ബ്രിട്ടണ്‍ : ഹൈസ്‌കൂള്‍ കാലത്ത് സഹപാഠികള്‍ക്കെല്ലാം ആണ്‍സുഹൃത്തുക്കളെ ലഭിച്ചപ്പോള്‍ എമിലി പഴിച്ചത് തന്റെ വണ്ണത്തെയായിരുന്നു. ആകാരഭംഗിയില്ലായ്മ കാരണമാണ് തനിക്ക് പുരുഷ സുഹൃത്തുക്കളെ ലഭിക്കാത്തത് എന്ന തോന്നലില്‍ അവള്‍ ജിമ്മില്‍ പോകാന്‍ ആരംഭിച്ചു.അഴകളവുകളുടെ തികവ് ആഗ്രഹിച്ച ഈ മനശ്ശാസ്ത്ര വിദ്യാര്‍ത്ഥിനി കഠിനമായ വ്യായാമ മുറകള്‍ പരീക്ഷിച്ചു. സമയം കിട്ടുമ്പോഴോക്കെ കായികാഭ്യാസങ്ങളിലേര്‍പ്പെട്ടു. ഭക്ഷണം നന്നേ കുറച്ചു. എന്നാല്‍ പ്രത്യേകതരം ശാരീരികാവസ്ഥയിലേക്കാണ് എമിലി ഇതേ തുടര്‍ന്ന് നയിക്കപ്പെട്ടത്.വിശപ്പില്ലായ്മ അവളെ പിടികൂടി. ഇതോടെ ശരീരഭാരത്തില്‍ വന്‍തോതിലുള്ള ഇടിവുണ്ടായി. അവള്‍ മെലിഞ്ഞുണങ്ങി. എല്ലുകള്‍ എണ്ണിയെടുക്കാവുന്ന നിലയിലേക്ക് അവള്‍ ക്ഷീണിതയായി. ശരീര ഭാരം 30 കിലോ വരെയായി.ഹഡ്ഡേര്‍സ്ഫീല്‍ഡ് സ്വദേശിയായ അവള്‍ ഏഴ് തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. താന്‍ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് എമിലി പറയുന്നതിങ്ങനെ. ഹൈസ്‌കൂള്‍ കാലത്തേ താന്‍ തടിച്ചുവരികയായിരുന്നു.എന്റെ എല്ലാ കൂട്ടുകാരികള്‍ക്കും ആണ്‍സുഹൃത്തുക്കളുണ്ടായിരുന്നു. പക്ഷേ എനിക്ക് കൂട്ടിന് ആരുമുണ്ടായിരുന്നില്ല. തടി കാരണമാണ് ആരും തന്നോട് അടുക്കാത്തതെന്ന് തോന്നിയപ്പോഴാണ് വണ്ണം കുറയ്ക്കണമെന്ന ചിന്ത ബലപ്പെട്ടത്.ഇതേതുടര്‍ന്നാണ് ജിമ്മിലെ പരിശീലനം ആരംഭിച്ചത്. ഒരു നിമിഷം വെറുതെയിരിക്കില്ലായിരുന്നു. ഭക്ഷണത്തില്‍ കഠിന നിയന്ത്രണങ്ങളുമേര്‍പ്പെടുത്തി. പക്ഷേ ശരീരഭാരം ക്രമാതീതമായി കുറയുകയാണുണ്ടായത്. രോഗത്തിന്റെ നാളുകള്‍ വേദനാജനകമായിരുന്നു. മരിച്ചുപോകുമെന്ന് വരെ തോന്നി. പക്ഷേ പിന്നീട് നഷ്ടപ്പെട്ട ആരോഗ്യം തിരികെ പിടിക്കാനുള്ള ശ്രമമായിരുന്നു. ചികിത്സ ഫലം കണ്ടതോടെ ശരീരം മെച്ചപ്പെടാന്‍ തുടങ്ങി.ഒടുവില്‍ താന്‍ ആഗ്രഹിച്ച ശരീര പ്രകൃതി തനിക്ക് കൈവന്നിരിക്കുന്നു. രോഗാവസ്ഥ തനിക്ക് മനസ്സുറപ്പ് സമ്മാനിച്ചെന്നും അവള്‍ വ്യക്തമാക്കുന്നു.