തുര്‍ക്കി : 162 യാത്രക്കാരുള്ള വിമാനം റണ്‍വെയില്‍ നിന്ന് തെന്നിയകന്ന് കടലിലേക്കുള്ള പാറക്കെട്ടില്‍ വീണു. വടക്കന്‍ തുര്‍ക്കിയില്‍ ശനിയാഴ്ചയാണ് നടുക്കുന്ന അപകടമുണ്ടായത്. എന്നാല്‍ മുഴുവന്‍ യാത്രക്കാരും യാതൊരു പരിക്കുമേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പെഗാസസ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ട് കടല്‍ക്കരയിലേക്ക് കൂപ്പുകുത്തിയത്. ട്രാബ്‌സണ്‍ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. ലാന്‍ഡിങ്ങിനിടെ റണ്‍വെയില്‍ നിന്ന് തെന്നിയകന്ന വ്യോമവാഹനം പാറക്കെട്ടിനിടയിലേക്ക് പതിച്ചു. പക്ഷേ ഭാഗ്യവശാല്‍ ചളിയില്‍ ചക്രങ്ങള്‍ ആഴ്ന്നുപോയതിനാല്‍ വിമാനം കടലിലേക്ക് വീണില്ല. പാറക്കെട്ടില്‍ വിമാനം തങ്ങിനിന്നതാണ് വന്‍ ദുരന്തമൊഴിവാക്കിയത്. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നിന്നാണ് വിമാനമെത്തിയത്. കറുത്ത കടലിന്റെ തീരത്താണ് വിമാനത്താവളം. അപകടത്തില്‍പ്പെട്ടയുടന്‍ തന്നെ യാത്രക്കാരെയും 2 പൈലറ്റുമാരുള്‍പ്പെടെയുള്ള ക്യാബിന്‍ ക്ര്യൂ ജീവനക്കാരെയും വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു. അതേസമയം വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നത് ആശങ്ക പരത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിലൂടെ പെട്ടെന്ന് ശമിപ്പിക്കാനായി. അപകട കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. വിമാനം തെന്നിയ സമയത്ത് ആളുകള്‍ ആര്‍ത്തുകരയുകയായിരുന്നുവെന്ന് യാത്രക്കാര്‍ വെളിപ്പെടുത്തി.
162 യാത്രക്കാരുള്ള വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി കടലിലേക്കുള്ള പാറക്കെട്ടില്‍ കൂപ്പുകുത്തി
Tags: flight