
എറണാകുളം: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പട്ടാമ്പി സ്വദേശി ഷുക്കൂറാണ് അറസ്റ്റിലായത്. ഇയാൾ കോൺഗ്രസ് മണ്ഡലം മുൻ ഭാരവാഹിയാണ്. പാലക്കാട് സ്വദേശി ശിവദാസൻ എന്നയാളെ ഇന്നലെ അറസ്റ്റിലായിരുന്നു. കെടിഡിസി ജീവനക്കാരനായ ഇയാൾ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ തൃക്കാക്കരയിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
വ്യാജവീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി നിരീക്ഷണത്തിലുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ഇന്നലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശിവദാസനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ എഫ്ബി, ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐടി ആക്ട് 67എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
ജോ ജോസഫിനെതിരെ യുഡിഎഫ് സൈബര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന അശ്ലീലവീഡിയോ പ്രചരണത്തില്‍ മറുപടിയുമായി ഭാര്യ ദയ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയനിലപാടുകളും വികസനസ്വപ്‌നങ്ങളും നയങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയരേണ്ടതെന്നും അല്ലാതെ വ്യക്തിഹത്യ അല്ലെന്ന് ദയ പറഞ്ഞു. വ്യാജ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന്റെ പിന്നില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെയാണെന്നും ദയ പറഞ്ഞിരുന്നു.
തനിക്കെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കട്ടെ എന്നു തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ഡോ ജോ ജോസഫ്. സൈബർ ആക്രമണത്തെ മറ്റ് സ്ഥാനാർഥികൾ തള്ളി പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. വ്യാജ പ്രചാരണങ്ങൾ കുടുംബ ജീവിതത്തെ ബാധിച്ചെന്നും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പലവിധ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നു. വ്യാജമായാണ് ഡിഗ്രി നേടിയതെന്നും, പണക്കാരുടെ ഡോക്ടർ എന്നും പ്രചരിപ്പിച്ചു എന്നും ജോ ജോസഫ് പറഞ്ഞു.
അതേസമയം വ്യക്തിഹത്യ കോൺഗ്രസ് രീതിയല്ലെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് പറഞ്ഞു. ഇടത് സ്ഥാനാർഥിക്കെതിരായ അശ്ലീല പ്രചരണത്തിൽ പ്രതികരിക്കകുയായിരുന്നു അവർ. എതിർ സ്ഥാനാർത്ഥികളെ മോശമായി കാണാൻ ആഗ്രഹിക്കുന്നില്ല, ഇത്തരം പ്രചരണം കോൺഗ്രസ്സ് രീതി അല്ല. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും താൻ എല്ലാവരേയും ബഹുമാനിക്കുന്ന ആളാണെന്നും ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃക്കാക്കരയിലെ ഇടതു സ്ഥാനാർഥിക്കെതിരെയുള്ള വ്യാജ വീഡിയോ പ്രചാരണം അംഗീകരിക്കാനാവില്ലെന്ന് എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പറഞ്ഞു. വലതു എൻഡിഎ മുന്നണികൾ സംഭവത്തെ അപലപിച്ചിട്ടും ഇടതു കേന്ദ്രങ്ങൾ പ്രചാരണം തുടരുന്നത് തോൽവിക്കുള്ള കാരണം നേരത്തെ കണ്ടെത്തുന്നതിന്റെ ഭാഗമായാണെന്നും എ എൻ രാധാകൃഷ്ണൻ ആരോപിച്ചു.
പ്രചാരണം മുറുകുന്നതിനിടെ തൃക്കാക്കരയിലെ പ്രധാന ചർച്ച ജോയ്ക്കെതിരായ വ്യാജ അശ്ലീല വീഡിയോ ആയിരുന്നു. പ്രചാരണത്തിന് പിന്നിൽ യുഡിഎഫാണെന്ന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു. സൈബർ ആക്രമണത്തിനെതിരെ ജോയുടെ ഭാര്യ ദയാ പാസ്ക്കൽ പ്രതികരണവുമായെത്തി.
“ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല.കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ..?” ദയാ പാസ്ക്കൽ ചോദിക്കുന്നു.