എറണാകുളം ഹൈക്കോടതി പരിസരത്ത് സംഘടിപ്പിച്ച രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന പരിപാടി അലങ്കോലപ്പെട്ടു. സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘടനയായ കെഎസ്എംടിഎഫ് പ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്‌കരിച്ചു. ആദരിക്കല്‍ ചടങ്ങിനുണ്ടായിരുന്ന പാളിച്ചകളെത്തുടര്‍ന്നായിരുന്നു ബഹിഷ്‌കരണം. ഫിഷറീസ് വകുപ്പാണ് എറണാകുളം ജില്ലയിലെ തീരപ്രദേശത്തുനിന്നും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെ ആദരിക്കാനെന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.
ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയടക്കം പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പ്രസംഗത്തിന്‌ശേഷം ആദരിക്കല്‍ ചടങ്ങിന് നില്‍ക്കാതെ മന്ത്രി വേദിയില്‍നിന്നും പോയിരുന്നെന്നും പിന്നീട് വേദിയില്‍ ആളില്ലാത്ത അവസ്ഥയായിരുന്നെന്നും കെഎസ്എംടിഎഫ് നേതാവ്സിജി പറഞ്ഞു. എറണാകുളം ജില്ലയില്‍നിന്നും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ എല്ലാ മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ചായിരുന്നു പരിപാടി.
പരിപാടിയുടെ സംഘാടനത്തില്‍ത്തന്നെ വലിയ പാളിച്ചകളുണ്ടായിരുന്നെന്നും സ്വതന്ത്രമത്സ്യത്തൊളിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടി. അര്‍ഹതപ്പെട്ടവര്‍ക്കല്ല ആദരവ് ലഭിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. എസിസി സിമന്റ്‌സ് ആണ് ആദരിക്കല്‍ ചടങ്ങ് സ്‌പോണ്‍സര്‍ ചെയ്തത്. പരിപാടിയില്‍ സാധനങ്ങള്‍ വിതരണം ചെയ്തതും എസിസി സിമന്റ്‌സിന്റെ വളണ്ടിയേഴ്‌സ് ആണ്. സ്ഥാപനത്തിന്റെ പേര് പതിപ്പിച്ച യൂണിഫോമിലായിരുന്നു ഇവര്‍.
ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും സ്ഥാപനത്തിന്റെയോ സംഘടനകളുടേയോ പേര് പരസ്യം ചെയ്യുന്ന പ്രവണത ഒഴിവാക്കമമെന്ന മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതൊന്നും പാലിക്കാതെയായിരുന്നു ഫിഷറീസ് വകുപ്പിന്റെ ആദരിക്കല്‍ പരിപാടി. ആദരിക്കാന്‍ ക്ഷണിച്ച മത്സ്യത്തൊഴിലാളികളെ വരി നിര്‍ത്തിയുമായിരുന്നു സാധനങ്ങള്‍ വിതരണം ചെയ്തത്. വിതരണത്തിനായി എത്തിച്ച സാധനങ്ങള്‍ എസിസി സിമന്റ്‌സ് എന്ന് എഴുതിയ കവറുകളിലാണ് തൊഴിലാളികള്‍ക്ക് കൈമാറിയതും. പ്രളയ സമയത്ത് എറണാകുളം ജില്ലയില്‍ ചെല്ലാനത്ത് നിന്നാണ് ഏറ്റവുമധികം രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്.