റോം:ഇറ്റലിയിലെ റോം എയർപോർട്ടിൽ നാല്പതോളം മലയാളികൾ യാത്ര ചെയ്യാനാകാതെ കുടുങ്ങി കിടക്കുന്നു .അവർക്ക് ഇത്യയിലേക്ക് പോകേണ്ട എമിരേറ്റ്സ് ഫ്‌ളൈറ്റ് ഇന്ത്യക്കാരെ കയറ്റുന്നില്ല എന്നാണു മലയാളികൾ അടങ്ങിയവരുടെ ആവലാതി .ചൊവ്വാഴ്ച ഇറ്റലി സമയം ഉച്ചതിരിഞ്ഞ് 3.10നുളള ഫ്ലൈറ്റിൽ (ഇന്ത്യൻ സമയം വൈകിട്ട് 7.40ന്) തിരിക്കാനെത്തിയ നാൽപതോളം മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് എയർപോർട്ടിൽ കുടുങ്ങിയത്. ചെക്ക് ഇന്നിനായി ക്യൂവിൽ നിൽക്കുമ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് ഇവർ പറയുന്നു.
കൊച്ചുകുട്ടികളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ എങ്ങോട്ടാണ് പോകേണ്ടതെന്ന് ഇവർ ചോദിക്കുന്നു. ഇന്ത്യൻ സർക്കാരാണ് യാത്രയ്ക്ക് തടസ്സം നിൽക്കുന്നതെന്നാണ് വിമാനക്കമ്പനി പറയുന്നതെന്നും ഇവർ വിശദീകരിച്ചു. മടങ്ങിയെത്തിയാൽ പതിനാലോ അതിൽകൂടുതലോ ദിവസം പൊതുസ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനോ സ്വയം ക്വാറന്റൈനോ ആർക്കും വിരോധമില്ല. ഈ വിഷയത്തിൽ നടപടി സ്വീകരിക്കാൻ കേരള സർക്കാർ മുൻകൈ എടുക്കണമെന്നും ഇവർ അഭ്യർഥിച്ചു. ‘പ്രളയം വരുമ്പോൾ മാത്രമാണോ ഞങ്ങൾ പ്രവാസികളെ കേരള സർക്കാരിന് ആവശ്യം?’– രോഷാകുലരായി യാത്രക്കാർ പറയുന്നതും വിഡിയോയിൽ വ്യക്തം.
അതേസമയം, ചൊവ്വാഴ്ച മുതൽ ഇറ്റലിയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും ഇന്ത്യയിലെത്തുന്നവർ കോവിഡ്–19 ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച തന്നെ അറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിച്ചു. ഇറ്റലിയിലേയും ദക്ഷിണ കൊറിയയിലേയും അംഗീകൃത ലാബുകളിൽ നിന്ന് ഇത് സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നതെന്നും അവർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ തിങ്കളാഴ്ച ട്വീറ്റും ചെയ്തിരുന്നു. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നവരെ ഇക്കാര്യം വിമാനക്കമ്പനി അറിയിച്ചിരുന്നില്ലെന്നാണ് യാത്രക്കാർ നൽകുന്ന വിവരം.
സുഹൃത്തുക്കളെ, ഞങ്ങൾ ഇറ്റലിയിൽ നിന്നാണ്. വിമാനടിക്കറ്റ് എടുത്തിട്ട് ഞങ്ങൾക്കു കേരളത്തിലേക്ക് കയറാൻ പറ്റുന്നില്ല. ഇന്ത്യൻ സർക്കാർ സമ്മതിക്കുന്നില്ലെന്നാണ് ഇറ്റലിയിലെ സർക്കാർ പറയുന്നത്. ഞങ്ങൾ പിന്നീട് എവിടേയ്ക്കാണ് പോകേണ്ടത്. പ്രവാസികളായ ഞങ്ങൾ എവിടേയ്ക്കാണ് പോകേണ്ടതെന്ന് നിങ്ങൾ ഉത്തരം പറയൂ… ’ എമിറൈറ്റ്സിന്റെ ഇകെ 098 വിമാനത്തിൽ റോമിൽ നിന്ന് ദുബായിലേക്കും കണക്‌ഷൻ ഫ്ലൈറ്റായ ഇകെ 530ൽ ദുബായിൽ നിന്ന് കൊച്ചിയിലേക്കും യാത്ര തിരിക്കാനെത്തിയവരാണ് കൊറോണ ബാധയില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കാതെ ഇന്ത്യയിലേക്ക് തിരിക്കാനാവില്ലെന്ന വിമാനക്കമ്പനി അധികൃതരുടെ നിലപാടിൽ കുടുങ്ങി വിമാനത്താവളത്തിൽ ഒറ്റപ്പെട്ടത്.എന്നാണ് ഇവർ പറയുന്നത് .