അമിത് ഷായ്ക്ക് കുടിലില്‍ ഇലവെട്ടിയിട്ട് ഊണ് നല്‍കിയ ദമ്പതികള്‍ ബിജെപിവിട്ട് തൃണമൂലില്‍; തങ്ങളുടെ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയതാണെന്ന് ബിജെപി

കോല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് തങ്ങളുടെ കുടിലില്‍ ഇലവെട്ടിയിട്ട് ഊണ് നല്‍കിയ ദമ്പതികള്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ തൃണമൂല്‍ കോണ്‍‌ഗ്രസില്‍. വടക്കന്‍ ബംഗാളിലെ നക്സല്‍ബാരി സ്വദേശികളായ ഗീതാ മഹാലി  രാജു ദമ്പതികളാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാന ടൂറിസം മന്ത്രി ഗൗതം ദേബാണ് ദമ്പതികളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. നക്‌സല്‍ബാരിയിലെ ബ്ലോക് ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇരുവരും തൃണമൂല്‍ പതാക ഏറ്റുവാങ്ങി. പശ്ചിമബംഗാളില്‍ സ്വാധീനം ശക്തമാക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് സംഭവം തിരിച്ചടിയായി.

കഴിഞ്ഞ ആഴ്ച പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെയാണ് ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട ദമ്പതിമാരുടെ വീട്ടില്‍നിന്നും അമിത് ഷായും സംഘവും ഭക്ഷണം കഴിച്ചത്. വാഴ ഇലയിലാണ് ദമ്പതികള്‍ അമിത് ഷായ്ക്ക് സസ്യാഹാരം വിളമ്പിയത്. നിലത്തിരുന്ന് ദമ്പതികള്‍ വിളമ്പിയ ഭക്ഷണം ഷായും സംഘവും കഴിച്ചു. മഹാലിയും രാജുവും അമിത് ഷായ്ക്കൊപ്പം ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. സംഭവം ഇതോടെ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു. എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം ദമ്പതികള്‍ ബിജെപിവിട്ട് തൃണമൂലില്‍ ചേര്‍ന്നിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയതായാണ് ബിജെപി ആരോപിക്കുന്നത്. ദമ്പതികളെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിക്കൊണ്ടുപോയി പാര്‍ട്ടിയില്‍ ചേര്‍ത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു.

ദമ്പതികളെ ചൊവ്വാഴ്ച മുതല്‍ കാണാതായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതിയുമായി നക്‌സല്‍ബാരി പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിക്കാന്‍ പോലീസ് തയാറായില്ലെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.

എന്നാല്‍ ദമ്പതികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. പെയിന്‍റിംഗ് തൊഴിലാളിയാണ് രാജു. തേയില തോട്ടം തൊഴിലാളിയാണ് ഭാര്യ ഗീതാ മഹാലി.

Top