മെത്രാൻ കായലിൽ നെൽകൃഷിക്ക് നവംബറിൽ തുടക്കം: കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ

കോട്ടയം: മെത്രാൻ കായൽ പാടശേഖരത്ത് നവംബറിൽ നെൽകൃഷിക്ക് തുടക്കം കുറിയ്ക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ അറിയിച്ചു. ഇന്നലെ (ജൂൺ 17) മെത്രാൻ കായൽ പാടശേഖരം സന്ദർശിച്ചതിന് ശേഷം കുമരകം കാർഷിക ഗവേഷണ കേന്ദ്രം ഹാളിൽ നടന്ന കർഷകരുടെയും ഉദ്യോഗസ്ഥരുടെയും കർഷകസംഘടനാ പ്രവർത്തകരുടെയും യോഗത്തിലാണ് കൃഷി മന്ത്രി തീരുമാനം അറിയിച്ചത്.
മെത്രാൻ കായലിൽ കൃഷി ചെയ്യാൻ സന്നദ്ധത കാണിച്ചിട്ടുളള കൃഷിക്കാർക്ക് അടിസ്ഥാന് സൗകര്യം ഒരുക്കി കൊടുക്കും. ഇതിനാവശ്യമായ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിന് 80 ലക്ഷം രൂപ വേണ്ടി വരും. തുടർന്ന് കൃഷി ഇറക്കാൻ മൂന്നു കോടിയോളം രൂപ ചെലവു വരും. എന്നിരുന്നാലും കർഷകരെ സഹായിക്കും. ഇവിടെ കൃഷിഭൂമിയുളള മറ്റുളളവർക്ക് കൃഷി ചെയ്യാൻ താല്പര്യം ഉണ്ടോ എന്നുളള അറിയിപ്പും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൾ കൃഷി വകുപ്പ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മെത്രാൻ കായൽ ഇപ്പോൾ സന്ദർശിച്ചത്. അടുത്ത റിപ്പോർട്ട് ഉടനെ ലഭിയ്ക്കും. തുടർന്ന് മെത്രാൻ കായലിൽ കൃഷി ഇറക്കാനുളള നടപടിയുമായി മുന്നോട്ടു പോകും. 50 ശതമാനം കൃഷി 50 ശതമാനം മറ്റു കാര്യങ്ങൾ എന്നിവക്കായി കൃഷിഭൂമി നല്കുന്ന നയം ഈ സർക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷി ഇറക്കാതെ തരിശായി കിടക്കുന്ന ഭൂമി കൃഷി ഓഫീസുകൾ വഴി കണ്ടെത്തി മാപ്പിംഗ് നടത്തണം. അതത് പ്രദേശത്തു തന്നെ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. രണ്ടു ലക്ഷം ഹെക്ടർ ഭൂമിയായി കൃഷിഭൂമി ചുരുങ്ങിയിട്ടുണ്ട്. അതിന് മാറ്റം വരുത്തും. അഞ്ചുവർഷം കൊണ്ട് മൂന്നു ലക്ഷം ഹെക്ടർ ഭൂമിയിൽ കൃഷി ഇറക്കും. ഇതുവരെ അഞ്ച് മെട്രിക് ടൺ ധാന്യമാണ് ഉല്പാദിപ്പിച്ചിരുന്നത.് അത് പത്ത് മെട്രിക് ടണ്ണിലേക്ക് ഉയർത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെത്രാൻ കായലിൽ കൃഷി ഇറക്കുന്നതിന് ത്രിതല പഞ്ചായത്ത്, കൃഷി വകുപ്പ്, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ തുടങ്ങിയ ഉൾപ്പെടുത്തി കർമ്മ പദ്ധതിയുണ്ടാക്കും. കൂടാതെ കൃഷി ശാസ്ത്രീയമായി നടത്തുവാൻ കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഉൾപ്പെടെയുളളവരുടെ ടെക്‌നിക്കൽ കമ്മിറ്റിയും രൂപീകരിക്കും. മെത്രാൻ കായലിലെ കൃഷി നടത്തിപ്പ് പ്രവർത്തനങ്ങൾ പ്രിൻസിപ്പൽ കൃഷി ഓഫീസർ കളക്ടർക്ക് നൽകണം. ഈ നടപടികൾ യഥാസമയം കൃഷി മന്ത്രി മോണിറ്റർ ചെയ്യും. 2008 ലെ നെൽവയൽ-തണ്ണീർത്തട നിയമപ്രകാരം മാത്രമെ പ്രവൃത്തികൾ നടത്തു. ഡാറ്റാബാങ്ക് നിലവിൽ വരുന്നതോടെ ഇത്തരം പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നെല്ലു സംഭരണവുമായി ബന്ധപ്പെട്ടു നൽകാനുളള കുടിശ്ശിക 10 ദിവസത്തിനകം നൽകും. കർഷകർക്കുളള പെൻഷൻ കുടിശ്ശിക ഉടൻ ലഭ്യമാക്കും. കൃഷിയുടെ സാധ്യത വിപുലീകരിക്കാൻ കൃഷി ഓഫീസുകൾ അഗ്രോക്ലിനിക്കുകൾ ആയി മാറണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
യോഗത്തിൽ കെ. സുരേഷ്‌കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി, കൃഷി വകുപ്പ് ഡയറക്ടർ അശോക് കുമാർ തെക്കൻ, കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. രാജേന്ദ്രൻ, ജില്ലാ കളക്ടർ സ്വാഗത് ഭണ്ഡാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻഡ് എ.പി സലിമോൻ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അലക്‌സ് പോൾ തുടങ്ങിയവർ പങ്കെടുത്തു.

Top