസന്നന്‍ എന്ന തിരുവനന്തപുരം സസ്വദേശിയാണ് KL-01-AL-6161 എന്ന രജിസ്‌ട്രേഷന്‍ നമ്പരിലുള്ള കറുത്ത ഇന്നോവ കാറിലേക്ക് എത്തിയത്. പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചുവെങ്കിലും ഇന്‍ഷുറന്‍സ് പോലുമില്ലാതിരുന്ന കാറിന്റെ ഉടമസ്ഥന്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കി. എന്നാല്‍, കുറച്ച് നാളുകള്‍ക്ക് ശേഷം പ്രജുവിന്റെ തന്നെ കണ്ണില്‍ വീണ്ടും അതേ നമ്പരില്‍ വെള്ള നിറത്തിലുള്ള ഇന്നോവ കാണാനിടയായി.ഇതിനുശേഷം ഒരു ദിവസം സിനിമാ നടി സനുഷ വാഹനപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വ്യാജ വാര്‍ത്തയില്‍ വന്ന ചിത്രത്തില്‍ അതേ നമ്പറില്‍ ഒരു സില്‍വര്‍ ഇന്നോവ കാറും ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരേ നമ്പറില്‍ മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള ഇന്നോവ കാറുകള്‍.