ഫലൂജയില്‍ നരകയാതന അനുഭവിക്കുന്നത് അരലക്ഷത്തിലധികം പേരാണ്. 20,000ത്തോളം കുട്ടികളാണ് ഐഎസിന്റെ തടവറയില്‍ കഴിയുന്നത്. ഐഎസ് ഭീകരരും ഇറാഖ് സൈന്യയും തമ്മിലുള്ള പോരാട്ടം ശക്തമാകുമ്പോള്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ തടവറയായി ഫലൂജ മാറിയെന്നാണ് വിശേഷണം.
കുട്ടികള്‍ മുതല്‍ പ്രായം ചെന്ന സ്ത്രീകള്‍ വരെ ഐഎസിന്റെ അടിമകളാണ്. ഇവരെയെല്ലാം ലൈംഗിക അടിമകളാക്കി വെച്ചിരിക്കുകയാണ്. ഉപയോഗശൂന്യമായ ധാന്യങ്ങളും അഴുകി തുടങ്ങിയ പഴങ്ങളും ഭക്ഷിച്ചാണ് ഇവര്‍ ഒരോ ദിവസവും തള്ളി നീക്കുന്നത്. ഇതിനിടയില്‍ നിരവധി പട്ടിണി മരങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി യുഎന്‍ വക്താവ് മെലിസ ഫ്‌ളെമിങ് വ്യക്തമാക്കുന്നു. വിശന്ന് കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍ സഹിക്കാന്‍ പറ്റാതാകുമ്പോള്‍ കുഞ്ഞുങ്ങളെ അടുത്തുള്ള നദിയിലൊഴുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഫലൂജയില്‍ മരുന്നുകള്‍ക്കും ഇന്ധനങ്ങള്‍ക്കും ക്ഷാമമനുഭവപ്പെടുകയാണ്. അരി കിലോഗ്രാമിന് 48ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ട്. ഫലൂജയിലേക്ക് ഇറാഖിസൈന്യം നടത്തുന്ന മുന്നേറ്റം വന്‍ മനുഷ്യക്കുരുതിയിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകം. തങ്ങള്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടായാല്‍ ഫലൂജയില്‍ പിന്നെയാരും ജീവിച്ചിരിക്കില്ലെന്നും, കൂട്ടക്കുരുതി നടത്തുമെന്നുമാണ് ഭീകരരുടെ ഭീഷണി.