മുംബയ്: കനത്ത പ്രതിഷേധങ്ങളാല്‍ വിവാദ ചിത്രമായി മാറിയ പദ്മാവതിക്ക് പിന്തുണ നല്‍കാന്‍ സിനിമാ ലോകത്തിന്റെ തീരുമാനം. സംവിധായകന്‍ സഞ്ജയ് ബന്‍സാലിക്കും സിനിമയിക്കും പിന്തുണ നല്‍കാന്‍ സിനിമാ ലോകം ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും നടത്തുന്ന നീക്കങ്ങളില്‍ പ്രതിഷേധവുമായാണ് സിനിമാ ലോകം രംഗത്തെത്തിയിരിക്കുന്നത്. 15 മിനിറ്റു നേരം ചലച്ചിത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് സിനിമാ ലോകം തീരുമാനിച്ചിരിക്കുന്നത്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നടത്തുന്ന കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുകയാണ് പ്രതിഷേധത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഞാറാഴ്ച വൈകുന്നേരം 3.30ന് നടക്കുന്ന പ്രതിഷേധ പരിപാടിയ്ക്ക് ഞാന്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര്യനാണോ എന്നാണ് പേരിട്ടിരിക്കുന്നത്. രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാവരും പങ്കെടുക്കും.
പദ്മാവതി സിനിമ രജപുത്രരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും കാട്ടി രജപുത്ര സംഘടനകളും ചില ബിജെപി നേതാക്കളും ചില സംസ്ഥാനങ്ങളും സിനിമയ്ക്ക് എതിരാണ്. ഉത്തരേന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ സിനിമയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്.
ചലച്ചിത്ര ലോകത്തിന്റെ തീരുമാനം രാഷട്രീയമായി ബിജെപിയെ ബാധിക്കുമെന്നാണ് വിവരം. സിനിമ ലോകത്തിന്റെ പ്രതിഷേധം മോദി സര്‍ക്കാരിന്റെ കീഴില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന ദുഷിച്ച പ്രവണതകളെ വന്‍ ചര്‍ച്ചയാക്കിമാറ്റും. ഇത് രാഷ്ട്രീയമായി ബിജെപിക്ക് കനത്ത തിരിച്ചടിയാകും. പദ്മാവതിക്കെതിരെയും ബിജെപി നേതാക്കള്‍ പരസ്യമായ നിലപാട് എടുത്തിരുന്നു.