കാലായിലെ തെരുവുപട്ടിക്ക് കോടികളുടെ വില

രജനികാന്തിന്റെ റിലീസിനൊരുങ്ങുന്ന കാലയില്‍ വേഷമിട്ട നായക്ക് ആരാധകര്‍ ഏറെ. ഏതൊരു നായക്കും ഒരു ദിനമുണ്ടെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് മണിയെന്ന നായയുടെ ജീവിതം. കോടികളാണ് മണിയെ സ്വന്തമാക്കാന്‍ ആരാധകര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ മണിയെ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല ഉടമയായ ട്രെയിനര്‍. തെരുവ് നായ് ആയിരുന്നു മണി. ചെന്നൈയിലെ തെരുവില്‍ നിന്നും സൈമണ്‍ ആണ് മണിയെ കണ്ടെത്തിയത്. സ്വന്തം മകനെ പോലെ വളര്‍ത്തി. കാലയ്ക്ക് വേണ്ടി നിരവധി നായ്ക്കളെ സംവിധായകന്‍ പാ രഞ്ജിത് കണ്ടുവെങ്കിലും അദ്ദേഹം തൃപ്തനായിരുന്നില്ല. ഒടുവില്‍ മണിയെ കണ്ടപ്പോഴാണ് സംവിധായകന് സന്തോഷമായത്. മുപ്പതോളം നായ്ക്കളെ പിന്തള്ളിയാണ് മണി കാലയിലെ വേഷം അടിച്ചെടുത്തത്. മണിയെ സിനിമയ്ക്ക് വേണ്ടി പരിശീലിപ്പിക്കാന്‍ ഒരാഴ്ചയാണ് സൈമണ് ലഭിച്ചത്. എന്നാല്‍ സെറ്റിലുണ്ടായിരുന്നവരുടെ സഹകരണം സൈമണ് അനുഗ്രഹമായി. സൂപ്പര്‍ താരം രജനീകാന്ത് മണിക്കായി എന്നും ബിസ്‌ക്കറ്റുകള്‍ കൊണ്ടുവരുമായിരുന്നുവെന്ന് സൈമണ്‍ പറയുന്നു. രജനീകാന്തിന് മണിയുടെ കണ്ണുകള്‍ ഇഷ്ടമായിരുന്നു.

Top