ഷിജിനും ജ്യോത്സന ജോസഫും ഒളിച്ചോടി വിവാഹിതരായി!ലൗ ജിഹാദ് ആരോപണം തള്ളി. ക്രിസ്ത്യൻ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടിക്ക് സിപിഎം.

കോഴിക്കോട്: ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിൻ എംഎസ് ക്രിസ്ത്യൻ മതത്തില്‍പെട്ട യുവതിയെ വിവാഹം കഴിച്ചതിന് നടപടിക്കൊരുങ്ങി സിപിഎം. പെണ്‍കുട്ടി ഉള്‍പ്പെടുന്ന ക്രിസ്ത്യൻ സമുദായത്തെ നേതാവ് വേദനിപ്പിച്ചെന്ന് തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസ് ആരോപിച്ചു. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വ്യത്യസ്തമായ നിലപാടെടുത്ത ജോര്‍ജ് എം.തോമസിന്റെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളിലും കടുത്ത വിമര്‍ശനം ഉയരുന്നു.

ലൗ ജിഹാദ് ആരോപണം തള്ളി മിശ്രവിവാഹിതരായ ഷിജിനും ജ്യോത്സനയും രംഗത്ത് വന്നു .സമുദായ സംഘടനകള്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ഇരുവരും പ്രതികരിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയുമാണ് ഷജിന്‍. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഷജിനും കോടഞ്ചേരി സ്വദേശിനിയുമായ ജ്യോത്സന ജോസഫും ഒളിച്ചോടി വിവാഹിതരായത്. ജ്യോത്സ്‌നയുടെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചിരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു . ലവ് ജിഹാദ് നിർമ്മിത കളളമാണ്. മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇരുവരേയും പിന്തുണയ്ക്കുന്നുവെന്നും ഡിവൈഎഫ്ഐ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ സെക്കുലർ മാട്രിമോണി വെബ് സൈറ്റ്‍ തുടങ്ങുകയും മതേതര വിവാഹങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ എന്നും പ്രസ്താവനയിൽ പറയുന്നു.

മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം. സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണം.

കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മത തീവ്രവാദം പിടി മുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് ഷെജിനും ജോയ്‌സ്നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നുമുളള സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിന്റെ പരാമർശമാണ് വിവാദമായത്. ഷെജിന്റേയും ജോയ്സിനയുടേയും വിവാഹത്തെ പരാമർശിച്ചുകൊണ്ടായിരുന്നു ജോർജ് എം തോമസിന്റെ പ്രസ്താവന. കോടഞ്ചേരി പ്രണയം പാർട്ടിക്ക് കോട്ടമുണ്ടാക്കിയെന്നും മിശ്രവിവാഹം നടത്തുമ്പോൾ പാർട്ടിയോട് ആലോചിക്കണമെന്നും ജോര്‍ജ് എം തോമസ് പറയുകയുണ്ടായി.

Top