മഞ്ഞുകാലത്തെ ശ്വാസംമുട്ട് നെഞ്ചുവേദന, കഫക്കെട്ട് മാറ്റാം…

കൊച്ചി:നിരവധി പേരാണ് കഫക്കെട്ടിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ പെട്ട് അലയുന്നത്. മഞ്ഞുകാലം വരുന്നതോടെ കഫക്കെട്ടിന്റെ ഉപദ്രവം വര്‍ധിക്കുകയും ചെയ്യും. തലവേദനയും തലയില്‍ കനവും മാത്രമല്ല കഫക്കെട്ട് കൂടുതലായാല്‍ ശ്വാസംമുട്ട് നെഞ്ചുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. നമ്മുടെ വീടുകളില്‍ തന്നെയുള്ള ചില മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഒരു പരിധിവരെ കഫക്കെട്ടിനെ മാറ്റി നിര്‍ത്താം.

കഫക്കെട്ടിനെതിരെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഔഷധങ്ങളിലൊന്നാണ് മഞ്ഞള്‍. അണുബാധ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനുള്ള ശേഷി മഞ്ഞളിനുണ്ട്. വെറുംവയറ്റില്‍ ഒരുഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ ഇട്ട് കലക്കി കുടിക്കുന്നത് കഫക്കെട്ട് കുറക്കാന്‍ സഹായിക്കും. കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഇട്ട് ഉപ്പും ചേര്‍ത്ത് മൂന്നോ നാലോ ദിവസം കഴിച്ചാല്‍ നെഞ്ചിനകത്തെ അണുബാധയെ ഇല്ലാതാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഫക്കെട്ടിന്റെ മറ്റൊരു പ്രധാന എതിരാളിയാണ് ഇഞ്ചി. മൂന്നോ നാലോ ചെറിയകഷ്ണം ഇഞ്ചി ഒരു ടീസ്പൂണ്‍ കുരുമുളക് ചതച്ചത്, ഒരു ടീസ്പൂണ്‍ തേന്‍ രണ്ട് കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെള്ളം ചൂടാക്കി അതില്‍ ഇഞ്ചിയിട്ട് തിളപ്പിച്ച് വെള്ളം പരമാവധി വറ്റിക്കുക. ശേഷം അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാം.

വിട്ടുമാറാത്ത കഫക്കെട്ട് പരിഹരിക്കാന്‍ ആവി പിടിക്കുന്നത് നല്ലതാണ്. പ്ലാസ്റ്റിക് ആവി യന്ത്രങ്ങള്‍ക്ക് പകരം വീട്ടിലെ പുട്ട് കുടുക്ക പോലുള്ള പാത്രങ്ങള്‍ ആവി പിടിക്കാന്‍ ഉപയോഗിക്കാം. അഞ്ച് കപ്പ് വെള്ളത്തില്‍ കുറച്ച് കര്‍പൂര തുളസിയില കൂടി ഇട്ട് ആവി പിടിച്ചാല്‍ ജലദോഷവും കഫക്കെട്ടും വേഗത്തില്‍ മാറും. ഇതൊന്നും ഇടാതെയും സാധാരണ വെള്ളത്തില്‍ ആവിപിടിച്ചാലും ഫലം ലഭിക്കും. ദിവസം രണ്ടോ മൂന്നോ തവണ ആവി പിടിക്കാവുന്നതാണ്.

ആവി പിടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യും. അഞ്ച് മിനുറ്റില്‍ കൂടുതല്‍ തുടര്‍ച്ചയായി ആവി പിടിക്കരുത്. ഒരിക്കലും കണ്ണ് തുറന്നുവെച്ച് ആവി പിടിക്കരുത്. നനഞ്ഞ തുണിയോ മറ്റോ ഉപയോഗിച്ച് കണ്ണ് മറക്കുന്നതാണ് ഏറ്റവും നല്ലത്. ബാമുകള്‍ പോലുള്ളവ ഒരിക്കലും ആവി പിടിക്കാനുള്ള ചൂടുവെള്ളത്തില്‍ ഇടരുത്. കഫക്കെട്ട് മാറാനുള്ള ഏറ്റവും ഫലപ്രദമായ മരുന്നുകളിലൊന്നാണ് കൃത്യമായ ഇടവേളകളില്‍ ശ്രദ്ധയോടെയുള്ള ആവി പിടിക്കല്‍.

രാസ്‌നാദി പൊടിയും ചെറുനാരങ്ങയും ജലദോഷത്തേയും കഫക്കെട്ടിനേയും അകറ്റാനുള്ള മറ്റൊരു ഗംഭീര ഔഷധമാണ്. ചെറുനാരങ്ങാ നീരില്‍ രാസ്‌നാദി പൊടി ചേര്‍ത്ത് കലക്കിയെടുത്ത് ചൂടാക്കി കുഴമ്പു പരുവത്തിലാക്കുക. ചൂട് മുഴുവന്‍ വിട്ടുമാറും മുമ്പ് നെറ്റിയിലും കണ്ണിന് താഴെയും(സൈനസിന്റെ ഭാഗങ്ങളില്‍) തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഉണങ്ങിയ രാസ്‌നാദി പൊടി തുടച്ച ശേഷം ആവി പിടിക്കുക.

Top