ഒഴുകി വരുന്ന മാനുകളും,വെള്ളം കയറികിടക്കുന്ന കാറുകളും വ്യാജ വീഡിയോകളും ചിത്രങ്ങളും

കൊച്ചി:കേരളത്തിൽ പരക്കെ പ്രളയവും ദുരന്തം വിതക്കുമ്പോൾ വ്യാജ വീഡിയോയും ചിത്രങ്ങളും ഇട്ടു ചിലർ രസിക്കുന്നു .ചാലിയാര്‍ പുഴയിലൂടെ ഒഴുകി വരുന്ന മാനുകള്‍ എന്ന വീഡിയോ ആണ് ആദ്യം പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഇത് ഒഡീഷയില്‍ വെള്ളപ്പൊക്കത്തിലെ സംഭവമായിരുന്നു. വ്യാജന്മാര്‍ തങ്ങളുടെ സ്ഥിരം ജോലി തുടരുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പഴയ ചിത്രങ്ങളെല്ലാം കുത്തിപ്പൊക്കി ഇപ്പോളത്തെ പ്രളയക്കെടുതിയാണെന്ന് ചിത്രീകരിക്കുകയാണ് വ്യാജന്മാര്‍.

പിന്നീട് കൊച്ചിയിലെ റിനോ കമ്പനിയില്‍ വെള്ളത്തില്‍ മുങ്ങിയ കാറുകള്‍ എന്ന ചിത്രമായിരുന്നു രംഗത്തുവന്നത്. ഇത് കേരളത്തില്‍ തന്നെയായിരുന്നു എന്നാല്‍ 2013 ല്‍ കളമേശിരിയില്‍ റിനോ കാറുകളുടെ യാര്‍ഡില്‍ വെള്ളം കയറിയ ചിത്രങ്ങളായിരുന്നു. ഇത്തരത്തിലുള്ള വ്യാജമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. കുറച്ചു പേരെങ്കിലും വിശ്വസിച്ച് ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ഈ ചിത്രങ്ങല്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. രണ്ടു മണിക്കൂർ സമയം കൊണ്ട് ജലനിരപ്പിൽ 0.08 അടിയുടെ കുറവാണ് ഉണ്ടായത്. 2401.68 അടി നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഷട്ടര്‍ തുറന്നതിന് ശേഷം ഇത് ആദ്യമായിട്ടാണ് ജല നിരപ്പ് കുറയുന്നത്. നിലവില്‍ സെക്കന്‍റില്‍ 750 ഘനമീറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി.

അതേസമയം ലോവ‍ർ പെരിയാറും ഭൂതത്താൻകെട്ടും പിന്നിട്ട് ജലപ്രവാഹം എറണാകുളം ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നു. കാലടിയിൽ ജലനിരപ്പ് ഉയർന്നുതുടങ്ങിയതാണ് ഒടുവിലത്തെ റിപ്പോർട്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയാകുന്നതുവരെ ഷട്ടറുകൾ തുറന്നുവയ്ക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി ഇന്ന് രാത്രി മുഴുവന്‍ സെക്കന്‍റിൽ 750 ഘനമീറ്റർ എന്ന തോതിൽ വെള്ളം അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഉച്ചയ്ക്ക് ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്നെങ്കിലും ഡാമിലെ ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ അളവിൽ വെള്ളം തുറന്നുവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുന്നത്. പെരിയാറിന്‍റെ തീരത്ത് അതീവ ജാഗ്രതാനിർദ്ദേശം തുടരുകയാണ്. രാത്രി ഉയര്‍ന്ന അളവില്‍ വെള്ളം ഒഴുകി എത്താനിടയുള്ളതു കൊണ്ട് ചെറുതോണിപ്പുഴ, പെരിയാർ എന്നിവയുടെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി തുടരുകയാണ് എന്നാല്‍, പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് ഉയര്‍ത്തിയതോടെയാണ് ജലനിരപ്പില്‍ കുറവുണ്ടായത്. ചെറുതോണി പാലം ഇപ്പോള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. തടിയമ്പാട് ചപ്പാത്തുകൾ തകർന്ന് 20 വീടുകൾ വെള്ളത്തിനടിയിലായി. നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കൃഷി പൂർണ്ണമായും നശിച്ചു.

എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന കനത്ത മഴ ഇപ്പോഴും ഇടുക്കിയിൽ തുടരുകയാണ്. അണക്കെട്ട് നിറഞ്ഞുകവിയുന്ന സാഹചര്യം ഒഴിവാക്കാൻ വേറെ വഴിയില്ലാതെ വന്നതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ഡാമിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടത്. 37 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നത്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് തൃശൂർ, എറണാകുളം ജില്ലയിലെ പെരിയാറിന്‍റെ തീരപ്രദേശങ്ങളും അതീവജാഗ്രതയിലാണ്. ഇരുകരകളിലേയും വൻവൃക്ഷങ്ങളെ കടപുഴക്കി ഉഗ്രരൂപിയായി പെരിയാർ കരകവിഞ്ഞ് ഒഴുകുന്നു.

Top