നയതന്ത്രബാഗിലല്ല സ്വര്‍ണം കടത്തിയത്; കേന്ദ്രത്തെ തിരുത്തി വീണ്ടും മന്ത്രി മുരളീധരന്‍.മുരളീധരനെ ചോദ്യം ചെയ്യണം; നയതന്ത്ര ബാഗേജ് വിവാദത്തിൽ മുരളീധരന്റെ രാജി ആവശ്യപ്പെട്ട് സി പി എം

ന്യൂ‍ഡ‍ൽഹി: കള്ളക്കടത്ത് സംഘം സ്വര്‍ണം യുഎഇയില്‍ നിന്നെത്തിച്ചത് നയതന്ത്രബാഗേജിലൂടെ അല്ലെന്ന് ആവര്‍ത്തിച്ച് വി. മുരളീധരന്‍. നയതന്ത്ര ബാഗേജിലല്ല തിരുവനന്തപുരത്തെ സ്വർണക്കടത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞത് ഗൗരവതരമാണെന്ന് സി.പി.എം. അന്വേഷണം അട്ടിമറിക്കാൻ മുരളീധരൻ ഇടപെടൽ നടത്തിയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. വി.മുരളീധരനെ ചോദ്യം ചെയ്യണമെന്നും സി.പി.എം ആവശ്യപ്പെട്ടു. മുരളീധരൻ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്നാണ് സി.പി.എം നിലപാട്.മുരളീധരനെ തള്ളി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ നിലപാടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ വാദം. നയതന്ത്രബാഗ് എന്ന് വ്യാജേനയാണ് സ്വര്‍ണം കടത്തിയതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

നയതന്ത്ര ബാഗേജ് എന്നെഴുതി വച്ചാണ് സ്വര്‍ണം കടത്തിയത്. യഥാര്‍ഥ നയതന്ത്ര ബാഗായിരുന്നെങ്കില്‍ വിദേശരാജ്യവുമായി കേസാകുമായിരുന്നു. കസ്റ്റംസ് ഇക്കാര്യം അറിയിച്ചപ്പോഴാണ് ബാഗ് തുറന്നുപരിശോധിക്കാന്‍ അനുമതി നല്‍കിയത്. സ്വപ്നയെ രക്ഷിക്കാനും സ്വയം രക്ഷപെടാനും ഉളള വേവലാതിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വി. മുരളീധരൻ പറഞ്ഞു.

നയതന്ത്ര ബാഗേജിലാണു സ്വര്‍ണക്കടത്ത് നടന്നതെന്നു ധനകാര്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത് തിങ്കളാഴ്ച ഉച്ചയോടെയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാള്‍ക്ക് ഉന്നതബന്ധമുണ്ടെന്നും പഴുതടച്ച അന്വേഷണം നടക്കുമെന്നും വിശദീകരിച്ചു. അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണത്തിന്റെ കണക്കും വെളിപ്പെടുത്തി.

എന്‍.കെ. പ്രേമചന്ദ്രന്‍, ആന്‍റോ ആന്‍റണി, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ ചോദ്യത്തിന് ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍ നല്‍കിയ മറുപടിയിങ്ങനെ: ജൂലൈയില്‍ കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണര്‍ ഒാഫിസ് വിദേശകാര്യ മന്ത്രാലയത്തെ നയന്ത്ര ബാഗില്‍ സ്വര്‍ണം കടത്തുന്നതായി സംശയിക്കുന്നുവെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍റെ മേല്‍വിലാസത്തില്‍ വന്ന ബാഗ് പരിശോധിക്കാന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി.

30.244 കിലോ സ്വര്‍ണം പിടിച്ചെടുത്തു. 16 പേരെ അറസ്റ്റു ചെയ്തു. ഒരു പ്രതിക്ക് ഉന്നത ബന്ധങ്ങളുണ്ട്. എന്നാല്‍ നിഷ്പക്ഷവും പഴുതടച്ചതുമായ അന്വേഷണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

നയതന്ത്ര ബാഗേജിലാണ് സ്വർണം കടത്തിയതെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം രേഖാമൂലം പാർലമെന്റിൽ അറിയിച്ചതിന് പിന്നാലെയാണ് സി.പി.എം മന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ വിവരം ജൂലായ് മാസത്തിൽ കസ്റ്റംസാണ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ മേൽവിലാസത്തിലാണ് ബാഗേജ് എത്തിയത്. തുടർന്ന് വിദേശകാര്യ മന്ത്രാലയം ബാഗ് തുറന്ന് പരിശോധിക്കാൻ അനുമതി നൽകി. കസ്റ്റംസ് നടത്തിയ പരിശോധനയിൽ മുപ്പത് കിലോ സ്വർണം പിടികൂടിയെന്നും ധനമന്ത്രാലയം വ്യക്തമാക്കി.കസ്റ്റംസും എൻ.ഐ.എയും പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നത്. എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. അതേ സമയം ഉന്നത സ്വാധീനമുള്ള പ്രതി ആരെന്ന് രേഖാമൂലമുള്ള മറുപടിയിൽ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. കേസന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനാവില്ലെന്നും മറുപടിയിൽ പറയുന്നു.

ന്ത്രി വി. മുരളീധരന്റെ കുറിപ്പ് :

സ്വർണക്കടത്ത് കേസിൽ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോൾ , ധനമന്ത്രാലയം ലോക്‌സഭയിൽ ഈ വിഷയത്തിൽ നൽകിയ ഉത്തരത്തിൽ കേറിപ്പിടിച്ച് മുഖ്യമന്ത്രിയടക്കം ഇന്ന് തകർക്കുന്നുണ്ടായിരുന്നല്ലോ. പിണറായിയുടെയും കൂട്ടരുടെയും അഴിമതിയുടെയും കള്ളക്കടത്തിന്റെയും കഥകൾ ഒന്നൊന്നായി ജനമധ്യേ വരികയല്ലേ. നിലയില്ലാക്കയത്തിൽ മുങ്ങിത്താണു കൊണ്ടിരിക്കുന്ന സിപിഎമ്മിനും സർക്കാരിനും ഒരു കച്ചിത്തുരുമ്പ് കിട്ടിയപ്പോൾ അതിൽ പിടിച്ച് കയറണമെന്നാകും പാർട്ടിക്കും മുഖ്യമന്ത്രിക്കും ഉപദേശികളിൽ നിന്ന് കിട്ടിയ ക്യാപ്സൂൾ. എനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപമാണ് തോന്നുന്നത്. എല്ലാം ശരിയാക്കാൻ വന്നിട്ട് ഇപ്പോൾ സഖാവിനെ തന്നെ ശരിയാക്കുകയാണല്ലോ ഒപ്പമുള്ളവർ.

ധനമന്ത്രാലയം നൽകിയ ഉത്തരം പൂർണ്ണമായി വായിച്ചു നോക്കിയാൽ സഖാവിന് കാര്യം മനസിലാകും. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വർണം കടത്തിയത്. ഇത് സംബന്ധിച്ച് കസ്റ്റംസ് അറിയിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ ശേഷമാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇക്കാര്യം മുൻ നിർത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണം കടത്തിയെന്നു തന്നെയാണ് ഞാൻ പറഞ്ഞത്. എന്നാലത് യഥാർഥത്തിൽ ഡിപ്ളോമാറ്റിക് ബാഗേജ് ആയിരുന്നെങ്കിൽ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നു. ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വർണം കടത്തിയത് സ്വപ്ന സുരേഷും കൂട്ടരുമാണ്. അവർ നടത്തിയ സ്വർണ കള്ളക്കടത്ത് ആർക്കുവേണ്ടിയെന്നൊക്കെ ഉടനെ പുറത്തു വരുമെന്നായപ്പോൾ, സ്വപ്ന സുരേഷിനെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനുമുള്ള വേവലാതിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും. കള്ളത്തരങ്ങളൊക്കെ വെളിയിൽ വരുമ്പോൾ അടിത്തറ ഇളകുന്നത് സ്വാഭാവികം.

ഒരു കാര്യം ഉറപ്പാണ്. എങ്ങനെയൊക്കെ നിങ്ങൾ ക്യാപ്സൂളിറക്കി പ്രചരിപ്പിച്ചാലും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ വഴി തെറ്റിക്കാനാവില്ല. എത്ര ഉന്നതരായാലും കുടുങ്ങിയിരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സ്വർണം കടത്തിയതിന്റെ വേരുകൾ ചികഞ്ഞു പോകുമ്പോൾ പാർട്ടി സെക്രട്ടറിയുടെ പുത്രനോ മന്ത്രി പുത്രൻമാരോ മാത്രമാകില്ല കുടുങ്ങുക എന്നതോർത്താണോ പിണറായിക്ക് ഇത്ര വേവലാതി? പിന്നെ, എന്റെ സ്ഥാനത്തെ കുറിച്ചോർത്ത് പിണറായി വിജയൻ ആശങ്കപ്പെടണ്ട. സ്വന്തം മന്ത്രിസഭയിലെയും പാർട്ടിയിലെയും കള്ളക്കടത്തുകാരെയും അഴിമതിക്കാരെയും ശരിയാക്കിയിട്ട് പോരേ എന്നെ ശരിയാക്കുന്നത് ?

Top