അബൂജ:ക്രിസ്തീയ വിശ്വാസത്തെ പ്രതി നൈജീരിയായിലെ ബൊർണോ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഞ്ച് നൈജീരിയൻ പുരുഷന്മാരെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ട്. “മുസ്ലീങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവര്‍ക്കും അതിനു പ്രവര്‍ത്തിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഇത്” എന്ന വാക്കുകളോടെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് (ജൂലൈ 22) തീവ്രവാദികള്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലിബിയയില്‍ ഐഎസ് വധിച്ച കോപ്റ്റിക് രക്തസാക്ഷികള്‍ക്ക് സമാനമായി അഞ്ചു പേരെയും മുട്ടുകത്തി നിർത്തി, ചുവന്ന തുണികൊണ്ട് കണ്ണു മൂടിക്കെട്ടിയശേഷം എകെ 47 തോക്ക് ഉപയോഗിച്ച് അഞ്ച് ഭീകരർ പിന്നിൽനിന്ന് വെടിവെക്കുകയായിരുന്നുവെന്ന് ‘മോർണിംഗ് സ്റ്റാർ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇയോൺസ് ഇന്റലിജൻസ് എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത 35 സെക്കൻഡ് വീഡിയോ ഉടനെ തന്നെ നീക്കം ചെയ്തെങ്കിലും ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടിരിന്നു. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ ക്രൈസ്തവരാണെന്ന് പ്രദേശവാസികളാണ് സ്ഥിരീകരിച്ചത്. ശേഷിക്കുന്നവര്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാൻ തയാറെടുത്തിരിന്ന ഇസ്ലാം മതസ്ഥരാണെന്നും സൂചനയുണ്ട്. മുസ്ലീങ്ങളായി അല്ലാഹുവിലേക്ക് മടങ്ങണമെന്നും തങ്ങളുടെ മുന്നറിയിപ്പ് നിരസിക്കുന്നവരെ ഈ അഞ്ചുപേരുടെ വിധിതന്നെയാണ് കാത്തിരിക്കുന്നതെന്നും തീവ്രവാദികള്‍ വീഡിയോയില്‍ ആക്രോശം മുഴക്കുന്നുണ്ടെന്നായിരിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ക്രൈസ്തവ പീഡനങ്ങളുടെ ഈറ്റില്ലമായി ഇന്നു നൈജീരിയ മാറിയിരിക്കുകയാണ്. ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ്സ് തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്ക് പുറമെ ഇസ്ളാമിക ഗോത്ര വര്‍ഗ്ഗ വിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാനും ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്നു സജീവമാണ്. വടക്ക് കിഴക്കന്‍ നൈജീരിയയില്‍ ബൊക്കോഹറാം നടത്തിയ ആക്രമണങ്ങളില്‍ തങ്ങളുടെ 8370 സഭാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുള്ളതായി മേഖലയിലെ ഏറ്റവും വലിയ തദ്ദേശീയ ക്രിസ്ത്യന്‍ സഭാവിഭാഗമായ ബ്രദറന്‍ സഭ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവ നരഹത്യയിൽ സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന ആരോപണം ആഗോളതലത്തിൽ തന്നെ ശക്തമാണ്. എന്നാല്‍ വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.