കൊച്ചി: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് ഈഴവ ഗൂഢാലോചന ഉണ്ടെന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ ആരോപിച്ചു .ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് വൈദികൻ ഇങ്ങനെ ആരോപണം ഉയർത്തിയത് .ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഈഴവ യുവാക്കള്‍ തട്ടിക്കൊണ്ട് പോകുന്നു എന്നും തട്ടിക്കൊണ്ട് പോവാന്‍ പരിശീലനം നല്‍കുന്നുവെന്നുമാണ് സിറിയന്‍ കത്തോലിക്ക വൈദികനും കുട്ടികളുടെ ‘ദീപിക’യുടെ ചീഫ് എഡിറ്ററും ‘ദീപിക’ ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറയുടെ പ്രസംഗം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്ന് ഫാ. റോയി കണ്ണന്‍ചിറ ആരോപിച്ചു.
ശനിയാഴ്ച ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലെ സൺഡേ സ്കൂൾ അധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് വിദ്വേഷ പരാമർശം. “കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടു പോയത് ഈഴവരാണ്.ലവ് ജിഹാദിനെപറ്റിയും നാർകോട്ടിക് ജിഹാദിനെപറ്റിയും നമ്മൾ കൂടുതൽ സംസാരിക്കുന്നുണ്ട്. അതോടൊപ്പം ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികൾ ആകർഷിക്കപ്പെടുന്നുണ്ട്. അവർ സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് ചെറുപ്പക്കാരെ ആകർഷിക്കുന്നു എന്നുവരെ വിവരം കിട്ടിയിട്ടുണ്ട്. ജാഗ്ര ഇല്ലാത്തവരാണ് നമ്മൾ എന്നതാണ് നമ്മൾ നേരിടുന്ന ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടു പോവാൻ, പ്രണയം നടിച്ച് സ്വന്തമാക്കാൻ ശത്രുക്കൾ, സഭയുടെ എതിർ പക്ഷത്ത് നിൽക്കുന്നവർ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്നു പോലും നമ്മളുട മക്കളെ വിശ്വാസത്തിൽ നിലനിർത്താൻ ഉണ്ടാവുന്നില്ല,” ഫാദർ റോയി കണ്ണൻചിറയുടെ പ്രസംഗത്തിൽ പറയുന്നു.
കൊച്ചേട്ടൻ എന്ന പേരിൽ കുട്ടികൾക്കായുള്ള പംക്തി റോയി കണ്ണൻ ചിറയാണ് കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്റർ, ചിൽഡ്രൺസ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റർ എന്നീ ചുമതലകളും വൈദികൻ വഹിക്കുന്നുണ്ട്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട് ഉയർത്തിയ നാർകോട്ടിക് ജിഹാദ് ആരോപണം സംസ്ഥാനത്ത് വലിയ വിവാദം ഉണ്ടാക്കിയിരിക്കെയാണ് ഈഴവർക്കെതിരെയും കത്തോലിക്കാ പ്രതിനിധികളിൽ നിന്നുള്ള പരാമർശം.