വ്യാജ വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപി കുടുങ്ങും; കോടതിയില്‍ നല്‍കിയ രേഖകള്‍ വ്യാജം; അറസ്റ്റിന് അനുമതി തേടി ക്രൈംബ്രാഞ്ച്

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപി ഹൈക്കോടതിയില്‍ നിരത്തിയ വാദങ്ങള്‍ തെറ്റാണെന്ന് അന്വേഷണത്തില്‍ തെളിയുന്നു. 2009 മുതല്‍ പുതുച്ചേരിയില്‍ താന്‍ വാടകയ്ക്കെടുത്ത ഫ്ളാറ്റിന്റെ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നാണ് സുരേഷ് ഗോപി ഹൈക്കോടതിയില്‍ അറിയിച്ചത്. എന്നാല്‍, ആ ഫ്ളാറ്റില്‍ ഇപ്പോഴും വീട്ടുടമസ്ഥന്‍ തന്നെയാണ് താമസിക്കുന്നതെന്ന് കണ്ടെത്തി.

കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. വേണ്ടി വന്നാല്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിന് ഡിജിപിയുടെ അനുമതി അന്വേഷണ സംഘം തേടിയതായാണ് സൂചന. സുരേഷ് ഗോപി ബിജെപിയുടെ എംപി കൂടി ആയ സാഹചര്യത്തിലാണ് ഇത്. നിലവില്‍ രാജ്യസഭാ യോഗം ചേരുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യസഭാ അധ്യക്ഷന്റെ അനുമതിയും അറസ്റ്റിന് തേടിയേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതുച്ചേരിയിലെ എല്ലൈപുള്ളിചാവടിയിലെ കാര്‍ത്തിക് അപ്പാര്‍ട്ട്മെന്റിലെ സി 3 എ ഫ്ളാറ്റില്‍ 2009 മുതല്‍ താന്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന് തെളിയിക്കുന്ന വാടക ചീട്ടും മുക്തിയാറുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കൊപ്പം സുരേഷ് ഗോപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഉടമ വെങ്കിടേശനും ഭാര്യ വിജയയുമാണ് തനിക്ക് ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കിയതെന്നും സുരേഷ്‌ഗോപി കോടതിയെ അറിയിച്ചിരുന്നു. ഉടമസ്ഥര്‍ തെങ്കാശിക്കടുത്ത് മേലാഗരത്താണ് താമസമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, മകളുടെ ചികിത്സയ്ക്കായാണ് താന്‍ തെങ്കാശിയില്‍ എത്തിയതെന്നും പുതുച്ചേരിയിലെ ഫ്ളാറ്റില്‍ ഇപ്പോള്‍ മകനാണ് താമസമെന്നും വിജയ വെളിപ്പെടുത്തി.

വര്‍ഷങ്ങളായി വെങ്കിടേശനും ഭാര്യ വിജയയും കാര്‍ത്തിക് അപ്പാര്‍ട്ട്മെന്റിലെ സി 3 എ ഫ്ളാറ്റിലാണ് താമസമെന്നും ഇപ്പോള്‍ മകളുടെ ചികിത്സയ്ക്കായി തമിഴ്നാട്ടിലേക്ക് പോയതെന്നും ഇവരുടെ അയല്‍വാസി വെളിപ്പെടുത്തി. നികുതി വെട്ടിക്കുന്നതിനായി തന്റെ ആഡംബര കാര്‍ പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

Top