ക്ഷേത്രങ്ങളിലെ വെടിക്കെട്ട്: ഉപയോഗിക്കുന്നത് തീവ്രവാദികൾ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തു

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും വെടിക്കെട്ടിനായി ഉപയോഗിക്കുന്നത് തീവ്രവാദികൾ സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറൈറ്റ് എന്ന സ്‌ഫോടക വസ്തുവെന്നു റിപ്പോർട്ട്. സംസ്ഥാനത്തേയ്ക്കു വ്യാപകമായ പൊട്ടാസ്യം ക്ലോറേറ്റ് എത്തുന്നതായുള്ള റിപ്പോർട്ടുകളുടെയും, പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിന്റെയും പ്ശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ അടക്കം വെടിമരുന്നിന്റെ വീര്യവും ശ്ബ്ദവും കൂട്ടാൻ പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
ഇതേ തുടർന്നു സംസ്ഥാനത്തെമ്പാടും പരിശോധന നടത്തി ഇവ പിടിച്ചെടുക്കാൻ സംസ്ഥാന വ്യാപമായി റെയ്ഡ് നടത്താൻ പോലീസിന് നിർദ്ദേശം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സ്‌ഫോടക വസ്തുക്കൾ വൻ തോതിൽ ശേഖരിച്ചു വയ്ക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം. പൊട്ടാസ്യം ക്ലോറേറ്റ് കൂടുതൽ ശേഖരിച്ചു വയ്ക്കുന്നത് തീപ്പെട്ടി കമ്പനിക്കാരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരിൽ നിന്ന് പടക്കകടകളിലേക്കും പാറമടകളിലേക്കും ഇത് പോകുന്നുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. തീപ്പെട്ടി കമ്പനകളിലും പരിശോധന ഉണ്ടാകും. ലൈസൻസിൽ അനുവദിച്ചിരിക്കുന്നതിൽ കൂടുതൽ പോട്ടാസ്യം ക്ലോറേറ്റ് സൂക്ഷിച്ചു വച്ചിരിക്കുന്ന തീപ്പെട്ടി കമ്പനികളിൽ നിന്ന് ഇവ പിടിച്ചെടുക്കുകയും ഇവർക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വ്യാപകമായി പടക്കങ്ങൾ ശേഖരിച്ചു വയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും നടപടി. ഇപ്പോൾ തന്നെ പല ജില്ലകളിലും നടപടി ആരംഭിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്ന് പടക്കങ്ങളും പോട്ടാസ്യം ക്ലോറേറ്റും കൊണ്ടുവരാനുള്ള സാധ്യത മുന്നിൽ കണ്ട് ചെക്കുപോസ്റ്റുകളിൽ പ്രത്യേക പരിശോധന നടത്തും.

തമിഴ്‌നാട്ടിൽ നിന്നാണ് കൂടുതലായി സംസ്ഥാനത്തേക്ക് പടക്കങ്ങൾ വരുന്നത്. അന്തർ സംസ്ഥാന ബസുകളിലടക്കം കർശന പരിശോധന വേണമെന്ന നിർദ്ദേശമാണ് ചെക്കുപോസ്റ്റുകളിലേക്ക് കൈമാറിയിരിക്കുന്നത്. എക്‌സ്‌പ്ലോസീവ് കൺട്രോൾമാരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ഇവരുടെ ഇടപെടലുകൾ പരിശോധിക്കപ്പെടേണ്ടതാണെന്ന റിപ്പോർട്ടും സർക്കാരിന് ലഭിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നവരെ കണ്ടെത്തുകയും ഇവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനും അധികാരപ്പെട്ട ഇവർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നിട്ടുണ്ട്.

പോലീസിന് ഇവയ്‌ക്കെതിരേ നടപടിയെടുക്കുന്നതിന് പരിമിതികളുണ്ടെന്നും ചെയ്യേണ്ട വിഭാഗം ഇതു ചെയ്യുന്നില്ലെന്ന പരാതിയാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്. ഇതേക്കുറിച്ചും അന്വഷണം ഉണ്ടാകും. വൻകിട കമ്പനിക്കാരുമായി ചില ഉദ്യോഗസ്ഥർക്ക് വഴിവിട്ടബന്ധങ്ങളുണ്ടെന്ന റിപ്പോർട്ട് ഇന്റലിജൻസ് വിഭാഗവും സർക്കാരിന് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായ അന്വേഷണം തന്നെ ഉണ്ടാകുമെന്ന വിവരമാണ് ലഭിക്കുന്നത്.

പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് തന്നെ തുടരുമെന്നും സിബിഐ ഉൾപ്പടെയുള്ള ഏതന്വേഷണത്തിനും തയാറായാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്ന സർക്കാരിന്റെ നിലപാടിനെ തുടർന്നാണ് ഇക്കാര്യത്തിൽ കോടതിയുടെ തീരുമാനമുണ്ടായത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. മേയ് 18നകം അന്വേഷണ റിപ്പോർട്ട് കോടതിക്ക് കൈമാറണമെന്നും അറിയിച്ചിട്ടുണ്ട്.

കേസന്വേഷണ റിപ്പോർട്ട് കോടതിക്ക് തൃപ്തികരമല്ലെങ്കിൽ സിബിഐ ഉൾപ്പടെയുള്ള അന്വേഷണ കാര്യം കോടതി പരിഗണിച്ചേക്കും. 113പേരാണ് പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചത്. നിരവധിപേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പരവൂർ സ്വദേശി സത്യൻ, കഴക്കൂട്ടം സ്വദേശി കണ്ണൻ, രാജീവ്, സുധീർ, അജിത്, ചന്ദ്രബോസ് എന്നിവരുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്.

ദുരന്തമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചറിയാനാവാതെ 13 മൃതദേങ്ങളാണ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളത്. 18പേരെ കാണാതായതനുസരിച്ച് അവരുടെ ബന്ധുക്കൾ ജില്ലാആശുപത്രിയിലും മെഡിക്കൽകോളജിലുമെത്തി ഡിഎൻഎ ടെസ്റ്റിന് വിധേയമായിവരികയാണ്. രക്തസാമ്പിളുകൾ നൽകിയവരുടെ പരിശോധനാഫലം ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ തീരുമാനപ്രകാരം അന്വേഷണം നടത്തുന്ന ഉപസമിതിയിലുള്ള മന്ത്രിമാരായ ഷിബുബേബീജോൺ, അടൂർപ്രകാശ്, ശിവകുമാർ എന്നിവർ ദുരന്തമേഖല സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. പരവൂരിലെ ദുരന്തപ്രദേശത്തെ കിണറുകൾ അടിയന്തികരമായി ശുചീകരീക്കുന്നതിനാവശ്യമായ നിർദേശം മന്ത്രി അടൂർ പ്രകാശ് നൽകി.

വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ പോലീസും ജില്ലാഭരണകൂടവും പരാജയപ്പെട്ടതായാണ് ഉപസമിതിയുടെ വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ശേഖരിക്കുന്ന അന്വേഷണറിപ്പോർട്ട് 19ന് ഉപസമിതി സർക്കാരിന് സമർപ്പിക്കും. അതേസമയം ആഭ്യന്തരവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വരുന്നതോടെ സിറ്റിപോലീസ് കമ്മീഷണർ ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നടപടിയുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. കേസുമായിബന്ധപ്പെട്ട് ഇതുവരെ 13പേരാണ് പിടിയിലായിട്ടുള്ളത്.

വരുംദിവസങ്ങളിൽ എഡിഎം ഉൾപ്പടെയുള്ളവരുടെ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനമെന്നും അറിയുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് നിലവിൽ 20പേർക്കെതിരെയാണ് കേസുള്ളത്. ഇതിൽ 13പേർ മാത്രമാണ് പിടിയിലായിട്ടുള്ളത്. മറ്റുള്ളവരിൽ ചിലർ മുൻകൂർ ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചെങ്കിലും കോടതി നൽകിയില്ല. മറ്റ്പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.

Top