ആറ് വര്‍ഷം കൂടെക്കഴിഞ്ഞവര്‍ ഫ്‌ലാറ്റിലേക്ക്; എവിടെ പോകണമെന്നറിയാതെ ജസീന്ത

പവിത്ര ജെ ദ്രൗപതി

തിരുവനന്തപുരം: കഴിഞ്ഞ ആറ് വര്‍ഷമായി കടലാക്രമണം മൂലം ഭൂമിയും വീടും നഷ്ടപ്പെട്ട് പുനരധിവാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത ഭവന പദ്ധതിയിലൂടെ നിര്‍മ്മിച്ച ഫ്‌ലാറ്റ് സമുച്ചയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഓഖിയിലും മറ്റ് ദുരന്തത്തിലുമായി വീട് നഷ്ടപ്പെട്ട 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി 20 കോടി രൂപ ചെലവിലാണ് 3.5 ഏക്കറില്‍ ഫ്‌ലാറ്റ് ഒരുക്കിയത്. എന്നാല്‍ ഇപ്പോളും കിടപ്പാടം കിട്ടാതെ ഒരു കുടുംബം വലിയതുറ യുപി സ്‌കൂളിലെ ക്യാംപില്‍ കഴിയുന്നുണ്ട്. ജസീന്തയും കുടുംബവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വലിയതുറ യുപി സ്‌കൂളില്‍ 34 കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്. ഫ്‌ലാറ്റ് ഉദ്ഘാടനം ചെയ്യുന്നതോടെ എല്ലാവരും സ്‌കൂളില്‍ നിന്നും മാറി കൊടുക്കണമെന്ന് അധികൃതരുടെ നിര്‍ദ്ദേശമുണ്ട്. വീണ്ടും സ്‌കൂള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായാണ് ഇത്. സ്‌കൂളില്‍ കഴിഞ്ഞ 33 കുടുംബങ്ങള്‍ക്കും ഫ്‌ലാറ്റ് ലഭിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷമായി ക്യാംപില്‍ കഴിയുന്ന ജസീന്തയ്ക്കും കുടുംബത്തിനും മാത്രം ഫ്‌ലാറ്റ് ലഭിച്ചിട്ടില്ല. മറ്റുള്ള 33 കുടുംബവും ഒഴിഞ്ഞ് പോകുമ്പോള്‍ എങ്ങോട്ട് പോകണമെന്ന് ഇവര്‍ക്കറിയില്ല. ആറ് വര്‍ഷമായി ജസീന്ത ഇവിടെയാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇതേ ക്യാംപില്‍ വെച്ചാണ് ജസീന്തയുടെ ഭര്‍ത്താവ് പയസ് ജോസഫ് മരണമടഞ്ഞതും. ഇപ്പോള്‍ മകനും മരുമോളും കുട്ടിയുമടങ്ങുന്ന ജസീന്തയുടെ കുടുംബം വീണ്ടും പെരുവഴിയിലായി.

ഫ്‌ലാറ്റിനര്‍ഹരായവരുടെ പട്ടികയില്‍ പേര് വരാത്തതിന് പിന്നാലെ കളക്ടറിനും മുഖ്യമന്ത്രിയ്ക്കുമടക്കം ജസീന്ത പരാതി നല്‍കിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ മത്സ്യത്തൊഴിലാളികളുടെ ലിസ്റ്റില്‍ പേര് വരാത്തതിനാലാണ് ഫ്‌ലാറ്റ് ലഭിക്കാത്തതെന്നാണ് അധികൃതര്‍ നല്‍കിയ മറുപടി.

jaseentha 1 jaseentha 2

ജനിച്ചതും വളര്‍ന്നതുമെല്ലാം കടല്‍ത്തീരത്തായ ഇവര്‍ക്കാകട്ടെ മത്സ്യബന്ധനമല്ലാതെ മറ്റൊരു തൊഴിലും അറിയില്ല. പലവട്ടം ലിസ്റ്റില്‍ പേര് ചേര്‍ക്കാനായി പരാതി നല്‍കിയിട്ടുണ്ടെന്നും വേണ്ട രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ജസീന്ത പറയുന്നു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലുണ്ടായ പിഴവാണ് ഇന്ന് ജസീന്തയെ ഈ അവസ്ഥയിലാക്കിയത്.

cm complaint

ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റില്‍പ്പോലും സ്‌കൂള്‍ വിലാസമാണ് ഇവര്‍ക്ക് നല്‍കാനുണ്ടായിരുന്നത്. കൂടെക്കഴിഞ്ഞവരെപ്പോലെ എന്നെങ്കിലും സുരക്ഷിതമായ ഭവനത്തിലേക്ക് മാറാമെന്നാണ് ജസീന്തയുടെ വിശ്വാസം. ഒറ്റമുറിയില്‍ നിന്നും ഒരു വീട്ടിലേക്ക് മാറാന്‍ അധികൃതര്‍ കണ്ണ് തുറക്കട്ടെയെന്ന പ്രാര്‍ത്ഥനയും. ഒപ്പമുള്ളവര്‍ മാറുന്നതിന്റെ തിരക്കിലായപ്പോള്‍ അവരുടെ സന്തോഷം നോക്കി ഇനിയെങ്ങോട്ടെന്ന് ആലോചിക്കുകയാണ് ഈ കുടുംബം.

Top