ആശുപത്രിയില്‍ പോകാന്‍ ബാങ്കില്‍ നിന്ന് പണം കിട്ടിയില്ല; കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു

പുല്‍പളളി : ആശുപത്രിയില്‍ പോകാന്‍ ബാങ്കില്‍ നിന്നു പണം കിട്ടാത്തതിനാല്‍ വീട്ടിലേയ്ക്കു മടങ്ങിയ കര്‍ഷകന്‍ ഹൃദ്രോഗം മൂര്‍ഛിച്ച് കുഴഞ്ഞുവീണു മരിച്ചു. സീതാമൗണ്ട് ഐശ്വര്യക്കവല പനയോലില്‍ ജോസഫാണ് (54) മരിച്ചത്. രാവിലെ നെഞ്ചുവേദനയനുഭവപ്പെട്ട ജോസഫ് അയല്‍പക്കത്ത് നിന്ന് ലേപനം വാങ്ങിപുരട്ടിയിരുന്നു. ചികില്‍സ തേടണമെന്ന് സുഹൃത്തുക്കള്‍ ഉപദേശിക്കുകയും ചെയ്തു.

പണമില്ലാതിരുന്ന ജോസഫ് സീതാമൗണ്ടിലെ ഒരാളില്‍ നിന്ന് ഇരുപത് രൂപവാങ്ങി ബസില്‍കയറി പാടിച്ചിറയിലെ ബാങ്കിലെത്തി. പാചകവാതക സബ്ഡിഡി ലഭിച്ചതടക്കം ആറായിരത്തിയഞ്ഞൂറ് രൂപയോളം ജോസഫിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. ഇതില്‍ നിന്ന് കുറച്ച് പണമെടുത്ത് പുല്‍പള്ളിയില്‍ പോയി ഡോക്ടറെ കാണാനായിരുന്നു ഉദ്ദേശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ബാങ്കില്‍ പണമില്ലെന്ന് പറഞ്ഞതിനാല്‍ ബന്ധുവിന്റെ ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങി. അത്യാവശ്യമെന്ന് പറഞ്ഞ് അയാളോട് നൂറ് രൂപയും വാങ്ങി. വീട്ടിലെത്തിയ ജോസഫ് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു. കൂട്ടുകാര്‍ സ്വകാര്യ ആശുപത്രിലേയ്ക്കു മാറ്റിയെങ്കിലും മരിച്ചു. ഒരേക്കര്‍ ഭൂമിയുള്ള ജോസഫ് ബാങ്ക് വായ്പാ കുടിശികയെ തുടര്‍ന്ന് ജപ്തി ഭീഷണി നേരിടുന്നയാളാണ്. മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ബത്തേരിയിലെ ഒരു ബാങ്കില്‍ നിന്നെടുത്ത വായ്പയാണ് ഇപ്പോള്‍ റവന്യൂ റിക്കവറിയിലെത്തിയത്. ഭാര്യ ഏലിക്കുട്ടി. മക്കള്‍. സിനി, സിമി. മരുക്കള്‍. ബാബു, സജി. സംസ്‌കാരം ഞായറാഴ്ച മൂന്നരയ്ക്ക് സീതാമൗണ്ട് സെന്റ് ജോസഫ്‌സ് പള്ളിയില്‍.

Top