ന്യൂഡൽഹി: കർഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ ഡൽഹി അതിർത്തിയിലെ ഉപരോധം കർഷകർ അവസാനിപ്പിക്കും. കർഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിച്ച് രേഖമൂലം സർക്കാർ ഉറപ്പു നൽകിയതോടെ മാസങ്ങൾ നീണ്ടു നിന്ന കർഷക സമരത്തിന് അവസാനമായിരിക്കുന്നത്.
ഡിസംബംർ 11-മുതൽ ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കർഷക സംഘടനകൾ അറിയിച്ചു. നാളെ ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയാഘോഷം ഉണ്ടാകും. അതിനുശേഷം കർഷകർ അതിർത്തിവിടും.
എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കും സംയുക്ത കിസാൻ മോർച്ച നേതാക്കൾ യോഗത്തിന് ശേഷം പറഞ്ഞു. ജനുവരി 15ന് അവലോകന യോഗം ചേരും. അതേസമയം, പ്രക്ഷോഭം അവസാനിപ്പിച്ചാൽ മാത്രമേ കേസുകൾ പിൻവലിക്കൂ എന്നാണു ആദ്യം കേന്ദ്രം അറിയിച്ചിരുന്നത്. ആദ്യം കേസുകൾ പിൻവലിക്കണമെന്ന കർഷകരുടെ സമ്മർദത്തിനു വഴങ്ങിയാണ് ഇന്നലെ വീണ്ടും കത്തയച്ചത്.
കേസുകൾ പിൻവലിക്കുന്ന നടപടികൾ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. താങ്ങുവില നിയമപരമായി ഉറപ്പാക്കാൻ തയാറാണെന്നുകൂടി കൂട്ടിച്ചേർത്തതോടെ ഫലത്തിൽ കർഷകരുടെ എല്ലാ ആവശ്യങ്ങൾക്കും കേന്ദ്രം വഴങ്ങി. കർഷക സംഘടനകൾ വ്യാഴാഴ്ച വൈകിട്ട് 5:30 ന് വിജയ പ്രാർത്ഥന നടത്തും. ആറ് ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 21 ന് പ്രധാനമന്ത്രി മോദിക്ക് സംയുക്ത കിസാൻ മോർച്ച അയച്ച കത്തിനെ തുടർന്ന് കേന്ദ്രം കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സമിതിക്ക് രേഖാമൂലമുള്ള ഉറപ്പ് നൽകിയത്.