മുംബൈ: രാജ്യത്തെ ബാങ്കിംഗ് മേഖലയെ ഞെട്ടിച്ച വെട്ടിപ്പ് നടത്തിയ നീരവ് മോദിയും കുടുംബവും ഇന്ത്യ വിട്ടു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയോളം വെട്ടിച്ച കേസിലെ മുഖ്യ സൂത്രധാരനാണ് നീരവ് മോദി. സിബിഐ കേസ് ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് തന്നെ പ്രതികളല്ലാം നാടുവിട്ടു. അതേസമയം തന്റെ ആസ്തികള്‍ വിറ്റ് 6000 കോടി രൂപ ബാങ്കിന് തിരിച്ചടയ്ക്കാമെന്ന് നീരവ് മോദി ബാങ്കിനെ അറിയിച്ചതായി വാര്‍ത്തയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
ജനുവരി 29നാണ് 280 കോടിയുടെ വെട്ടിപ്പിനെക്കുറിച്ച് ബാങ്ക് പരാതി നല്‍കിയത്. അതനുസരിച്ച് നീരവ് മോദി, ഭാര്യ അമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളി ചോക്സി എന്നിവര്‍ക്കെതിരേ ജനുവരി 31ന് കേസെടുത്തു. ജനുവരി ഒന്നിനാണ് നീരവും ബെല്‍ജിയന്‍ പൗരനായ സഹോദരന്‍ നിഷാലും രാജ്യംവിട്ടത്. യു.എസ്. പൗരത്വമുള്ള ഭാര്യ അമിയും ഗീതാഞ്ജലി ജൂവലറി ശൃംഖലയുടെ ഇന്ത്യയിലെ പ്രൊമോട്ടറും നീരവിന്റെ ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയും ജനുവരി ആറിന് ഇന്ത്യവിട്ടു. കേസെടുത്തതിനുപിന്നാലെ നാലുപേര്‍ക്കുമെതിരേ സിബിഐ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.
അതിനിടെ, മുഖ്യപ്രതി രത്നവ്യാപാരി നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും സിബിഐയും നടത്തിയ റെയ്ഡില്‍ 5,100 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. 3.9 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നീരവിന്റെ മുംബൈ കാലഘോഡയിലുള്ള ഷോറൂം, ഓഫീസ്, കുര്‍ളയിലെ വസതി, ബാന്ദ്ര, ലോവര്‍ പരേല്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍, ഡല്‍ഹി ചാണക്യപുരിയിലെയും ഡിഫന്‍സ് കോളനിയിലെയും ഷോറൂമുകള്‍, സൂറത്തിലെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
പന്ത്രണ്ടിടങ്ങളിലായി രാവിലെ തുടങ്ങിയ തിരച്ചിലില്‍ വജ്രവും സ്വര്‍ണവും അടക്കമുള്ള വന്‍ ആഭരണസ്വത്ത് ശേഖരം കണ്ടെത്തി. 95 രേഖകളും രസീതുകളും ബില്ലുകളും പിടിച്ചെടുത്തു. ഇതില്‍ ഒന്‍പത് രേഖകള്‍ നീരവ് മോദിയുടെ സ്വത്തു സംബന്ധിച്ചുള്ളതാണ്. അഞ്ചിടങ്ങളിലെ സ്വത്ത് താത്കാലികമായി ഇ.ഡി. ഏറ്റെടുത്തു. പാസ്പോര്‍ട്ട് റദ്ദാക്കണമെന്ന് അന്വേഷണ സംഘം വിദേശമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു നടപടി തുടങ്ങിയതായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നീരവുമായി ബന്ധപ്പെട്ടവരെക്കൂടാതെ പ്രതിചേര്‍ക്കപ്പെട്ട രണ്ട് ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുടെ വീടുകളിലും സി.ബി.ഐ. റെയ്ഡ് നടത്തി; ഇപ്പോള്‍ വിരമിച്ച ഗോകുല്‍നാഥ് ഷെട്ടി, സസ്പെന്‍ഷനിലുള്ള മനോജ് ഖാരാട്ട് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ബാങ്കിനെ വെട്ടിച്ചുണ്ടാക്കിയ പണമുപയോഗിച്ച് അനധികൃത സ്വത്തു സ മ്ബാദിച്ചതിനാണ് കള്ളപ്പണ നിരോധന നിയമമമനുസരിച്ച് എന്‍ഫോഴ്സ്മെന്റ് കേസെടുത്തിരിക്കുന്നത്.
പുതിയ വായ്പയ്ക്കായി നീരവ് പഞ്ചാബ് നാഷണല്‍ ബാങ്കിനെ വീണ്ടും സമീപിച്ചതാണ് വന്‍തട്ടിപ്പ് പുറത്തുവരാന്‍ കാരണമായത്. വിദേശത്തെ ബാങ്കുകളില്‍ നിന്നു ഹ്രസ്വവായ്പയെടുക്കാനുള്ള ജാമ്യച്ചീട്ട് മുന്‍പ് നല്‍കിയിരുന്ന ഉദ്യോഗസ്ഥര്‍ അപ്പോഴേക്കും ബാങ്കില്‍നിന്നു വിരമിച്ചിരുന്നു. അവരില്ലെങ്കിലും പഴയതുപോലെ ജാമ്യച്ചീട്ട് കിട്ടുമെന്ന് അദ്ദേഹം ധരിച്ചു. എന്നാല്‍, ജാമ്യച്ചീട്ടിന് ഉദ്യോഗസ്ഥര്‍ ഈട് ആവശ്യപ്പെട്ടു. ഈടില്ലാതെ നേരത്തേ പലതവണ ബാങ്ക് ജാമ്യച്ചീട്ട് തന്നിരുന്നല്ലോ എന്നായി നീരവ്. അതെപ്പോഴാണ് നല്‍കിയതെന്നു പരിശോധിച്ചപ്പോഴാണ് 2010 മുതല്‍ ബാങ്കില്‍ നിന്നു നീരവിന് ഇത്തരത്തില്‍ ജാമ്യച്ചീട്ട് നല്‍കിയതായി മനസ്സിലായത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വജ്രവ്യാപാരി നീരവ് മോദി നടത്തിയ വായ്പാതട്ടിപ്പിനെ മുന്‍നിര്‍ത്തി റിസര്‍വ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും നടപടി തുടങ്ങി. 11,300 കോടിയുടെ വായ്പാ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പി.എന്‍.ബി.ക്കാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്) രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പുനടന്നത്. പി.എന്‍.ബി.യുടെ ജാമ്യത്തിന്റെ ബലത്തില്‍ വിദേശത്തെ ബാങ്കുകളില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതുമൂലം ബാധ്യത, ജാമ്യംനിന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന് തന്നെയാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് പല ബാങ്കുകളും വജ്രവ്യാപാരിയായ നീരവ് മോദിക്ക് വായ്പനല്‍കിയത്. ആ വായ്പത്തുകയും തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്വം പിഎന്‍ബിക്കായിരിക്കും. ജീവനക്കാര്‍ വരുത്തുന്ന ഏതൊരു തെറ്റിന്റെയും ഉത്തരവാദിത്വം ബാങ്കിനാണ്. പിഎന്‍ബിക്ക് ഈ വീഴ്ചയില്‍നിന്ന് ഒഴിയാനാവില്ല റിസര്‍വ് ബാങ്ക് പറയുന്നു.
ഇതിനിടയില്‍ നീരവ് മോദിക്ക് നല്‍കിയ ചെറുതും വലുതുമായ വായ്പകളെ സംബന്ധിച്ച വിശദാംശങ്ങള്‍ എല്ലാ ബാങ്കുകളോടും നല്‍കാന്‍ കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശിച്ചു. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ. ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക്, അലഹബാദ് ബാങ്ക് ഉള്‍പ്പെടെ ഇരുപതോളം ബാങ്കുകള്‍ക്കാണ് ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏതെല്ലാം ശാഖകള്‍ വായ്പനല്‍കിയിട്ടുണ്ടെന്ന കാര്യവും വിശദമായി ആവശ്യപ്പെട്ടിട്ടുണ്ട്.