പാലാ ബിഷപ്പിനെ പിന്തുണച്ച് മന്ത്രി വി.മുരളീധരന്‍!..ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും നര്‍കോട്ടിക് ജിഹാദ്‌ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും വി മുരളീധരന്‍

കൊച്ചി:കേരളത്തില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.അദ്ദേഹത്തിന്റെ സമുദായത്തിന്റെ ചില ആശങ്കകള്‍ വ്യക്തമാക്കുകയാണ് ബിഷപ്പ് ചെയ്തത്. അതൊരു വൈകാരിക അഭിപ്രായമല്ല, എഴുതിവായിച്ച സുചിന്തിത അഭിപ്രായമാണ്. അതിനെതിരെ പറഞ്ഞതുകൊണ്ട് സത്യങ്ങള്‍ ഇല്ലാതാവില്ലെന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ഇതിനെതിരെ പറയുമ്പോള്‍ അവര്‍ ജിഹാദികളുടെ വക്താക്കളാണോ എന്ന ചോദ്യമുയരുന്നു. മുസ് ലിംകളെ മഴുവന്‍ മോശക്കാരായി ചിത്രീകരിക്കുന്നതിനെ ആരും പിന്തുണക്കുന്നില്ല. താനും അതിനെ എതിര്‍ക്കും. എന്നാല്‍ ചില ജിഹാദികള്‍ നടത്തുന്ന കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ അത് പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല. തോമസ് മാഷുടെ കൈ വെട്ടിയ കാലം കഴിഞ്ഞെന്നും ഇനി അത് നടക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. കേരളത്തില്‍ ഐ.എസ് സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞത് മുന്‍ ഡി.ജി.പിയാണ്. അദ്ദേഹത്തെക്കാള്‍ ആധികാരികമായി ആരാണ് കേരളത്തിലെ തീവ്രവാദത്തെക്കുറിച്ച് പറയേണ്ടതെന്നും മുരളീധരന്‍ ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഷപ്പിന്റെ പരാമര്‍ശത്തോട് എതിര്‍പ്പുയര്‍ത്തിയിട്ടുള്ള സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍, അവര്‍ ഐഎസ് വക്താക്കളാണോയെന്ന് സ്വയം വ്യക്തമാക്കണം. നാര്‍കോട്ടിസ് ജിഹാദ് ഒരു പുതിയ വാക്കാണെന്ന നിലയിലാണ് എല്ലാവരും കാണുന്നത്. ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ വരുമാന സ്രോതസ്സ് ലഹരിക്കടത്താണെന്ന് പല അന്വേഷണ ഏജന്‍സികളും വ്യക്തമാക്കിയതാണ്. കേരളത്തില്‍ ഇത്തരം പ്രശ്‌നമുണ്ടെന്ന് പറയുന്നതില്‍ തെറ്റുണ്ടോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

അതേസമയം നാര്‍കോട്ടിക് ജിഹാദ് ഉണ്ടെന്ന വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ബിഷപ്പിനെ പിന്തുണച്ചുകൊണ്ട് ദീപിക ദിനപത്രം ഇന്ന് മുഖപ്രസംഗമെഴുതി. ദീപികയില്‍ പ്രസംഗത്തിന്റെ പൂര്‍ണ രൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് സി.എം.ഐ വൈദികന്റെ പ്രത്യേക ലേഖന പരമ്പരയും ദീപികയില്‍ ആരംഭിച്ചു. അതേസമയം വിവാദ പ്രസംഗം നടത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ബിഷപ്പിനെതിരെ നിരവധി സംഘടനകള്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

Top