ന്യുഡൽഹി:ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറുമെന്ന് പ്രവചനമുണ്ടെങ്കിലും മറിച്ച് സംഭവിച്ചാല്‍ കോണ്‍ഗ്രസിന്റെ മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രാധാന്യം പോലും ചോദ്യം ചെയ്യപ്പെടും. കോണ്‍ഗ്രസ് നേതാവിനെ തന്നെ ഉദ്ധരിച്ച് ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട്.ദേശീയ തലത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് ആണെങ്കിലും ചില ഭീഷണികള്‍ പാര്‍ട്ടി നേരിടുന്നുണ്ട്. പ്രതിപക്ഷ മുന്നണിയില്‍ ഒട്ടേറെ നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നുവരികയാണ്. പ്രതിപക്ഷ ഐക്യശ്രമവുമായി മുന്നോട്ട് വരുന്നതില്‍ കോണ്‍ഗ്രസ് മാത്രമല്ല ഇപ്പോഴുള്ളത്. നേതൃപദവി നഷ്ടമാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരെല്ലാം പ്രതിപക്ഷ ഐക്യത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബിജെപിക്കെതിരെ ഐക്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷ പ്രാദേശിക പാര്‍ട്ടികളില്‍ ചിലര്‍ക്ക് കോണ്‍ഗ്രസിനെ കൂടെ കൂട്ടേണ്ട എന്ന അഭിപ്രായമുള്ളവരാണ്.
മമതാ ബാനര്‍ജിയുള്‍പ്പെടെയുള്ള ചില നേതാക്കള്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കുന്നവരാണ്. എന്നാല്‍ കോണ്‍ഗ്രസ് ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രതിപക്ഷ ശക്തിയാണെന്ന് ഇത്തരം നേതാക്കള്‍ക്ക് തോന്നണമെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തണം. അല്ലെങ്കില്‍ പ്രതിസന്ധിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പലയിടത്തും കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ നടക്കുകയാണ്. മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി സഖ്യമുണ്ടാക്കാനാണ് നീക്കം. മഹാരാഷ്ട്രയില്‍ 48 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇവിടെ സീറ്റ് വിഭജന വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് വിജയിച്ചാല്‍ മഹാരാഷ്ട്രയില്‍ എന്‍സിപി വിട്ടുവീഴ്ച ചെയ്യുമെന്ന് പേര് വെളിപ്പെടുത്താത്ത കോണ്‍ഗ്രസ് നേതാവ് പറയുന്നു.
എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തില്‍ തന്നെ ചേരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടില്ലെങ്കില്‍ എന്‍സിപി കാലുമാറിയേക്കാമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറ്റു കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് വിജയിച്ചേ തീരുവെന്ന് പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസിന് ദേശീയ തലത്തിലുള്ള പദവി നിലനിര്‍ത്തണം, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രാധാന്യം നഷ്ടപ്പെടരുത്, സഖ്യ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ കിട്ടണം, പ്രതിപക്ഷ കക്ഷികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പ്രധാനമന്ത്രി പദവിയിലേക്ക് മറ്റു പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിക്കുന്നത് ഒഴിവാകണം തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളാണ് കോണ്‍ഗ്രസിന്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യത്തെ മൂന്ന് സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്നവയാണ്. ഇവിടെ കോണ്‍ഗ്രസും ബിഎസ്പിയും ഒന്നിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സീറ്റ് വിഭജനത്തെ ചൊല്ലി ബിഎസ്പി ഇടഞ്ഞു. ഒറ്റയ്ക്ക മല്‍സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
നിലവില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിഎസ്പിക്ക് അത്ര സ്വാധീനമില്ല. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ബിഎസ്പി നിര്‍ണായക ശക്തിയാണ്. അവിടെ കോണ്‍ഗ്രസ്-ബിഎസ്പി-എസ്പി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ബിഎസ്പി സഹകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങള്‍ പാളും. ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. കോണ്‍ഗ്രസ് പിന്തള്ളപ്പെടും അതുകൊണ്ടുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിച്ചേ മതിയാകൂ. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ആറ് മാസത്തിനകം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വേണ്ടത്രെ പരിഗണന മറ്റു പാര്‍ട്ടികള്‍ നല്‍കില്ല. മാത്രമല്ല, ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പിന്തള്ളപ്പെടുകയും ചെയ്യും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യം ഏകദേശ ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസ് ഈ സഖ്യത്തില്‍ വന്നില്ലെങ്കില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുകയും ബിജെപിക്ക് ഗുണകരമാകുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നു. അങ്ങനെ സംഭവിച്ചാലും കോണ്‍ഗ്രസ് ലക്ഷ്യം പൊളിയും. അവിടെയാണ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രാധാന്യം. മോദിയെ പുകഴ്ത്തിയ പവാര്‍ റാഫേല്‍ ഇടപാടില്‍ മോദിയെ പുകഴ്ത്തി എന്‍സിപി നേതാവ് ശരത് പവാര്‍ സംസാരിച്ചത് കോണ്‍ഗ്രസില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എന്‍സപി കളം മാറുമോ എന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. എന്‍സിപി കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു. എന്‍സിപി മഹാരാഷ്ട്രയില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത ശക്തിയാണ്. അവര്‍ ബിജെപിയെ പിന്തുണച്ച ഘട്ടങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
അഞ്ചിൽ മൂന്നിടത്തും വിജയമുറപ്പിച്ച് കോൺഗ്രസ്
രാജസ്ഥാനിൽ കോൺഗ്രസിന് അഭിമാനപോരാട്ടമാണ്. ബിജെപിയെ തറപറ്റിച്ച് 145 സീറ്റുകൾ നേടി കോൺഗ്രസ് ഇവിടെ അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. ഭരണകക്ഷിയായ ബിജെപി 45 സീറ്റുകളിൽ ഒതുങ്ങും. കോൺഗ്രസിന്റെ വോട്ട് വിഹിതം 47.9 ശതമാനമായി ഉയരുമ്പോൾ ബിജെപിയുടേത് 39.7 ശതമാനമായി കുറയുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.
ഓരോ അഞ്ച് വർഷം കൂടുമ്പോഴും രാഷ്ട്രീയ പാർട്ടികൾ മാറി മാറി ഭരണത്തിലേറുന്ന പാരമ്പര്യമാണ് രാജസ്ഥാന്റേത്. നിലവിലെ മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധെയ്ക്കെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണ്. കാർഷിക മേഖലയെ സർക്കാർ പിന്നോട്ടടിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. രാജസ്ഥാനിൽ കോൺഗ്രസിന് അനായാസ വിജയമാണ് സർവേ പ്രവചിക്കുന്നത്.
15 വർഷമായി ബിജെപി ഭരണത്തിൽ തുടരുന്ന സംസ്ഥാനമായ മധ്യപ്രദേശിലും ഇത്തവണ കോൺഗ്രസ് അനുകൂല കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. 166 എന്ന സീറ്റ് നിലയിൽ നിന്ന് 107 എന്ന നിലയിലേക്ക് ബിജെപിക്ക് ഒതുങ്ങും. 41.5 ശതമാനം വോട്ടുവിഹിതവും നേടും. 116 സീറ്റുമായി കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സി വോട്ടർ പ്രവചനം. മധ്യപ്രദേശിൽ വിജയിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
തെലങ്കാനയിൽ കോൺഗ്രസ്-ടിഡിപി സഖ്യത്തിന് 64 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. തെലങ്കാനയിൽ 94 സീറ്റിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ 14 സീറ്റുകളിൽ ടിഡിപി സ്ഥാനാർത്ഥികളെ നിർത്തും. 3 സീറ്റുകളാണ് സിപിഐക്ക് നൽകിയിരിക്കുന്നത്. ഡിസംബർ 7നാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് .ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സർവ്വേ പ്രവചനം. കോൺഗ്രസിന് 41 സീറ്റുകളും 42.2 ശതമാനം വോട്ടുവിഹിതവും കിട്ടുമ്പോൾ ബിജെപി 43 സീറ്റുകളിൽ വിജയിക്കും. വോട്ട് വിഹിതം 41.6 ശതമാനമാകുമെന്നാണ് പ്രവചനം. മറ്റുള്ളവർ ആറു സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു.മിസോറാമിൽ ആർക്കും കേവല ഭൂരിപക്ഷം നേടാനാവില്ലെന്നാണ് സർവേ പ്രവചനം. മിസോ നാഷണൽ ഫ്രണ്ട് 17 സീറ്റുകളിൽ ലീഡി നേടും. കോൺഗ്രസ് 12 സീറ്റുകളും സോറം പീപ്പിൾസ് മൂവ്മെന്റ് 9 സീറ്റുകളും നേടുമെന്നാണ് സീ വോട്ടർ പ്രവചിക്കുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ പ്രചാരണതന്ത്രങ്ങളുമായി സജീവമാവുകയാണ് രാഷ്ട്രീയ പാർട്ടികൾ. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. കോൺഗ്രസ് ശക്തമായ തിരിച്ചുവരവിന് സാധ്യത പ്രവചിക്കുകയാണ് സി വോട്ടർ അഭിപ്രായ സർവേ. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനം. ദ സെന്റര്‍ ഫോര്‍ വോട്ടിങ് ഒപ്പീനിയന്‍ ആന്റ് ട്രന്റ് ഇന്‍ ഇലക്ഷന്‍ റിസര്‍ച്ച് നവംബര്‍ രണ്ടാം വാരം നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല തരംഗമാണെന്ന് പ്രചവചിക്കുന്നത്. രാജസ്ഥാനിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് പ്രവചനം. ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് സർവേ പ്രവചിക്കുന്നത്.