അതിര്‍ത്തി ലംഘിച്ചതിന് തടവിലായിരുന്ന മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ മോചിപ്പിച്ചു; ഇരുന്നൂറിലധികം മത്സ്യത്തൊഴിലാളികള്‍ പാക് ജയിലറകളില്‍

കറാച്ചി: നയതന്ത്ര ഇടപെടലിനെത്തുടര്‍ന്ന് 68 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ ഞായറാഴ്ച മോചിപ്പിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് പിടികൂടിയവരെയാണ് മോചിപ്പിച്ചത്. പാകിസ്ഥാനിലെ ലാന്തി ജയിലില്‍ നിന്നും ഇവരെ പ്രത്യേക ട്രെയിന്‍ മാര്‍ഗം വാഗ അതിര്‍ത്തിയിലെത്തിച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി. ശനിയാഴചയാണ് ഇവരെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഉടന്‍ തന്നെ അത് നടപ്പാക്കുകയായിരുന്നുവെന്നും സിന്ദ് പ്രവിശ്യയിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ നസീം സിദ്ദീഖി പറഞ്ഞു.

അതേസമയം, അതീവ സുരക്ഷയില്‍ പ്രത്യേക വാഹനങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ച മത്സ്യത്തൊഴിലാളികളെ പണവും സമ്മാനവും നല്‍കിയാണ് പാകിസ്ഥാനിലെ സന്നദ്ധ സംഘടനകള്‍ യാത്രയാക്കിയത്. കഴിഞ്ഞ ജൂലായില്‍ 78 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും ഇത്തരത്തില്‍ മോചിപ്പിച്ചിരുന്നു. നിലവില്‍ ഏതാണ്ട് ഇരുന്നൂറിലധികം മത്സ്യത്തൊഴിലാളികള്‍ പാക് ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.

ഇരു രാജ്യങ്ങളിലെയും നിരവധി മത്സ്യത്തൊഴിലാളികള്‍ ഇടയ്ക്കിടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ പിടിയിലാകാറുണ്ട്. അറബിക്കടലില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ വ്യക്തമായ അതിര്‍ത്തി ഇല്ലാത്തതും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ദിശാസൂചനകള്‍ക്കായി അത്യാധുനിക ഉപകരണങ്ങള്‍ ഇല്ലാത്തതുമാണ് ഇതിന് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍.

Top