
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ ജേക്കബ് വടക്കഞ്ചേരി നടത്തുന്ന അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കു പരാതി. ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്കിനുവേണ്ടി ഡോ. ജിനേഷ് പി.എസാണു പരാതി നല്‍കിയത്.
നിപ്പ വൈറസ് മൂലം നിരവധി പേര്‍ മരിച്ച സാഹചര്യത്തില്‍ വളരെ മുന്‍കരുതലുകള്‍ സ്വീകരിച്ചു മുന്നോട്ടു പോകേണ്ട അവസ്ഥയാണുള്ളതെന്നും ജേക്കബ് വടക്കഞ്ചേരി നടത്തുന്ന അശാസ്ത്രീയ പ്രതികരണങ്ങള്‍ സമൂഹത്തിന്റെ ആരോഗ്യത്തിനു തന്നെ ഭീഷണിയാകുന്നുവെന്നും ജിനേഷ് പരാതിയില്‍ ആരോപിക്കുന്നു. ശരിയായ പ്രതിരോധം മാര്‍ഗങ്ങളെയും ചികിത്സയെയും എതിര്‍ക്കുന്നതിലൂടെ സമൂഹത്തിന്റെ ആരോഗ്യത്തെ ചോദ്യം ചെയ്യുകയാണ് ജേക്കബ് വടക്കഞ്ചേരിയെന്നും പരാതിയിലുണ്ട്. ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോ സഹിതമാണു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുള്ളത്.
നിപ്പ വൈറസ് എന്നൊന്നില്ലെന്നും മരുന്നുമാഫിയയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നുമാണ് ജേക്കബ് വടക്കഞ്ചേരി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കീടനാശിനികളോ, ഭക്ഷണത്തിലെ പ്രശ്‌നമോ ആണ് പേരാന്പ്രയിലുണ്ടായ മരണങ്ങള്‍ക്കു കാരണമെന്നും വടക്കഞ്ചേരി പറയുന്നു.