മുംബൈ: കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിനു പിന്നാലെ വീണ്ടും വന്‍ തീപിടുത്തം. മഹാരാഷ്ട്രയിലെ ബഹിവാന്‍ഡിയിലുള്ള വസ്ത്ര നിര്‍മാണ ശാലയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. നാല് നില കെട്ടിടത്തില്‍ തീ ആളി പടരുകയാണ് ചെയ്തത്. രാവിലെ 8.45ഓടെയാണ് തീപിടുത്തം ഉണ്ടായത്.
കെട്ടിടത്തില്‍ 150ഓളം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. പലരും ഏണി ഉപയോഗിച്ച് കെട്ടിടത്തിനുമുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് .പുറത്തുവിട്ടിരിക്കുന്നത്.
താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മുകളിലേക്ക് തീ ആളി പടരുകയായിരുന്നു. രണ്ടും മൂന്നും നിലകളില്‍ ആളുകള്‍ താമസിക്കുന്ന സ്ഥലമാണെന്നും പറയുന്നു.അഗ്നിശമന സേനയും പോലീസും സംഭവസ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.
എങ്ങനെയാണ് ഫാക്ടറിക്കുള്ളില്‍ തീ പിടിച്ചതെന്നുള്ള വിവരം പുറത്തുവന്നിട്ടില്ല. കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.