ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും ഒരു മതവിഭാഗത്തെ ലക്ഷ്യം വച്ചല്ലെന്നും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന മനോഭാവത്തിന് എതിരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ മതങ്ങളും മാനവീയ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമിക പൈതൃകവും സഹവര്‍ത്തിത്വത്തിന്റ മാതൃകയും എന്ന വിഷയത്തില്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ചടങ്ങിനുണ്ടായിരുന്നു.
എന്നാല്‍ മോദിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഉറുദു പത്രം കയ്യില്‍ വച്ചാല്‍ പോലും അറസ്റ്റ് ചെയ്യപ്പെടുന്ന നാടായി ഇന്ത്യ മാറി എന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം. പുസ്തകങ്ങള്‍ കണ്ടു കെട്ടുന്ന സംഭവങ്ങള്‍ കേരളത്തില്‍ പോലും ഉണ്ടായിട്ടുണ്ട്.
മുസ്ലിം യുവാക്കള്‍ ഇസ്ലാമിലെ മനുഷ്യത്വപരമായ വശങ്ങളുമായി ബന്ധപ്പെടാനും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനും പഠിക്കണമെന്ന് മോദി ഉപദേശിച്ചു. മുസ്ലിംങ്ങളുടെ ഒരു കൈയില്‍ ഖുറാനും മറു കൈയില്‍ കമ്പ്യൂട്ടര്‍ വേണമെന്ന് മോദി പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തിയെയും മോദി പ്രശംസിച്ചു.
മതത്തിന്റെ പേരില്‍ നടത്തുന്ന എല്ലാ ആക്രമണവും മതത്തിന്മേലുള്ള ആക്രമണമാണെന്ന് അബ്ദുല്ല രണ്ടാമന്‍ പറഞ്ഞു. ‘മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ നാം തിരിച്ചറിയുകയും അവരെ തള്ളുകയും വേണം,’ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഇന്റര്‍നെറ്റും മറ്റു സംവിധാനങ്ങളില്‍ നിന്ന് നിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.